10 ലക്ഷത്തിന്റെ ചിട്ടി
10 ലക്ഷം രൂപയുടെ വിവിധ കാലാവധിയുള്ള വ്യത്യസ്ത മാസ തവണകളുള്ള ചിട്ടികൾ കെഎസ്എഫ്ഇ ശാഖകളിൽ സാധാരണയായി കണ്ടു വരുന്ന ദീർഘകാല ചിട്ടികളിലൊന്നാണ്. വലിയ ബുദ്ധിമുട്ടില്ലാതെ അടച്ചു തീർക്കാമെന്നതിനാലും നല്ലൊരു തുക സ്വന്തമാക്കാമെന്നതിനാലും 10 ലക്ഷത്തിന്റെ ചിട്ടികളിൽ ചേരുന്നവരും കൂടുതലാണ്. മൾട്ടി ഡിവിഷൻ ചിട്ടിയും സാധാരണ ചിട്ടിയായും കെഎസ്എഫ്ഇ 10 ലക്ഷത്തിന്റെ ചിട്ടി നടത്താറുണ്ട്. ഈ രണ്ട് ചിട്ടികളിലേയും വ്യത്യാസവും ഏത് ചിട്ടിയിൽ ചേരുന്നതാണ് ലാഭകരമെന്ന് നോക്കാം.
അംഗങ്ങൾ
10,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള 10 ലക്ഷത്തിന്റെ ചിട്ടികളാണ് ഇവിടെ പരിഗണിക്കുന്നത്. ഇവയുടെ മൾട്ടി ഡിവിഷൻ, സാധാരണ ചിട്ടികളിലുള്ള പ്രധാന വ്യത്യാസം അംഗങ്ങളുടെ എണ്ണം തന്നെയാണ്. മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ 100 അംഗങ്ങൾ വീതമുള്ള നാല് ഡിവിഷനുണ്ടാകും. മൊത്തം 400 അംഗങ്ങളാണ് 100 മാസത്തെ മൾട്ടി ഡിവിഷൻ ചിട്ടിയിലുണ്ടാവുക. സാധാരണ ചിട്ടിയിൽ മാസത്തിന് അനുസൃതമായി 100 പേരാണ് ചിട്ടി അംഗങ്ങൾ.
ചിട്ടി ലഭിക്കുന്നവർ
മാസത്തിൽ ചിട്ടി ലഭിക്കുന്നവരുടെ എണ്ണത്തിൽ രണ്ട് ചിട്ടികളിലും വ്യത്യാസമുണ്ട്. മൾട്ടി ഡിവിഷൻ ചിട്ടികളിൽ 4 പേർക്കാണ് ഒരു മാസം ചിട്ടി ലഭിക്കുക. ഒരാൾ നറുക്കിലൂടെ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവൻ തുകയും മറ്റ് മൂന്ന് പേർക്ക് ലേലത്തിലൂടെയും ചിട്ടി ലഭിക്കും. ഇത്തരത്തിൽ 100 മാസം കൊണ്ട് 400 പേർക്കും ചിട്ടി പണം ലഭിക്കു. സാധാരണ ചിട്ടിയിൽ മാസത്തിൽ ഒരാൾ എന്ന തോതിൽ ചിട്ടി ലഭിക്കും.
ലേല കിഴിവ്
ചിട്ടി ലേലത്തിൽ വിളിച്ചെടുക്കാവുന്ന പരമാവധി ലേല കിഴിവ് രണ്ട് ചിട്ടികളിലും വ്യത്യാസമാണ്. സാധരണ ചിട്ടികളിൽ 30 ശതമാനം വരെ കിഴിവിലാണ് ചിട്ടി ലേലത്തിൽ വിളിക്കാൻ സാധിക്കുക. 10 ലക്ഷത്തിന്റെ ചിട്ടിയിൽ 7 ലക്ഷം രൂപ ലഭിക്കും. മൾട്ടി ഡിവിഷൻ ചിട്ടിയിൽ 100 മാസ ചിട്ടിയിൽ 35 ശതമാനം വരെ കിഴിവിൽ വിളിക്കാം. 6.50 ലക്ഷം രൂപയാണ് പരമാവധി ലേല കിഴിവിൽ ലഭിക്കുക.
ലാഭ വിഹിതം
മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന പരമാവധി ലാഭ വിഹിതം 2,250 രൂപയാണ്. സാധാരണ ചിട്ടിയിൽ നിന്ന് 2,500 രൂപയാണ് പരമാവധി ലഭിക്കുന്ന ലാഭം. പരമാവധി ലാഭ വിഹിതം ലഭിക്കുന്ന മാസങ്ങളിൽ മൾട്ടി ഡിവിഷൻ ചിട്ടിയിൽ 7,750 രൂപയാണ് മാസ അടവ് വരുന്നത്. സാധരണ ചിട്ടിയില്‍ 2500 രൂപ ലാഭ വിഹിതം കിട്ടിയാല്‍ 7,500 രൂപ മാത്രം അടച്ചാല്‍ മതി.
ആകെ ഡിവിഡന്റ് കണക്കാക്കുമ്പോൾ സാധരണ ചിട്ടിയിലാണ് കൂടുതൽ ലാഭ വിഹിതം ലഭിക്കുന്നത്. ഓരോ മാസവും ഓരാള്‍ക്ക് നറുക്കിലൂടെ മുഴുഴൻ തുകയും ലഭിക്കുന്നു എന്നതാണ് മൾട്ടി ഡിവിഷൻ ചിട്ടിയുടെ ഗുണം.