ബംഗളൂരു> ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനും മതേതര ഐക്യം ഉറപ്പിക്കാനും ലക്ഷ്യമിട്ട് കർണാടകത്തിൽ സിപിഐ എം ഇത്തവണ മത്സരിക്കുന്നത് നാലിടത്ത് മാത്രം. കഴിഞ്ഞതവണ 19 സീറ്റിൽ മത്സരിച്ചിരുന്നു. മുന്നണിയായിട്ടല്ലെങ്കിലും വിജയസാധ്യതയുള്ള മൂന്നിടത്ത് സിപിഐ എമ്മിനെ ജനതാദൾ എസ് പിന്തുണയ്‌ക്കുന്നുണ്ട്.
സിപിഐ എം മൂന്നുതവണ ജയിച്ച, ചിക്കബല്ലാപുർ ബാഗേപ്പള്ളിയിൽ ഉൾപ്പെടെയാണ് ജനതാദൾ പിന്തുണ. ജില്ലാ സെക്രട്ടറിയറ്റംഗവും ജനകീയ ഡോക്ടറുമായ ഡോ. എ അനിൽകുമാറാണ് ഇവിടെ പാർടി സ്ഥാനാർഥി. സംവരണ സീറ്റായ കലബുർഗി റൂറലിലും ജെഡിഎസ് പിന്തുണയുണ്ട്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും താലൂക്ക് സെക്രട്ടറിയുമായ പാണ്ഡുരംഗ മാവിൻകറാണ് സ്ഥാനാർഥി. ബംഗളൂരുവിനടുത്ത് കെ ആർ പുരയാണ് ജനതാദൾ പിന്തുണയ്ക്കുന്ന മൂന്നാമത്തെ മണ്ഡലം. സിഐടിയു നേതാവും പാർടി സോണൽ കമ്മിറ്റിയംഗവുമായ നഞ്ചെ ഗൗഡ മത്സരിക്കുന്നു. കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ ബി എ ബസവരാജാണ് ഇവിടെ സിറ്റിങ് എംഎൽഎ. 2008 വരെ വരത്തൂർ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. സിപിഐ എം മുൻ കർണാടക സംസ്ഥാന സെക്രട്ടറി എസ് സൂര്യ നാരായണ റാവു ജയിച്ചിരുന്നു.
സ്വർണഖനികളുടെ നാടായ കോലാറിലെ കെജിഎഫ് മണ്ഡലത്തിൽ ജില്ലാ കമ്മിറ്റിയംഗം പി തങ്കരാജാണ് സ്ഥാനാർഥി. 1951 മുതൽ 62 വരെ കമ്യൂണിസ്‌റ്റ് പാർടി വിജയിച്ച മണ്ഡലമാണ്. 1985ൽ സിപിഐ എമ്മിലെ ടി എസ് മണി വിജയിച്ചു. നിലവിൽ കോൺഗ്രസ് സിറ്റിങ് സീറ്റാണ്.
ജെഡിഎസ് ഇത്തവണ ഒരിടത്ത് കോൺഗ്രസിനെയും മൂന്നിടത്ത് റിപ്പബ്ലിക്കൻ പാർടിയെയും പിന്തുണയ്‌ക്കുന്നു. ത്രികോണ മത്സരത്തിലൂടെ ബിജെപി വിജയിക്കുന്നത് ഒഴിവാക്കാനാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ