തപാൽ വകുപ്പ് റൂറൽ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുമംഗൽ പ്ലാന്‍. മണിബാക്ക് പ്ലാൻ പ്രകാരം ലൈഫ് ഇൻഷൂറൻസ് പരിരക്ഷയ്ക്കൊപ്പം കാലാവധിയിൽ അഷ്വേഡ് തുകയും ബോണസും ലഭിക്കും. മാസത്തിൽ 5,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 19 ലക്ഷം രൂപ നേടാൻ സാധിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
ഗ്രാം സുമംഗൽ പോളിസി
ഗ്രാമീണ ജനങ്ങൾക്കിടയിൽ ലൈഫ് ഇൻഷൂറൻസിന്റെ പ്രധാന്യം എത്തിക്കാൻ മൽഹോത്ര കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറള്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് നടപ്പിലാക്കുന്നത്. റൂറള്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സിന് കീഴിൽ വരുന്ന ഗ്രാം സുമംഗൽ പദ്ധതി ആന്‍ഡിസിപ്പേറ്റഡ് എന്‍ഡൗമെന്റ് അഷ്വറന്‍സ് പ്ലാന്‍ എന്നും അറിയപ്പെടുന്നു.
പോളിസിയിലെ പരമാവധി അഷ്വേഡ് തുക 10 ലക്ഷം രൂപയാണ്. പോളിസി ഉടമയക്ക് ലൈഫ് ഇന്‍ഷൂറന്‍സ് ലഭിക്കുന്നതിനൊപ്പം കാലാവധിയില്‍ മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കും. കാലാവധിക്കുള്ളില്‍ പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ നോമിനിക്ക് സം അഷ്വേഡും ബോണസും അടങ്ങിയ തുക ലഭിക്കും.
പ്രായ പരിധി
ഗ്രാം സുമംഗൽ പോളിസിൽ ചേരാനുള്ള കുറഞ്ഞ പ്രായം 19 വയസാണ്. 40 വയസ് പൂർത്തിയാകുന്നത് വരെ പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 15 വര്‍ഷം, 20 വര്‍ഷം എന്നിങ്ങനെ 2 വ്യത്യസ്ത കാലാവധിയിൽ പോളിസി തിരഞ്ഞെടുക്കാം. മാസത്തിലാണ് പ്രീമിയം അടയ്ക്കേണ്ടത്. പോളിസി കാലാവധിക്കനുസരിച്ച് മാസ പ്രീമിയത്തിൽ വ്യത്യാസം വരും.
15 വര്‍ഷത്തേക്ക് പോളിസി തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് 6, 9, 12 വര്‍ഷങ്ങളില്‍ സം അഷ്വേഡ് തുകയുടെ 20 ശതമാനം തിരികെ ലഭിക്കും. കാലാവധിയില്‍ സം അഷ്വേഡിന്റെ 40 ശതമാനവും ബോണസും ചേർത്തുള്ള തുക തിരികെ ലഭിക്കും. 20 വര്‍ഷ കാലം പോളിസി തിരഞ്ഞെടുത്താൽ 8, 12, 16 വര്‍ഷങ്ങളില്‍ സം അഷേഡിന്റെ 20 ശതമാനം വീതം തുക ലഭിക്കും. 20 വര്‍ഷത്തിന് ശേഷം 40 ശതമാനവും ബോണസും ലഭിക്കും.
ബോണസും മെച്യൂരിറ്റി ബെനഫിറ്റും
നിലവില്‍ വാര്‍ഷിക ബോണസായി 1,000 രൂപയ്ക്ക് 45 രൂപയാണ് നൽകുന്നത്. 1 ലക്ഷം സം അഷ്വേഡ് തുകയ്ക്ക് പോളിസിയിൽ ചേര്ന്നാൽ 4,500 രൂപ വാര്‍ഷിക ബോണസ് ലഭിക്കും. 25 വയസുള്ളൊരാള്‍ 10 ലക്ഷം രൂപ സം അഷ്വേഡ് തുകയുടെ പോളിസിയില്‍ ചേർന്നാൽ 15 വര്‍ഷ കാലത്തേക്ക് അടയ്‌ക്കേണ്ടി വരുന്നത് 6,793 രൂപയാണ്. പോളിസി 20 വര്‍ഷ കാലത്തേക്ക് തിരഞ്ഞെടുത്താൽ 5,121 രൂപയാണ് മാസ അടവ്.
15 വര്‍ഷത്തേക്കുള്ള ബോണസായി 6.75 ലക്ഷം രൂപ ലഭിക്കും. 20 വര്‍ഷത്തേക്കാണെങ്കില്‍ 9 ലക്ഷം രൂപ ബോണസ് ലഭിക്കുക. 15 വര്‍ഷത്തിന് ശേഷം പോളിസിയി കാലാവധിയില്‍ 16.75 ലക്ഷം രൂപ പോളിസി ഉടമയ്ക്ക് ലഭിക്കും. 20 വര്‍ഷത്തിന് ശേഷം പോളിസി കാലാവധി എത്തുമ്പോൾ 19 ലക്ഷം രൂപ ലഭിക്കും.