മേയറുടെ നടപടി സത്യപ്രതിഞ്ജാ ലംഘനമാണെന്നും രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കിൽ മേയറെ പുറത്താക്കണമെന്നും യൂത്ത് കോൺഗ്രസ്, യുവമോർച്ച നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം കത്ത് വിവാദമായെങ്കിലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇതുവരെ മേയർ തയ്യാറായിട്ടില്ല.
ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു ഔദ്യോഗിക കത്തയച്ച മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മേയറുടെ വിവാദ കത്ത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി വി രാജേഷ് പറഞ്ഞു. കഴിവുള്ളവരെയും അർഹതയുള്ളവരെയും മാറ്റിനിർത്തി സിപിഎമ്മിന് താല്പര്യമുള്ളവരെയാണ് നിയമിക്കുന്നത്, പാർട്ടി ക്രിമിനലുകളെ കുത്തിനിറയ്ക്കാനുള്ള കേന്ദ്രമായി തിരുവനന്തപുരം കോർപ്പറേഷൻ മാറിയെന്നും രാജേഷ് ആരോപിച്ചു.
മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഉന്നതപഠനം പൂര്‍ത്തിയാക്കി നിരവധി ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഇവരെ മറികടന്നുകൊണ്ട് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മേയര്‍ കത്തയച്ചത്.
പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 16നാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട സൈറ്റിന്‍റെ വിവരങ്ങളും കത്തിലുണ്ട്.
ഇത്തരമൊരു കത്ത് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും, വാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വിവരം അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.