ബംഗളൂരു
ആറ് പന്തിൽ 20 റൺ. പൊരുതിക്കയറാൻ അഞ്ചുപേർ ബാക്കി. പക്ഷെ, രാജസ്ഥാൻ റോയൽസിന് സാധ്യമായില്ല. ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് റൺ ജയം.
സ്‌കോർ: ബാംഗ്ലൂർ 9–-189, രാജസ്ഥാൻ 6–-182
ബാംഗ്ലൂരിനായി അവസാന ഓവർ എറിഞ്ഞത് പേസർ ഹർഷൽ പട്ടേലാണ്. രാജസ്ഥാനുവേണ്ടി ആർ അശ്വിനും ധ്രുവ് ജുറലും ക്രീസിൽ. ആദ്യ പന്ത് ബൗണ്ടറി കടത്തി അശ്വിൻ പ്രതീക്ഷ ഉയർത്തി. രണ്ടാംപന്തിൽ രണ്ട് റൺ. മൂന്നാംപന്തിൽ വീണ്ടും ഫോർ. മൂന്ന് പന്തിൽ 10 റൺ നേടി രാജസ്ഥാൻ ജയിക്കുമെന്ന് കരുതിയതാണ്. നാലാംപന്ത് ഉയർത്തിയടിച്ച അശ്വിനെ (6 പന്തിൽ 12) പ്രഭുദേശായ് പിടികൂടി. അടുത്ത ഊഴം മലയാളിയായ അബ്‌ദുൽ ബാസിതിനായിരുന്നു. സ്വാധീനതാരമായെത്തിയ ബാസിതിന് ലക്ഷ്യം നേടാനായില്ല. ഒറ്റ റൺ. അതോടെ തീർന്നു. അവസാന പന്തിൽ ഒരു റൺകൂടി ചേർത്ത് ജുറൽ ബാറ്റ് താഴ്‌ത്തി. 16 പന്തിൽ ജുറലിന്റെ സമ്പാദ്യം 34 റൺ. അതിൽ രണ്ടുവീതം ഫോറും സിക്‌സറുമുണ്ടായിരുന്നു.
ഓപ്പണർ ജോസ് ബട്‌ലറെ റണ്ണെടുക്കുംമുമ്പ് മടക്കി മുഹമ്മദ് സിറാജ് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നൽകിയത്. യശസ്വി ജയ്‌സ്വാളും ദേവ്‌ദത്ത് പടിക്കലും ചേർന്ന് രാജസ്ഥാനെ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും രണ്ടാംവിക്കറ്റിൽ 98 റണ്ണടിച്ചു. ഫോം കണ്ടെത്തിയ പടിക്കൽ 34 പന്തിൽ 52 റൺ നേടി. ഏഴ് ഫോറും ഒരു സിക്‌സറും അതിൽ ഉൾപ്പെട്ടു. ജയ്‌സ്വാൾ 37 പന്തിൽ 47 റൺ കണ്ടെത്തി. നാല് ഫോറും രണ്ട് സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ 15 പന്തിൽ 22 റണ്ണുമായി മടങ്ങിയത് തിരിച്ചടിയായി. രണ്ട് ഫോറും ഒരു സിക്‌സറും അടിച്ച സഞ്‌ജുവിനെ ഹർഷൽ പട്ടേലിന്റെ പന്തിൽ ഷഹബാസ് അഹമ്മദ് പിടിച്ചു. വിൻഡീസ് താരമായ ഷിമ്രൺ ഹെറ്റ്‌മെയർ (9 പന്തിൽ 3) വേഗം പുറത്തായതും രാജസ്ഥാന്റെ സാധ്യതയ്‌ക്ക് മങ്ങലേൽപ്പിച്ചു. ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് സിറാജിനും ഡേവിഡ് വില്ലിക്കും ഓരോ വിക്കറ്റുണ്ട്.
ഗ്ലെൻ മാക്‌സ്‌വെലും ഫാഫ് ഡുപ്ലെസിസും ചേർന്നെടുത്ത 127 റണ്ണാണ് ബാംഗ്ലൂരിന് മികച്ച സ്‌കോറൊരുക്കിയത്. 12 റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്‌ടമായശേഷമാണ് ഈ കൂട്ടുകട്ട്. വിരാട് കോഹ്‌ലി ട്രെന്റ് ബോൾട്ടിന്റെ ആദ്യപന്തിൽ വിക്കറ്റിനുമുന്നിൽ കുടുങ്ങി. പിന്നാലെ ഷഹ്‌ബാസ് അഹമ്മദും (2) പുറത്തായി. കളിയിലെ താരമായ മാക്‌സ്‌വെൽ 44 പന്തിൽ 77 റൺ നേടി. നാല് സിക്‌സറടിച്ച മാക്‌സ്‌വെൽ ആറ് ഫോറുമടിച്ചു. 39 പന്തിൽ 62 റണ്ണാണ് ഡുപ്ലെസിസ് നേടിയത്. അതിൽ എട്ട് ഫോറുണ്ട്. രണ്ട് സിക്‌സറും.
അവസാന അഞ്ച് ഓവറിൽ 30 റൺ നേടാനേ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റും നഷ്‌ടമായതോടെ പ്രതീക്ഷിച്ച 200 കടന്നില്ല. രാജസ്ഥാനുവേണ്ടി ബോൾട്ടും സന്ദീപ് ശർമയും രണ്ട് വിക്കറ്റ്‌വീതം വീഴ്‌ത്തി. ആർ അശ്വിനും യുശ്‌വേന്ദ്ര ചഹാലും ഓരോന്നും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ