Two Wheelers
oi-Aneesh Rahman
ഇന്ത്യയില്‍ വ്യാവസായിക മേഖലക്ക് ഉണര്‍വ് ലഭിക്കുന്ന കാലമാണ് ഉത്സവ സീസണ്‍. വാഹന രംഗം എടുത്താലും നിര്‍മാതാക്കള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്ന സമയം കൂടിയാണത്. അതിനാല്‍ തന്നെ എല്ലാ വര്‍ഷവും ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് വാഹന നിര്‍മാതാക്കള്‍ എല്ലാം പുതിയ മോഡലുകള്‍ പുറത്തിറക്കുകയോ അല്ലെങ്കില്‍ ഇതിനോടകം വില്‍പ്പനയിലുള്ള മോഡലുകള്‍ പരിഷ്‌കരിക്കുകയോ ചെയ്യുന്നത് പതിവാണ്.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയും ഇക്കുറി ഒരുങ്ങിത്തന്നെയാണ്. ഇന്ത്യയില്‍ പ്രധാനമായും ആക്ടിവ സ്‌കൂട്ടറാണ് ഹോണ്ടയുടെ ബലം. മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ നിന്ന് കൂടി കുറച്ച് വില്‍പ്പന കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ഹോണ്ടയില്‍ നിന്നുള്ള ഏറ്റവും പുതിയ മോട്ടോര്‍സൈക്കിള്‍ ഓഗസ്റ്റ് രണ്ടിന് അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്. 150-180 സിസിക്കുള്ളിലാകാം പുതിയ ബൈക്കിന്റെ എഞ്ചിന്‍ ശേഷി.
പ്രധാന എതിരാളിയായ ഹീറോ മോട്ടോകോര്‍പ്പ് അടക്കം സ്പോര്‍ട്ടി 160 സിസി സ്ട്രീറ്റ് ബൈക്കുകളില്‍ ശ്രദ്ധയൂന്നിയിട്ടുണ്ട്. സെഗ്‌മെന്റില്‍ പുതിയ അവതരണങ്ങളും അപ്‌ഡേറ്റുകളും നടക്കുന്നതിനാല്‍ ഹോണ്ടയും ഇവിടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. ഇപ്പോള്‍ പുതിയ മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ഹോണ്ട പുറത്ത് വിട്ടിട്ടുണ്ട്. യൂണികോണ്‍ 160, X-ബ്ലേഡ്, സിബി ഹോര്‍നെറ്റ് 2.0 എന്നിങ്ങനെയുള്ള മോഡലുകള്‍ ഇതിനകം ഹോണ്ട സെഗ്‌മെന്റില്‍ വില്‍പ്പനക്കെത്തിക്കുന്നത്.
ചില വാഹന നിര്‍മാതാക്കള്‍ പുതിയ മോഡലുകള്‍ നിരത്തിലെത്തിക്കുമ്പോള്‍ നിലവിലുള്ള ബ്രാന്‍ഡ് നെയിമുകള്‍ തന്നെ സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ ഒരു തന്ത്രമാണ് ഹോണ്ട പയറ്റുന്നതെങ്കില്‍ രാജ്യത്തെ ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളായ ഷൈന്‍, X-ബ്ലേഡ്, SP ഇവയില്‍ ഒന്ന് തെരഞ്ഞെടുത്തേക്കാം. എന്നാല്‍ ഇവയില്‍ ഹോണ്ട X-ബ്ലേഡിന്റെ കാര്യം പരിതാപകരമാണ്. വില്‍പ്പന ചില മാസങ്ങളില്‍ ഇരട്ടയക്കം പോലും കടക്കാറില്ല. ഒരു യൂണിറ്റ് പോലും പുറത്തിറങ്ങാത്ത മാസങ്ങളുമുണ്ട്.
ഹോണ്ട ടെയില്‍ ലൈറ്റ് സിഗ്‌നേച്ചര്‍ മാത്രമാണ് കാണിക്കുന്നത്. ഇത് X-ബ്ലേഡിനെ അനുസ്മരിപ്പിക്കുന്നു. ഔട്ട്ഗോയിംഗ് എക്‌സ്-ബ്ലേഡ് ഇതിനകം തന്നെ ചെറുതായി ക്രോസ്ഓവര്‍-ഇഷ് ഡിസൈന്‍ ആട്രിബ്യൂട്ടുകള്‍ അവതരിപ്പിക്കുന്നു. ഒരു ബാറ്റ്വിംഗിനോട് സാമ്യമുള്ള ഒരു ഫാന്‍സി ടെയില്‍ ലൈറ്റ് സിഗ്‌നേച്ചര്‍ പോലും ഇതിലുണ്ട്. ഹോണ്ടയില്‍ നിന്നുള്ള മറ്റ് കമ്മ്യൂട്ടര്‍ ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഔട്ട്ഗോയിംഗ് മോഡല്‍ ഇതിനകം തന്നെ ഇച്ചിരി റിച്ചാണ്.
എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സ്പോര്‍ട്ടി ഗ്രാഫിക്സ്, ലേയേര്‍ഡ് ഫ്യൂവല്‍ ടാങ്ക്, നീളവും വീതിയുമുള്ള സുഖപ്രദമായ സീറ്റ്, പ്രീമിയം ക്രോം മഫ്ളര്‍ കവര്‍, സ്പോര്‍ട്ടി ടെയില്‍ ലൈറ്റ് എന്നിവ ഹൈലൈറ്റുകളാണ്. ഹോണ്ടയുടെ പുതിയ ബൈക്ക് 160 സിസി മോഡലാണെങ്കില്‍ എക്സ്-ബ്ലേഡിന് തുടിപ്പേകുന്ന അതേ 162.71 സിസി എഞ്ചിനായിരിക്കും ഉപയോഗിക്കുക. ഈ എഞ്ചിന്‍ 13.67 bhp പവറും 14.7 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. മെയിന്റനന്‍സ് ഫ്രീ ബാറ്ററി, സിംഗിള്‍ ചാനല്‍ എബിഎസ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഈ പുതിയ ബൈക്ക് 180 സിസി ബൈക്കാകാന്‍ സാധ്യത വളരെ കുറവാണ്. അങ്ങനെ വന്നാല്‍ 17.26 bhp പവറും 16.1 Nm ടോര്‍ക്കും നല്‍കുന്ന ഹോര്‍നറ്റിന്റെ എഞ്ചിനായിരിക്കും തുടിപ്പേകുക. 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കുക.
ഈ ബൈക്കിന് ഒരു ഹാലജന്‍ ഇന്‍ഡിക്കേറ്ററുകള്‍ ലഭിക്കുന്നതിനാല്‍ 180 സിസി ബൈക്ക് ആയിരിക്കാനും സാധ്യത കാണുന്നുണ്ട്. അടുത്ത ആഴ്ച മോട്ടോര്‍സൈക്കിളിന്റെ അവതരണം മാത്രമാകും ഉണ്ടാകുക. ഉത്സവ സീസണിനോട് അടുത്താകും വില പ്രഖ്യാപനം ഉണ്ടാകുക. ഒരുപക്ഷേ ഹോണ്ട SP 160 എന്ന പേരില്‍ പുതിയ ബൈക്ക് എത്തുകയാണെങ്കില്‍ 1.10 ലക്ഷം മുതല്‍ 1.15 ലക്ഷം രൂപ വരെയാകും വില വന്നേക്കുക. അങ്ങനെയെങ്കില്‍ സഹോദരനായ ഹോണ്ട യൂനികോണ്‍ 160 മോട്ടോര്‍സൈക്കിളുമായിട്ടാകും പ്രധാന മത്സരം.
English summary
Honda new bike teased debut on august second details
Story first published: Saturday, July 29, 2023, 11:32 [IST]