ഹൈദരാബാദ്
ഡൽഹി ക്യാപിറ്റൽസ് തെളിയുന്നു. ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് റണ്ണിന് കീഴടക്കി രണ്ടാംജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 144 റണ്ണാണ് നേടിയത്. സ്പിന്നർമാരുടെ മികവിൽ ഹൈദരാബാദിനെ ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റണ്ണിൽ ഒതുക്കിയാണ് വിജയം.
അക്സർ പട്ടേലും കുൽദീപ് യാദവുമാണ് ഹൈദരാബാദിനെ പൂട്ടിയത്. അവസാന ഓവറിൽ പേസർ മുകേഷ് കുമാറിന്റെ കൃത്യമുള്ള പന്തേറിൽ ഹൈദരാബാദ് തീർന്നു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 13 റണ്ണായിരുന്നു. വാഷിങ്ടൺ സുന്ദറും മാർകോ ജാൻസനുമായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ സുന്ദർ രണ്ട് റണ്ണെടുത്തു. രണ്ടാംപന്തിൽ റണ്ണില്ല. മൂന്നും നാലും പന്തിൽ ഓരോ റൺ. രണ്ട് പന്തിൽ ജയിക്കാൻ ഒമ്പത് റൺ. അഞ്ചാംപന്ത് ഒറ്റ റണ്ണിൽ അവസാനിപ്പിക്കേണ്ടിവന്നു. അതോടെ ഡൽഹി വിജയമുറപ്പിച്ചു. അവസാന പന്തിൽ റണ്ണെടുക്കാനായില്ല. മുകേഷ് കുമാർ വിട്ടുകൊടുത്തത് അഞ്ച് റൺ. സുന്ദർ 15 പന്തിൽ 24 റണ്ണുമായി പുറത്തായില്ല. ജാൻസൻ രണ്ട് റണ്ണിൽ കാഴ്ചക്കാരനായി.
അക്സർ പട്ടേൽ നാല് ഓവറിൽ 21 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മായങ്ക് അഗർവാളിനെയും (49) ക്യാപ്റ്റൻ എയ്ദൻ മാർക്രത്തെയും (3) മടക്കി. കുൽദീപ് യാദവ് 22 റൺ നൽകിയാണ് ഒരു വിക്കറ്റെടുത്തത്. ആൻറിച്ച് നോർത്യേയ്ക്ക് രണ്ടും ഇശാന്ത് ശർമയ്ക്ക് ഒരു വിക്കറ്റുമുണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ടാംഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 62 റണ്ണെന്ന നിലയിലായിരുന്നു. ആറാംവിക്കറ്റിൽ മനീഷ് പാണ്ഡെയും അക്സർ പട്ടേലും നേടിയ 69 റണ്ണാണ് സ്കോർ 100 കടത്തിയത്. പാണ്ഡെ 27 പന്തിൽ 34 റൺ നേടി. അക്സർ 34 പന്തിൽ അത്രയും റണ്ണെടുത്തു. മിച്ചൽ മാർഷ് 15 പന്തിൽ 25 റൺ നേടി.
ക്യാപ്റ്റൻ ഡേവിഡ് വാർണറും (21) സർഫറാസ്ഖാനും (10) അമൻ ഹക്കീമും (4) ഓപ്പണർ ഫിലിപ്സ് സാൾട്ടും (0) റിപാൽ പട്ടേലും (5) മങ്ങി. വാഷിങ്ടൺ സുന്ദർ നാല് ഓവറിൽ 28 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വർ രണ്ട് വിക്കറ്റിന് വിട്ടുകൊടുത്തത് 11 റൺ. ടി നടരാജന് ഒരു വിക്കറ്റുണ്ട്.