ഇടുക്കി തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കട്ടപ്പനക്ക് സമീപം പാറക്കടവിൽ സ്വകാര്യ ബസ്സും പിക്കപ്പ് ജീപ്പും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
കുമളിയിൽ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സും പുളിയന്മല ഭാഗത്തേക്ക് കെട്ടിട സാധന സാമഗ്രികളുമായി പോകുകയായിരുന്ന പിക്കപ്പ് ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പ് ഡ്രൈവർ പുഷ്പകണ്ടം സ്വദേശി ഗോപകുമാർ ബസ് യാത്രക്കാരിയായ ആമയാർ സ്വദേശിനി കീർത്തി ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഗോപകുമാറിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
അപകടത്തെത്തുടർന്ന് ജീപ്പിൻറെ മുൻഭാഗം പൂർണ്ണമായും ബസിന്റെ
മുൻഭാഗം ഭാഗികമായും തകർന്നിട്ടുണ്ട്. ജീപ്പിൽ മറ്റു രണ്ടു യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് പരിക്കുകളെറ്റിട്ടില്ല. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പനയിൽ നിന്നും പോലീസ് എത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.