തിരുവനന്തപുരം
വിവിധ തൊഴിൽ മേഖലയിൽ 30 വിഭാഗം തൊഴിലാളികളുടെ മിനിമം വേതനം സർക്കാർ പുതുക്കും. ശുപാർശ സമർപ്പിക്കാൻ മൂന്ന് ഉപസമിതിയെ നിയോഗിച്ചു.മൂന്നു ഭാഗമായി തിരിച്ചാണ് വേതന പരിഷ്കരണം പഠിക്കുക. മുൻമന്ത്രി എ കെ ബാലൻ മൂന്ന് ഉപസമിതിയുടെയും ചെയർമാനാകും. ആറുമാസത്തിൽ റിപ്പോർട്ട് നൽകണം.
ആദ്യ ഉപസമിതി വിമാനത്താവളം, സ്ക്രീൻ പ്രിന്റിങ്, മരം കയറ്റം, സ്വർണം, വെള്ളി ആഭരണനിർമാണം, കടകളും വാണിജ്യ സ്ഥാപനങ്ങളും, ഇതിന്റെ ഭാഗമായ കൊറിയർ സർവീസ്, ഡിടിപി സെന്റർ, ഇന്റർനെറ്റ് കഫേ, ടെലിഫോൺ ബൂത്ത്, കാറ്ററിങ് സർവീസും ഹൗസ് ബോട്ട് സർവീസും, പ്രിന്റിങ് പ്രസ്, ചെമ്മീൻ പീലിങ്, മീൻ സംസ്കരിച്ച് ടിന്നിലാക്കൽ, കടൽ ഭക്ഷ്യവിഭവങ്ങൾ ശീതീകരിച്ച് കയറ്റുമതി ചെയ്യൽ, കടലാസ് നിർമാണവ്യവസായം, ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും തുടങ്ങിയ മേഖലകൾ പരിഗണിക്കും. ആനത്തലവട്ടം ആനന്ദൻ, കെ പി രാജേന്ദ്രൻ, പി ആർ മുരളീധരൻ, വി ജെ ജോസഫ്, തോമസ് ജോസഫ്, ടി ആർ രഘുനാഥൻ എന്നിവരാണ് തൊഴിലാളി പ്രതിനിധികൾ.
രണ്ടാം ഉപസമിതി ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫീസ്, വസ്ത്രനിർമാണം, ചെറുകിട തോട്ടംവ്യവസായം, കൊപ്രയ്ക്കായി തേങ്ങ ഉണക്കൽ, ആയുർവേദ, അലോപ്പതി മരുന്നുനിർമാണം, ബീഡിയും സിഗാറും, ചെറുകിട വാഹനങ്ങൾ, കുരുമുളകും കാപ്പിപ്പൊടിയും ഉൾപ്പെടെ മലയോര ഉൽപ്പന്നവ്യവസായം തുടങ്ങിയ മേഖലകൾ പരിഗണിക്കും. എം ഹംസ, കെ കെ ഇബ്രാഹീംകുട്ടി, ജെ ഉദയഭാനു, എം റഹ്മത്തുള്ള, സി ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ തൊഴിലാളികളെ പ്രതിനിധാനംചെയ്യും.
റബർ ഷീറ്റ് വ്യവസായം, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹനം, ചൂരൽ, മുള വ്യവസായം, കാർഷിക, കാർഷികാനുബന്ധ രംഗം, ചെരുപ്പ് നിർമാണം, സെക്യൂരിറ്റി സർവീസ്, ഗാർഹിക തൊഴിൽ, ഐസ് ഫാക്ടറി മേഖലകൾ മൂന്നാം ഉപസമിതി പരിഗണിക്കും.
സി എസ് സുജാത, സുധാകരൻ കുന്നത്തുള്ളി, അഡ്വ. വി മോഹൻദാസ്, എം കെ കണ്ണൻ, ജോസ് പുത്തേറ്റ് എന്നിവരാണ് തൊഴിലാളി പ്രതിനിധികൾ.