മണിപ്പുരിൽ അക്രമങ്ങൾ തുടരുന്നു ; സൈന്യത്തിന്റെ 
2 ബസ് തടഞ്ഞ് തീയിട്ടു

Spread the love




ന്യൂഡൽഹി

ഭരണവാഴ്‌ച പൂർണമായും തകർന്ന മണിപ്പുരിൽ  അക്രമസംഭവങ്ങൾ തുടരുന്നു. മെയ്‌ത്തീ- കുക്കി ഗ്രാമങ്ങൾ അതിരിടുന്ന സ്ഥലങ്ങളിൽ പരസ്‌പരമുള്ള വെടിവയ്‌പ്‌ തുടരുന്നു. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മൊറെ ബസാറിൽ സ്ത്രീകളോട് സുരക്ഷാസേനാം​ഗങ്ങള്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സംഘര്‍ഷമുണ്ടായി. പിന്നാലെ സൈന്യം ഇടത്താവളമായി ഉപയോ​ഗിച്ചിരുന്ന ആൾതാമസമില്ലാത്ത നിരവധി വീടുകൾക്ക്‌ കലാപകാരികള്‍ തീയിട്ടു. സൈന്യത്തിനുനേരെ ഇവര്‍ നിറയൊഴിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

മൊറെ ബസാറിലെ അക്രമസംഭവങ്ങൾക്ക്‌ മണിക്കൂറുകൾക്കുമുമ്പ്‌ കാങ്‌പോക്‌പിയിൽ സുരക്ഷാസേന സഞ്ചരിച്ചിരുന്ന രണ്ടു ബസ്‌ കത്തിച്ചു. നാഗാലാൻഡിലെ ദിമാപ്പുരിൽനിന്ന്‌ വരികയായിരുന്ന ബസുകൾ കാങ്‌പോക്‌പിയിൽ സ്ത്രീകള്‍ അടക്കമുള്ള സംഘം തടയുകയായിരുന്നു. മറുവിഭാഗത്തെ ആളുകളുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ അക്രമിസംഘം ആവശ്യപ്പെട്ടു. എന്നാൽ, ഇതിന്‌ അനുമതി നൽകിയില്ല. തുടർന്നാണ്‌ ബസുകൾക്ക്‌ തീയിട്ടത്‌. സൈനികർക്ക്‌ അപായമില്ല.

ഇരുവിഭാഗവും ഇടകലർന്ന്‌ ജീവിച്ചിരുന്ന മൊറെയിൽ നിരവധി കുടുംബങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക്‌ പലായനം ചെയ്‌തിരുന്നു. മെയ്‌ മൂന്നിന്‌ മണിപ്പുരിൽ കലാപം ആരംഭിച്ച ഘട്ടത്തിൽ മൊറെയിലും വലിയ സംഘർഷം ഉടലെടുത്തിരുന്നു. ഇരുവിഭാഗങ്ങൾ പരസ്‌പരം ഏറ്റുമുട്ടുകയും നിരവധി വീടുകൾ കത്തിക്കുകയും ചെയ്‌തു. ആളൊഴിഞ്ഞെങ്കിലും കേടുപാടുകളില്ലാതെ ശേഷിച്ചിരുന്ന വീടുകൾ സൈനികര്‍ ഇടത്താവളമായി ഉപയോ​ഗിച്ചുവരികയായിരുന്നു. ഇവയാണ് തീയിട്ട് നശിപ്പിച്ചത്.

അപലപിച്ച്‌  നാഗാ തീവ്രവാദ സംഘടന

മണിപ്പുരിൽ കുക്കിസ്‌ത്രീകളെ നഗ്നരായി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തതിനെ അപലപിച്ച്‌ വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനകളിലൊന്നായ എൻഎസ്‌സിഎൻ (ഐ–-എം). നാഗാ സംഘടനയായ എൻഎസ്‌സിഎൻ ഐ–-എമ്മിന്റെ വനിതാ വിഭാഗമായ നാഷണൽ സോഷ്യലിസ്റ്റ്‌ വുമൺസ്‌ ഓർഗനൈസേഷൻ ഓഫ്‌ നാഗാലിം (എൻഎസ്‌ഡബ്ല്യുഒഎൻ) പ്രതികരണവുമായി രംഗത്തുവന്നു.

സ്‌ത്രീകളുടെ അവകാശങ്ങളും അന്തസ്സും ഹനിക്കപ്പെടുന്ന ഭയാനകമായ സാഹചര്യം ഞെട്ടിപ്പിക്കുന്നതാണെന്ന്‌ സംഘടനയുടെ പ്രസിഡന്റായ ഹൊഷെലി അചുമി പറഞ്ഞു. മണിപ്പുരിൽ മുമ്പില്ലാത്തവിധം മനുഷ്യത്വം ആക്രമിക്കപ്പെടുകയാണ്‌. സ്‌ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗിക പീഡനങ്ങളെ കടുത്ത ഭാഷയിൽ അപലപിക്കുന്നു–- അചുമി അറിയിച്ചു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!