ഹരിയാനയിൽ മരണം ആറായി ; സംഘർഷം തുടരുന്നു

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി
ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും വർഗീയകലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി ബുധനാഴ്ച മരിച്ചു. പരിക്കേറ്റ നിരവധി പേർ ഹരിയാനയിലെയും ഡൽഹിയിലെയും വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയും ഗുരുഗ്രാമിൽ ഒരു വിഭാഗത്തിന്റെ കടകൾ തെരഞ്ഞുപിടിച്ചുകത്തിച്ചു. ബുധനാഴ്ച പകൽ കാര്യമായ അക്രമസംഭവങ്ങളുണ്ടായില്ലെങ്കിലും നൂഹിലും ഗുരുഗ്രാമിലും സംഘർഷസ്ഥിതി തുടരുകയണ്. കലാപത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പലയിടത്തും വിഎച്ച്പി സംഘടിപ്പിച്ച പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘർഷസാഹചര്യം സൃഷ്ടിച്ചു.

ബാദ്ഷാപുരിലെ ബജ്റംഗദൾ കോ–- ഓർഡിനേറ്ററായ പ്രദീപ് ശർമയാണ് ബുധനാഴ്ച മരിച്ചത്. രണ്ട് ഹോംഗാർഡുകളും ഒരു പള്ളി ഇമാമും അടക്കം ആറുപേരാണ് ഇതുവരെ മരിച്ചത്. കലാപവുമായി ബന്ധപ്പെട്ട് 116 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചു. 140 പേരെ കസ്റ്റഡിയിൽ എടുത്തു. അതേസമയം, എല്ലാവരെയും സംരക്ഷിക്കാൻ പൊലീസിന് സാധിക്കില്ലെന്ന ഖട്ടറുടെ പരാമർശം വിവാദമായി.

മുപ്പത് കമ്പനി പൊലീസിനെയും 20 കമ്പനി കേന്ദ്രസേനയെയും സംഘർഷമേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. നാലു കമ്പനി കേന്ദ്രസേനയെക്കൂടി അയക്കണമെന്ന് ഹരിയാന സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. കലാപകേസുകൾ അന്വേഷിക്കാൻ എസ്ഐടി രൂപീകരിക്കുമെന്ന് ഹരിയാന ഡിജിപി പി കെ അഗർവാൾ അറിയിച്ചു. ബജ്റംഗദൾ പ്രവർത്തകനായ മോനു മനേസറിന്റെ പങ്ക് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.

ഹരിയാന കലാപത്തിൽ പ്രതിഷേധിക്കാനുള്ള വിഎച്ച്പി തീരുമാനം മുൻനിർത്തി ഡൽഹിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഹരിയാനയുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാൻ, യുപി സംസ്ഥാനങ്ങളിലെ ജില്ലകളിലും പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തി. സംഘപരിവാർ സംഘടനകളാണ് കലാപത്തിന് കാരണക്കാരെന്ന് ഗുരുഗ്രാം ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദർജിത് സിങ്ങും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താലയും കുറ്റപ്പെടുത്തിയത് ബിജെപിക്ക് ക്ഷീണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ദർജിത് സിങ് പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി.

കലാപത്തിന് വഴിമരുന്നിട്ടത് സംഘപരിവാർ: ഉപമുഖ്യമന്ത്രി
ഹരിയാനയിലെ നൂഹിൽ വർഗീയകലാപത്തിന് വഴിയൊരുക്കിയ ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്ര സംഘടിപ്പിച്ച സംഘപരിവാർ സംഘടനകളെ വിമർശിച്ച് സംസ്ഥാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താല. സംഘാടകരായ വിഎച്ച്പിയും ബജ്രംഗദളും യാത്രയുടെ പൂർണവിവരം ജില്ലാ അധികൃതർക്ക് കൈമാറിയില്ല. അതാണ് വ്യാപക ആക്രമത്തിന് വഴിവെച്ചത്. കലാപത്തിന് ഉത്തരവാദികളായവർക്കെതിരെ രാഷ്ട്രീയവേര്തിരിവില്ലാതെ കർശന നടപടിയെടുക്കുമെന്നും ചൗത്താല നൂഹിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹരിയാനയില് ബിജെപിയുടെ സഖ്യകക്ഷി ജൻനായക് ജൻതാ പാർടി (ജെജെപി) നേതാവാണ് ദുഷ്യന്ത് ചൗത്താല. വിഷയം കൈകാര്യം ചെയ്തരീതിയോടോ ജെജെപിക്ക് കടുത്ത വിയോജിപ്പുണ്ടെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. പശു സംരക്ഷകനെന്ന് അറിയപ്പെടുന്ന മോനു മനേസറിന്റെ ഇടപെടലുകളെയും ചൗത്താല തള്ളിപ്പറഞ്ഞു. ഒരുു പശുപോലും വീട്ടിലില്ലാത്തവാരണ് പശുസംരക്ഷകർ ചമയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ 90 അം​ഗസഭയിൽ ബിജെപിക്ക് 40സീറ്റും ജെജെപിക്ക് പത്തു സീറ്റുണ്ട്.



Source link

Facebook Comments Box
error: Content is protected !!