കൊച്ചി
കേരള ബ്ലാസ്‌റ്റേഴ്‌സ് നിറംകെട്ടു. പ്രതീക്ഷനൽകിയ തുടക്കത്തിനുശേഷം ബ്ലാസ്‌റ്റേഴ്‌സ് തുടർച്ചയായ മൂന്നാംതോൽവിയും വഴങ്ങി. ഐഎസ്‌എൽ ഫുട്‌ബോളിൽ മുംബൈ സിറ്റി എഫ്‌സിയോട് രണ്ട് ഗോളിനാണ് പതനം. കൊച്ചിയിൽ തുടർച്ചയായ രണ്ടാംതോൽവി. പ്രതിരോധക്കാരൻ മെഹ്‌താബ് സിങ്ങിന്റെയും മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം ജോർജ് പെരേര ഡയസിന്‌റെയും ഗോളിലാണ് മുംബൈ ജയം. രണ്ടാംജയത്തോടെ അവർ രണ്ടാമതെത്തി. ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാംപടിയിൽ തുടർന്നു. ഒഡിഷയ്‌ക്കെതിരെ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളായിരുന്നു. ഇവാൻ കലിയുഷ്‌നിക്കുപകരം കെ പി രാഹുലും റുയ്‌വാ ഹോർമിപാമിനുപകരം വിക്ടർ മോൻഗിലും കളത്തിലെത്തി.
കളിയുടെ തുടക്കംതന്നെ മുംബൈയുടെ കാലുകളിലായി. ബിപിൻ സിങ്–-സ്‌റ്റുവർട്ട്–-ജോർജ് ഡയസ് സഖ്യം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധമേഖലയിൽ തമ്പടിച്ചു. എന്നാൽ, ആദ്യനിമിഷങ്ങളിൽ ബോക്‌സിലേക്ക് കയറ്റാതെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാത്തു. ഡയമന്റാകോസിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യനീക്കം. ഇടതുവശത്ത് പന്തുമായി കുതിച്ച ഡയമന്റാകോസിന് കൃത്യമായി ക്രോസ് തൊടുക്കാനായില്ല. വലതുവശത്ത് രാഹുൽ രണ്ടുതവണ നല്ല നീക്കങ്ങൾ നടത്തി.
കളി പുരോഗമിക്കുംതോറും മുംബൈ നിയന്ത്രണം വ്യക്തമായി. അരമണിക്കൂർ തികയുംമുമ്പെ അവർ ലീഡും നേടി. പ്രത്യാക്രമണത്തിൽനിന്നായിരുന്നു തുടക്കം. ലല്ലിയൻസുവാല ചങ്‌തെയുടെ ഒന്നാന്തരം കുതിപ്പ് ബോക്‌സിൽ കർണെയ്‌റോ ആയാസപ്പെട്ട് തടഞ്ഞു. പന്ത് കർണെയ്‌റോയുടെ കാലുകൾക്കിടയിലൂടെ പുറത്തേക്ക്. അപകടം അവിടെ അവസാനിച്ചില്ല. അഹമ്മദ് ജഹുവിന്റെ കോർണർകിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോൾമുഖത്തേക്ക്. പ്രതിരോധിക്കുന്നതിൽ ഖബ്രയും ഡയമന്റാകോസും തമ്മിൽ ആശയക്കുഴപ്പം. ഇതിനിടെ ഖബ്ര പന്തിൽ തലവച്ചു. ദുർബലമായിരുന്നു ആ ശ്രമം. പന്ത് കൃത്യമായി മെഹ്‌താബിന്റെ കാലിൽ. മെഹ്‌താബിന്റെ ഷോട്ട് വല തുളച്ചു.
പത്ത് മിനിറ്റിനുശേഷം രണ്ടാംഗോളും വീണു. പ്രതിരോധത്തിന്റെ നിലവിട്ട കളിയിലാണ് ഈ ഗോൾ. ബോക്‌സിനുമുന്നിലെ മുംബൈയുടെ ആക്രമണപദ്ധതി മനസ്സിലാക്കാൻ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് കഴിഞ്ഞില്ല. ബിപിൻ സിങ്ങും സ്‌റ്റുവർട്ടും ഒരുക്കിയ തന്ത്രം മനസ്സിലാക്കാതെ മുന്നിലേക്ക് ഓടിക്കയറിയ ലെസ്‌കോവിച്ചിനും കൂട്ടർക്കും പിഴച്ചു. സ്‌റ്റുവർട്ട്, ഡയസിലേക്ക്. തടയാനുള്ള ലെസ്‌കോവിച്ചിന്റെ ദുർബലശ്രമം. മുംബൈ മുന്നേറ്റക്കാർക്ക് മുന്നിൽ ഗോളിമാത്രം. മുൻ ബ്ലാസ്‌റ്റേഴ്‌സ് താരംകൂടിയായ ഡയസിന് കാര്യങ്ങൾ എളുപ്പമായി.
ബ്ലാസ്‌റ്റേഴ്‌സ് ഇടവേളയ്‌ക്കുമുമ്പ് ചില ശ്രമങ്ങൾ നടത്തി. ലൂണയുടെ ഫ്രീകിക്കും രാഹുലിന്റെ മികച്ചൊരു ഷോട്ടും ഗോൾ കീപ്പർ ലാച്ചെൻപ തടഞ്ഞു. രണ്ടാംപകുതിയുടെ തുടക്കം ബ്ലാസ്‌റ്റേഴ്‌സ് അൽപ്പമെങ്കിലും ഒത്തിണക്കംകാട്ടി. ചില നീക്കങ്ങൾ മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചു. ഡയമന്റാകോസിന്റെ നിലംപറ്റിയുടെ ഷോട്ട് ഗോൾ കീപ്പർ കുത്തിയകറ്റി. പന്തിൽ നിയന്ത്രണം നിലനിർത്തിയെങ്കിലും ലക്ഷ്യത്തിലേക്കുള്ള അവസാന ഷോട്ടുകളിൽ മുന്നേറ്റം അറച്ചുനിന്നു. പിന്നാലെ കളിയൊഴുക്കിന്റെ വേഗം കുറയ്ക്കാൻ മുംബൈ ശ്രമിച്ചുതുടങ്ങി.
ഇതിനിടെ മോൻഗിലിനെ പിൻവലിച്ച് ഇവാൻ കലിയുഷ്‌നിയെ കളത്തിലിറക്കി. സഹലിനുപകരം ഹോർമിപാമുമെത്തി. ബ്ലാസ്‌റ്റേഴ്‌സ് ഒരിക്കൽക്കൂടി മുംബൈ ഗോൾമുഖം ആക്രമിച്ചു. ലൂണയുടെ മനോഹരശ്രമം പോസ്‌റ്റിൽത്തട്ടി വീണു. പിന്നാലെ രാഹുലിന്റെ ഷോട്ട് വലയുരുമ്മി പറന്നു.
അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങളെല്ലാം പാതിയിൽ നിലച്ചു. മുംബൈ പ്രതിരോധത്തെക്കടന്ന് മുന്നേറാനുള്ള കരുത്തും ഊർജവും ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടപ്പെട്ടിരുന്നു. നവംബർ അഞ്ചിന് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
പാളുന്ന പ്രതിരോധം
തുടർച്ചയായ മൂന്നാംകളിയിലും ബ്ലാസ്‌റ്റേഴ്‌സിനെ ഉലച്ചത് പ്രതിരോധപ്പിഴവുകൾ. കളിയുടെ ആദ്യഘട്ടത്തിൽത്തന്നെ മാർകോ ലെസ്‌കോവിച്ചും വിക്ടർ മോൻഗിലും നിരന്ന പ്രതിരോധഹൃദയം ഇടറാൻ തുടങ്ങി. ഇരുവരും തമ്മിലുള്ള ഒത്തിണക്കമില്ലായ്‌മ കളിയുടെ ഒഴുക്കിനെ സാരമായി ബാധിച്ചു. പാസുകൾ പലതും എതിരാളികളുടെ കാലിൽ കുരുങ്ങി. ഹർമൻജോത് ഖബ്രയും കർണെയ്‌റോയും മുംബൈ വിങ്ങർമാരുടെ വേഗതയ്‌ക്കൊപ്പമെത്താതെ വിഷമിച്ചു.
അനുഭവസമ്പന്നനായ ലെസ്‌കോവിച്ച് ഈ സീസണിൽ ഏറെ നിരാശപ്പെടുത്തി. മുൻ മത്സരങ്ങളിലും ലെസ്‌കോവിച്ചിന്റെ പിഴവുകൾ ബ്ലാസ്റ്റേഴ്‌സിനെ ബാധിച്ചിരുന്നു. മുംബൈക്കെതിരെ അവരുടെ രണ്ടാംഗോളിന് കാരണമായതും ക്രൊയേഷ്യക്കാരന്റെ പിഴവാണ്. മോൻഗിലിനെ രണ്ടാംപകുതിയുടെ തുടക്കത്തിൽ പിൻലിക്കുകയും ചെയ്‌തു. ഈ സീസണിൽ ആദ്യമായാണ് സ്‌പാനിഷ് താരം ആദ്യ പതിനൊന്നിൽ ഉൾപ്പെടുന്നത്. സീസണിൽ നാല് കളിയിൽ 10 ഗോളാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ