അൾത്താരയിൽനിന്ന്‌ പാർടി വേദികളിലേക്ക്‌

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി

അൾത്താര ബാലൻ എന്നനിലയിൽ മരട്‌ സെന്റ് മേരി മഗ്ദലിൻ ഇടവകപ്പള്ളിയിൽ അടുത്തുപ്രവർത്തിച്ചിരുന്ന മരട്‌ ജോസഫ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ആദ്യകാല വിപ്ലവഗായകനായി മാറിയ കഥ ത്രസിപ്പിക്കുന്നതാണ്‌.  കമ്യൂണിസ്‌റ്റ്‌ അനുഭാവികളും പാട്ടുകാരുമായിരുന്ന പള്ളിയിലെ കുശിനിക്കാരൻ അഗസ്റ്റിനുമായും കപ്യാർ ലോനപ്പനുമായും ഉണ്ടായ  അടുപ്പമാണ്‌ മരട്‌ മൂത്തേടം പള്ളി സ്‌കൂൾ വിദ്യാർഥിയായ ജോസഫിനെ പാർടി വേദികളിലെ ഗായകനാക്കിയത്‌. മാധ്യമപ്രവർത്തകൻ സോമു ജേക്കബ് എഴുതി പൂർത്തിയാക്കി ‘നാടകലഹരി’ എന്ന്‌ പേരിട്ട മരട്‌ ജോസഫിന്റെ ജീവചരിത്രത്തിൽ അതേക്കുറിച്ച്‌ വിശദമായിതന്നെ പറയുന്നുണ്ട്‌. വൈകാതെ പുറത്തിറങ്ങുന്ന പുസ്‌തകത്തിലെ ‘അൾത്താര ബാലൻ, സംഗീതം, കമ്യൂണിസ്റ്റ് വേദികൾ’ എന്ന അധ്യായത്തിൽനിന്നുള്ള ഭാഗമാണ്‌ ചുവടെ.

“പള്ളിയിൽമാത്രം പാടിയാൽ പോരാ, നമുക്ക് വേറെയും ആവശ്യമുണ്ടെന്ന രീതിയിലാണ് അഗസ്‌റ്റിൻ ചേട്ടൻ പറഞ്ഞിരുന്നത്. സ്വയം പിന്മാറിനിന്നുകൊണ്ട് പാടിക്കാൻ എന്നെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവരുടെയൊക്കെ ഒപ്പംകൂടിയാൽ ആരും അറിയാതെതന്നെ പാടിപ്പോകും. അഗസ്റ്റിൻ ചേട്ടൻമാത്രമല്ല കപ്യാർ ലോനപ്പൻചേട്ടൻ, കോക്കറത്തറ വർഗീസ് അങ്ങനെ കുറേപ്പേർ മരടിൽ കമ്യൂണിസ്റ്റ് പാർടി അനുഭാവികളായുണ്ടായിരുന്നു. സ്വാതന്ത്ര്യസമര കാലമാണ്‌.

അഞ്ചോ ആറോ ക്ലാസിലൊക്കെ പഠിക്കുന്ന കുട്ടിക്ക് കമ്യൂണിസ്റ്റ് പാർടിയുടെ യോഗത്തിൽ പോകുക എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് എന്റെപോലെ ചുറ്റുപാടിൽനിന്ന്. അപ്പൻ കർശനമായി പറഞ്ഞിട്ടുണ്ട്‌, പ്രജാമണ്ഡലം അല്ലാതെ വേറൊരു പാർടിയുമായും ബന്ധംവേണ്ടെന്ന്‌. അപ്പൻ കടുത്ത പ്രജാമണ്ഡലം അനുഭാവിയായിരുന്നു. എനിക്ക് ആ രാഷ്ട്രീയത്തെക്കുറിച്ചൊന്നും അന്ന് അറിയില്ല. പക്ഷെ പാട്ടുപാടുന്ന കാര്യത്തിനല്ലേ, അതെന്നെ ഭ്രമിപ്പിച്ചു.

കമ്യൂണിസ്റ്റ് പാർടി യോഗത്തിൽ പാടേണ്ട പാട്ട് അതീവ രഹസ്യമായി അഗസ്റ്റിൻ ചേട്ടൻ പഠിപ്പിച്ചിരുന്നു. അച്ചന്റെ കുശിനിയിലായിരുന്നു പാട്ടുപഠിപ്പിക്കൽ. ലതാ മങ്കേഷ്‌കർ പാടിയ ‘തൂ നേ…’എന്ന ഹിന്ദി സിനിമാപ്പാട്ടിന്റെ ഈണത്തിലാണ് പാട്ട്. കേട്ടാൽ കുരിശിനെക്കുറിച്ചാണ് പാട്ടെന്നു തോന്നും, പക്ഷെ സംഗതി  ഭയങ്കര വിപ്ലവഗാനമാണ്‌. ക്രൂശേ ഓ… ഓ… എന്നാണ് തുടക്കം. എഴുതിയത് പി എം ഡൊമിനിക്. തൈക്കൂടം ചമ്പക്കര ഭാഗത്തായിരുന്നു യോഗം. വീട്ടിൽ പറഞ്ഞില്ല. അറിഞ്ഞാൽ അപ്പോഴേ കൊല്ലും. പാട്ടുപാടിക്കഴിഞ്ഞപ്പോൾ അതാരാണെന്ന്‌ ആളുകൾ തിരക്കി. നേതാക്കളും ശ്രദ്ധിച്ചു.

ആദ്യ പാർടി പരിപാടി കഴിഞ്ഞ് മൂന്നാംനാൾ അടുത്ത വിളിവന്നു. ജയിൽ മോചിതരായ ആർ സുഗതൻസാറിനും സഖാക്കൾക്കും എറണാകുളം രാജേന്ദ്ര മൈതാനത്ത് സ്വീകരണയോഗം. പാട്ടെഴുതിയ ഡൊമിനിക് ചേട്ടനോടൊപ്പമാണ്‌ പോയത്‌… അടക്കാക്കിളിപോലുള്ള ടർണർ മൈക്കാണ് അവിടെ എന്നെ ആകർഷിച്ചത്‌. ആദ്യമായാണ് മൈക്കിനുമുന്നിൽ. സ്‌റ്റേജിൽനിന്ന്‌ നേരെ നോക്കുമ്പോൾ ആൾക്കൂട്ടത്തിൽ ആദ്യം കണ്ണുചെന്ന്‌ തറച്ചത് അപ്പന്റെ മുഖത്ത്. ഐലൻഡിലെ ജോലിസ്ഥലത്തുനിന്ന് പ്രസംഗം കേൾക്കാൻ വന്നതാണ് പ്രജാമണ്ഡലംകാരനായ അപ്പൻ! പ്രജാമണ്ഡലത്തിന്റെ ആളാണെങ്കിലും പ്രധാന രാഷ്ട്രീയ പരിപാടികളിലെല്ലാം പങ്കെടുക്കും. സ്റ്റേജിൽ കേറിപ്പോയില്ലേ, രണ്ടുംകൽപ്പിച്ച്‌ ഞാൻ പാടി. ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു പാട്ട്. നന്നായി പാടിയെന്ന് ആളുകളുടെ ഗംഭീര കൈയടിയിൽനിന്ന് മനസ്സിലായി. എന്നിട്ടും തലയൊക്കെ പെരുത്തുകയറി. സ്റ്റേജിൽനിന്നിറങ്ങിയതും ഡൊമിനിക്കേട്ടൻ വാ, പോകാമെന്നു പറഞ്ഞ്‌ വിളിച്ചുകൊണ്ടുപോയി. സദസ്യർ ഭയങ്കരമായിട്ട് കൈയടിക്കുന്നുണ്ടായിരുന്നു. എന്നും ആവേശം കൊള്ളിക്കുന്ന ഓർമയാണത്‌.

രാജേന്ദ്ര മൈതാനത്തെ പരിപാടിക്കുശേഷം അന്ന് അപ്പനെ നേരിൽ കണ്ടില്ല. അപ്പൻ ഐലൻഡിലെ ക്വാർട്ടേഴ്‌സിലേക്കാണ് പോയത്. പിന്നീട് കണ്ടപ്പോഴും പാടാൻ പോയതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിച്ചില്ല. എല്ലാം അന്വേഷിച്ചറിഞ്ഞിട്ടുണ്ടാകും. അതാണ് അപ്പന്റെ ശൈലി.  ആശങ്കപ്പെട്ടതുപോലെ, പാടാൻ പോകുന്നത് അപ്പൻ വിലക്കിയില്ല. അതോടെ കമ്യൂണിസ്റ്റ് പാർടി വേദികളിൽ സ്ഥിരം ഗായകനായി ഇടംകിട്ടി. കുറെക്കാലം കഴിഞ്ഞാണ് അതെല്ലാം അതിന്റെ ഗരിമയിൽ മനസ്സിലാകുന്നത്’.

‘പിന്നീട്‌ നാടകത്തിൽ സജീവമായശേഷവും എറണാകുളം ബോട്ട്ജെട്ടിക്കുസമീപത്തെ പാർടി ഓഫീസിൽ ഞാൻ പതിവായിരുന്നു. നാടകം കഴിഞ്ഞ് വന്നുകിടക്കാൻ സ്ഥലമില്ലാത്തപ്പോൾ നേരെ അങ്ങോട്ട്‌ ചെല്ലും. എം എം ലോറൻസ് ചേട്ടൻ ഉണ്ടാകും. “വാ മരടെ’ എന്ന് അദ്ദേഹം വിളിച്ചുകയറ്റും. പേപ്പർ നിരത്തി അതിനുമേൽ തോർത്തിട്ട് കിടന്നുറങ്ങും’.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!