കൊൽക്കത്ത
പന്തിൽ വിസ്‌മയം തീർത്ത് സ്‌പിന്നർ യുശ്‌വേന്ദ്ര ചഹാൽ. ബാറ്റിൽ വിരുന്നൊരുക്കി ഓപ്പണർ യശസ്വി ജയ്‌സ്വാൾ. ഐപിഎൽ ക്രിക്കറ്റിൽ അനിവാര്യമായ വിജയം രാജസ്ഥാൻ റോയൽസിന് സ്വന്തം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒമ്പത് വിക്കറ്റിന് തകർത്തു. 6.5 ഓവർ ബാക്കിയിരിക്കെ നേടിയ തകർപ്പൻ ജയത്തോടെ പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു.
സ്‌കോർ: കൊൽക്കത്ത 8–-149, രാജസ്ഥാൻ 1–-151 (13.1)
അതിവേഗ അർധ സെഞ്ചുറി നേടിയ ജയ്‌സ്വാൾ 47 പന്തിൽ 98 റണ്ണുമായി പുറത്താകാതെനിന്നു. 29 പന്തിൽ 48 റണ്ണുമായി ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ കൂട്ടായി. ഓപ്പണർ ജോസ് ബട്‌ലർ റണ്ണെടുക്കുംമുമ്പ് റണ്ണൗട്ടായി. മൂന്നാമത്തെ അർധ സെഞ്ചുറി നേടിയ ജയ്‌സ്വാൾ 13 ഫോറും അഞ്ച് സിക്‌സറും പറത്തി. സഞ്‌ജു അഞ്ച് സിക്‌സറും രണ്ട് ഫോറും കണ്ടെത്തി. ജയത്തിൽകുറഞ്ഞതൊന്നും ഗുണകരമാകാതിരുന്ന മത്സരത്തിൽ രാജസ്ഥാൻ ബൗളർമാരാണ് കൊൽക്കത്തയെ തളച്ചത്. നാല് ഓവറിൽ 25 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത ചഹാലാണ് അതിൽ പ്രധാനി. പേസർ ട്രെന്റ് ബോൾട്ടിന് രണ്ട് വിക്കറ്റുണ്ട്. മലയാളി പേസർ കെ എം ആസിഫും സന്ദീപ് ശർമയും ഓരോ വിക്കറ്റെടുത്തു. രാജസ്ഥാൻ അവസാന ആറ് കളിയിൽ അഞ്ചും തോറ്റാണ് ഇറങ്ങിയത്. ഏഴാംമത്സരത്തിലെ വിജയം പ്ലേഓഫ് സാധ്യത സജീവമാക്കി.
ഐപിഎല്ലിൽ കൂടുതൽ വിക്കറ്റ് നേടുന്ന കളിക്കാരനായി ചഹാൽ. ആകെ 187 വിക്കറ്റ്. ഈ സീസണിൽമാത്രം 21. കൊൽക്കത്തയുടെ രക്ഷകനായ വെങ്കിടേഷ് അയ്യർ (42 പന്തിൽ 57), ക്യാപ്‌റ്റൻ നിതീഷ് റാണ (17 പന്തിൽ 22), റിങ്കു സിങ് (18 പന്തിൽ 16), ശാർദുൽ ഠാക്കൂർ (2 പന്തിൽ 1) എന്നിവരുടെ വിക്കറ്റുകളാണ് ചഹാൽ സ്വന്തമാക്കിയത്. ഓപ്പണർ ജാസൻ റോയിയെയും (8 പന്തിൽ 10) വിക്കറ്റ്‌കീപ്പർ റഹ്‌മാനുള്ള ഗുർബസിനെയും (12 പന്തിൽ 18) വീഴ്‌ത്തി ബോൾട്ട് രാജസ്ഥാന് മികച്ച തുടക്കം നൽകി.
ആന്ദ്രേ റസലിനെ വീഴ്‌ത്തി ആസിഫ് ആദ്യ വിക്കറ്റ് നേടി. 10 പന്തിൽ 10 റണ്ണെടുത്ത വിൻഡീസ് താരത്തെ ആർ അശ്വിൻ പിടികൂടി. 17–-ാംഓവറിൽ വെങ്കിടേഷിനെയും ശാർദുൽ ഠാക്കൂറിനെയും മടക്കി ചഹാൽ കളി പിടിച്ചു. വെങ്കിടേഷ് അയ്യർ നാല് സിക്‌സറും രണ്ട് ഫോറും പറത്തിയാണ് ഈ സീസണിലെ മൂന്നാം അർധസെഞ്ചുറി നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ