കൊല്ലം > അഷ്ടമുടിക്കായലിൽ അനധികൃത സർവീസ് നടത്തുന്ന ബോട്ടുകളെത്തേടി തുറമുഖ വകുപ്പിന്റെ പരിശോധന. അഴീക്കലിൽ ലൈസൻസ് ഇല്ലാതെ സർവീസ് നടത്തിയ ബോട്ട് പിടികൂടി. സാമ്പ്രാണിക്കോടിയിൽ കൊല്ലം പോർട്ട് ഓഫീസർ ഹരിവാര്യരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പരിശോധിച്ച 12 ബോട്ടും നിയമാനുസൃതമാണ് സർവീസ് നടത്തുന്നതെന്ന് കണ്ടെത്തി. താനൂർ സംഭവത്തിന്റെ പഷ്ചാത്തലത്തിൽ അനധികൃത ബോട്ടുകൾ രംഗത്തിറക്കിയിരുന്നില്ല. സാമ്പ്രാണിക്കോടി ബോട്ട് ജെട്ടിയിൽനിന്ന് അനധികൃത ബോട്ടുകൾ സർവീസ് നടത്തുന്നില്ലെന്ന് ഡിടിപിസി അധികൃതർ അറിയിച്ചതായി പോർട്ട് ഓഫീസർ പറഞ്ഞു. എന്നാൽ, അഷ്ടമുടിക്കായലിൽ യന്ത്രം ഉപയോഗിച്ച് സർവീസ് നടത്തുന്ന വള്ളങ്ങൾ കണ്ടെത്തി. ഇവയ്ക്കെതിരെ നടപടിക്കായി കനാൽ വകുപ്പിന് കത്തെഴുതിയ തുറമുഖ വകുപ്പ് കത്തിന്റെ പകർപ്പ് ജില്ലാ കലക്ടർക്കും നൽകി.
രജിസ്ട്രേഷൻ, സർവേ, ഫയർ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ബോട്ട് ഓടിക്കുന്നതിനുള്ള ലൈസൻസ് എന്നിവയാണ് ബോട്ട് സർവീസിന് വേണ്ടത്. എന്നാൽ, ഡിടിപിസി അനുമതിയുള്ള ബോട്ടിൽ ഉൾപ്പെടെ ലൈഫ് ജാക്കറ്റ് കുറവാണ്. ജാക്കറ്റ് നൽകിയാലും അവ ഉപയോഗിക്കാൻ യാത്രക്കാർ തയ്യാറാകാത്തതും പ്രശ്നമാണ്. നിയമം ലംഘിച്ച് ജില്ലയിലെ ജലാശയങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യവള്ളങ്ങൾ ഏറെയാണ്. വള്ളങ്ങൾക്ക് മേൽമൂടി സ്ഥാപിക്കുന്നത് കാറ്റുപിടിക്കുന്നതിനും അപകടത്തിൽപ്പെടുന്നതിനും കാരണമാകും. ലൈസൻസ് പുതുക്കാൻ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കുന്ന വള്ളത്തിന്റെ ഫോട്ടോയിൽ മേൽമൂടി ഉണ്ടാകില്ല, കായലിൽ സർവീസ് നടത്തുന്നത് മേൽമൂടിയുള്ള വള്ളവുമാകും. ഇങ്ങനെ നിയമം ലംഘിച്ചും യാത്രക്കാരെ കുത്തിനിറച്ചും ശാസ്താംകോട്ട ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കൊല്ലം കനാൽ ഓഫീസാണ് ടൂറിസം വള്ളങ്ങളുടെ സർവീസ് നടത്താൻ സ്വകാര്യ വ്യക്തികൾക്ക് അനുമതി കൊടുത്തിട്ടുള്ളത്. ഏഴുപേർക്ക് കയറാവുന്ന വള്ളങ്ങളിൽ അവധി ദിവസങ്ങളിൽ കൂടുതൽ പേരെ കയറ്റുന്നുണ്ട്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നൽകുന്നതും പേരിനുവേണ്ടി മാത്രം.
Facebook Comments Box