ഫുൾ എ പ്ലസും ഇഷ്ട ജഴ്സിയുമായി 
സാരംഗ്‌ യാത്രയായി

Spread the love



തിരുവനന്തപുരം
ആഗ്രഹിച്ച ജഴ്സിയും ബൂട്ടുമണിയിച്ച് സാരംഗിനെ അന്ത്യയാത്രയ്ക്കായി വിദ്യാലയമുറ്റത്തും വീട്ടിലും എത്തിക്കുമ്പോൾ തലസ്ഥാനത്ത് മന്ത്രി വി ശിവൻകുട്ടി എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുകയായിരുന്നു. ‘122913 രജിസ്റ്റർ നമ്പർ, കെ സാരംഗ്, എല്ലാ വിഷയത്തിലും എ പ്ലസ്’- മന്ത്രി വിതുമ്പി. ‘വലിയ ഫുട്ബോൾ താരമായിരുന്നു സാരംഗ്. ദുഃഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധരായി. പത്തുപേർക്കാണ് അവയവങ്ങൾ ദാനം ചെയ്തത്. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു’- –-മന്ത്രി വി ശിവൻകുട്ടി പറഞ്ഞുനിർത്തി. ഗ്രേസ് മാർക്കിന്റെ പിൻബലമില്ലാതെയാണ് സാരംഗ് മുഴുവൻ എ പ്ലസ് നേടിയത്.

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാരംഗ് ബുധൻ രാവിലെയാണ് വിടപറഞ്ഞത്. ആശുപത്രിക്കിടക്കയിൽ ഇടയ്ക്കൊന്ന് ഓർമ തെളിഞ്ഞപ്പോൾ സാരംഗ് ഫുട്ബോൾ കിറ്റ് ആവശ്യപ്പെട്ടു. അമ്മാവൻ ആ ആഗ്രഹം സാധിച്ചുകൊടുത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആ ജഴ്സിയും ബൂട്ടും അണിയിച്ചാണ് അവനെ കുടുംബം അന്ത്യയാത്രയാക്കിയത്.

ആറ്റിങ്ങൽ ജിഎംബിഎച്ച്എസ്എസിൽനിന്ന് പത്താം ക്ലാസ് പരീക്ഷയെഴുതിയ കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബിനീഷ് കുമാർ–- രജനി ദമ്പതികളുടെ മകൻ സാരംഗിന് മെയ് ആറിനാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. അമ്മയ്ക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെ കുന്നത്ത്കോണം പാലത്തിനു സമീപം ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിച്ചു. ഏറെ വൈകാരികമായിരുന്നു സ്കൂളിലെയും വീട്ടിലെയും രംഗങ്ങൾ. ഫുട്ബോൾ പ്രേമിയായ മകന് ടൂർണമെന്റിൽ ലഭിച്ച ട്രോഫിയുമായി അന്ത്യചുംബനം നൽകാൻ അമ്മ രജനിയെത്തിയത് എല്ലാവരുടെയും മനസ്സുലച്ചു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!