എന്താണ് മിനിമം
ചിട്ടിയിൽ നടത്താവുന്ന പരമാവധി ലേല കിഴിവിനെ പറയുന്നതാണ് മിനിമം. എത്ര തുക കിഴിച്ച് ചിട്ടി സ്വന്തമാക്കാം എന്നതാണ് മിനിമം എന്നത് വഴി അർഥമാക്കുന്നത്. മൾട്ടി ഡിവിഷൻ ചിട്ടികളിൽ കാലാവധിക്ക് അനുസരിച്ച് മിനിമം തുകയിൽ വ്യത്യാസമുണ്ടാകും. സാധാരണയായി കെഎസ്എഫ്ഇ ചിട്ടികളുടെ കാലാവധി 25 മാസം മുതൽ 120 മാസം വരെയാണ്. 100 മാസത്തിൽ കൂടുതൽ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടി 40 ശതമാനം വരെ മിനിമത്തിൽ ചിട്ടി ലേലം വിളിക്കാവുന്നതാണ്.
60 മാസം മുതൽ 100 മാസം വരെ കാലാവധിയുള്ളള്ള ചിട്ടികളിൽ 35 ശതമാനം വരെ പരമാവധി ലേലം വിളിക്കാം. 60 മാസത്തിൽ താഴെയുളള ഹ്രസ്വകാല ചിട്ടികളിൽ പരമാവധി 30 ശതമാനം വരെയാണ് ചിട്ടി ലേലത്തിൽ പോകുന്നത്.
മിനിമം തിരഞ്ഞെടുക്കേണ്ടത് എപ്പോൾ
ചിട്ടിയിൽ ചേർന്നൊരാൾ മിനിമത്തിൽ മാത്രമെ ചിട്ടി വിളിക്കാവൂ എന്നില്ല. പരമാവധി കുറയാവുന്ന തുകയാണ് മിനിമം എന്നുദ്യേശിക്കുന്നത്. ഇതിനാൽ അത്യാവശ്യക്കാർക്കാണ് മിനിമത്തിൽ ചിട്ടി വിളിക്കുന്നത് കൊണ്ട് പ്രയോജനമുള്ളത്.മിനിമത്തിൽ വിളിച്ചാൽ എത്ര തുക ലഭിക്കുമെന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി 2,500 രൂപ മാസ 40 അടവുള്ള 1 ലക്ഷം രൂപയുടെ ചിട്ടിയാണ് ഉദാഹരണമക്കുന്നത്.
40 മാസ കാലാവധിയുള്ള ചിട്ടിയായതിനാൽ 30 ശതമാനമാണ് പരമാവധി താഴ്ത്തി വിളിക്കാൻ സാധിക്കുക. ഫോർമാൻസ് കമ്മീഷനായ 5,000 രൂപ മുതലാണ് ലേലം ആരംഭിക്കുക. 25,000 രൂപ വരെ ചിട്ടി ലേലത്തിൽ വിളിക്കാം. ഫോര്‍മാന്‍ കമ്മീഷന്‍ അടക്കം 30,000 രൂപയുടെ കിഴിവ് വരെ ചിട്ടിയിൽ നിന്ന് ലഭിക്കും.
മൾട്ടി ഡിവിഷൻ ചിട്ടികളിൽ 100-120 മാസ ചിട്ടികൾ പരമാവധി ലേല കിഴിവിൽ ചിട്ടി ലഭിച്ചാലും ലാഭകരമാണ്. ദീർഘത്തേക്കുള്ള ചിട്ടിയായതിനാൽ ഉയർന്ന ലാഭ വിഹിതം ലഭിക്കും. മൾട്ടി ഡിവിഷൻ ചിട്ടി ആദ്യ മാസങ്ങളിൽ മിനിമത്തിൽ ആവശ്യമുള്ളവരെ ചേർന്ന് നറുക്കിലൂടെയാണ് പണം നൽകുന്നത്. ചിട്ടി ലേലം തുടങ്ങുന്നത് വരെ കാത്തിരുന്നാൽ വലിയ നേട്ടമുണ്ടാക്കാം. മൾട്ടി ഡിവിഷൻ ചിട്ടികളിൽ ചിട്ടി വിളിച്ചെടുക്കാൻ 3 അവസരം ലഭിക്കുമെന്നതാണ് കാരണം.
ലാഭകരമാക്കാൻ പ്രോക്സി നൽകാം
ചിട്ടി പരമാവധിയിൽ താഴ്ത്തി വിളിക്കുമ്പോൾ നല്ലൊരു തുക ലേല കിഴിവായി പോകുന്നത് കാണാം. ഇത് അത്യാവശ്യക്കാരല്ലാത്തവർക്ക് നഷ്ടമാണ് നൽകുക. ഇതിന് പകരം ചിട്ടി വേണ്ട തുകയ്ക്ക് ഒരു പ്രോക്സി കെഎസ്എഫ്ഇ ശാഖയിൽ നൽകുക എന്നത് ബുദ്ധിപരമായി ലാഭത്തിൽ ചിട്ടി നേടാൻ സഹായിക്കും. എത്ര രൂപ കിഴിവിൽ ചിട്ടി ലഭിച്ചാൽ ലാഭകരമാകുമെന്ന് കണക്കാക്കി പ്രോക്സി നൽകണം.
ഉദാഹരണമായി 5 ലക്ഷത്തിന്റെ ചിട്ടിയിൽ 50,000 രൂപയും ഫോർമാൻസ് കമ്മീഷനും കിഴിച്ചുള്ള തുകയ്ക്ക് ചിട്ടി ലഭിക്കുന്നത് ലാഭമായൊരാൾക്ക് ഈ തുകയ്ക്ക് കെഎസ്എഫ്ഇ ശാഖയിൽ പ്രോക്സി നൽകാം. പ്രോക്സി തുകയിൽ ചിട്ടി വിളിക്കാൻ ആളില്ലാത്ത പക്ഷം ചിട്ടി സ്വന്തമാക്കാൻ സാധിക്കും.