തിരുവനന്തപുരം
പുനഃസംഘടനയ്ക്കുള്ള പാനൽ മുഴുവൻ കിട്ടിയെന്ന് സുധാകരൻ അവകാശപ്പെടുമ്പോഴും അറിയില്ലെന്ന് കൈമലർത്തി പ്രത്യേക സമിതി. കഴിഞ്ഞദിവസം ചേർന്ന പ്രത്യേക സമിതിയോഗം പട്ടിക ലഭിക്കാതെ പിരിഞ്ഞു. മാനദണ്ഡങ്ങൾ മാറ്റാതെ പട്ടിക നൽകില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. എല്ലാവരെയും പരിഗണിക്കാൻ നേതൃത്വം തയ്യാറാകണമെന്നും ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി നൽകിയ അവസാന തീയതി കഴിഞ്ഞ് രണ്ടുമാസമായിട്ടും പട്ടിക നൽകാൻ തയ്യാറാകാത്തത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. ജില്ലകളിലെ ഭാരവാഹികളെ കണ്ടെത്താൻ നിയോഗിച്ച കമ്മിറ്റികൾ ഇനിയും യോജിപ്പിൽ എത്തിയിട്ടില്ല. ഡിസിസി ഭാരവാഹികളെ തീരുമാനിച്ചുകഴിഞ്ഞാൽ എക്‌സിക്യൂട്ടീവിനെയും ഡിസിസി അംഗങ്ങളെയും ബ്ലോക്ക് ഭാരവാഹികളെയുമാണ് നോമിനേറ്റ് ചെയ്യേണ്ടത്. ജില്ലാതല സമിതികൾക്കായിരുന്നു ഈ അധികാരം.
പരാതി കൂടിയതോടെയാണ് അന്തിമ തീരുമാനം കെപിസിസി ഏറ്റെടുത്തത്. എന്നിട്ടും തീരുമാനം വൈകുന്നതാണ് നേതാക്കൾ അസംതൃപ്‌തരാക്കുന്നത്. ഒരുവർഷമായ ഭാരവാഹികളെ മാറ്റുന്നതിനെതിരെയും എ, ഐ ഗ്രൂപ്പുകൾ പ്രതിഷേധത്തിലാണ്. സുധാകരന്റെ അനുയായികളെ തിരുകിക്കയറ്റാനാണിതെന്നാണ് ഇവരുടെ ആരോപണം.
രാഷ്‌ട്രീയകാര്യ സമിതി ദുർബലമാക്കരുത്
കോൺഗ്രസിന്റെ സാഹചര്യം നോക്കാതെയുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നിലപാടുകൾക്കെതിരെ രാഷ്‌ട്രീയകാര്യസമിതിയിൽ രൂക്ഷ വിമർശം. ജനപിന്തുണയുടെ കാര്യത്തിലും സംഘടനാപരമായും ദുർബലമായ അവസ്ഥയിൽ കൂടുതൽ കുഴപ്പത്തിലാക്കുന്ന നിലപാട് എടുക്കുന്നുവെന്നതാണ് പ്രധാനപരാതി.
കെ സി ജോസഫ് നൽകിയ കത്ത് ഗൗരവത്തോടെ കാണാതെ സുധാകരൻ പരിഹസിച്ചത് ശരിയായില്ലെന്നാണ് വിലയിരുത്തൽ. കത്ത് അപക്വമായിരുന്നുവെന്ന് പറഞ്ഞ സുധാകരൻതന്നെ രാഷ്‌ട്രീയകാര്യ സമിതിയിൽ അത് തിരുത്തി. ക്രൈസ്തവ സമൂഹത്തിനുള്ള അതൃപ്തി പരിഹരിക്കാൻ അടിയന്തര ഇടപെടലിനും തീരുമാനമുണ്ടായി. മധ്യകേരളത്തിലെ കൊഴിഞ്ഞുപോക്ക് തടയണമെന്നും നേതാക്കൾ പറഞ്ഞു.
പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബുജോർജ് ഏറെക്കാലം വിമർശമുയർത്തുകയും നിർജീവമായി നിന്നിട്ടും പ്രശ്നപരിഹാരത്തിന് നേതൃത്വം ഇടപെടാത്തത് വീഴ്ചയായെന്ന് എ വിഭാഗം ആരോപിച്ചു. കെപിസിസി നടത്തിയ, വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷിക പരിപാടിയുടെ സംഘാടന പിഴവുകളും ചർച്ചയായി. പ്രസംഗിക്കാൻ അനുവദിക്കാതെ അപമാനിതനായ കെ മുരളീധരനാണ് പ്രശ്നം എടുത്തിട്ടത്. ഇത്തരം പരിപാടികളിൽ മാനദണ്ഡം നിശ്ചയിച്ചാൽ നീതിപൂർവം നടപ്പാക്കണം. പ്രചാരണ വിഭാഗ ചുമതലയുള്ള തന്റെ അസാന്നിധ്യത്തിൽ പരിപാടികൾ തീരുമാനിച്ചത് ശരിയായില്ല. പഴകുളം മധുവിന്റെ വിമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സുധാകരനുൾപ്പെടെ നേതാക്കൾ നിലപാട് എടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ