എന്താണ് ചെലവ് അനുപാതം
മ്യൂച്വല്‍ ഫണ്ട് സ്‌കീമിലെ ഓരോ യൂണിറ്റും കൈകാര്യം ചെയ്യുന്നതിന് ഫണ്ട് ഹൗസുകള്‍ക്ക് നല്‍കുന്ന ചെലവാണിത്. ഫണ്ടിന്റെ ആകെ ചെലവിനെ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി കൊണ്ട് ഹരിച്ചാലാണ് ചെലവ് അനുപാതം കണക്കാക്കുന്നത്.
വില്പന, പരസ്യ ചെലവ്, അഡ്മിനിസ്‌ട്രേഷന്‍ ചെലവ്, നിക്ഷേപ മാനേജ്‌മെന്റ്ഫീസ്, രജിസ്ട്രാര്‍ ഫീസ്, ഓഡിറ്റ് ഫീസ് എന്നിവ ഉൾപ്പെടുന്ന ചെലവുകളാണ് നിക്ഷേപകനിൽ നിന്ന് ഈടാക്കുന്നത്. ഓരോ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്കും വ്യത്യസ്ത ചെലവ് അനുപാതമാണ്. 2.5 ശതമാനം വരെ നിക്ഷേപകരിൽ നിന്ന് ചെലവ് അനുപാതം ഈടാക്കാൻ ഫണ്ട് ഹൗസുകൾക്ക് സെബിയുടെ അനുമതിയുണ്ട്.
ചെലവ് അനുപാതത്തിലെ വ്യത്യാസം
ഡെബ്റ്റ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്വിറ്റി ഫണ്ടുകളിൽ ചെലവ് അനുപാതം കൂടുതലണ്. ഡയറക്ട് പ്ലാനുകളുമായി തട്ടിച്ച് നോക്കുമ്പോൾ റെഗുലര്‍ പ്ലാനിനാണ് ചെലവ് കൂടുതൽ. റെഗുലര്‍ പ്ലാനില്‍ ഇടനിലക്കാർ വഴി വാങ്ങുമ്പോഴുണ്ടാകുന്ന കമ്മീഷന്‍ കൂടി ചെലവ് അനുപാത്തിൽ കണക്കാക്കും.
ഫണ്ടിന്റെ വലുപ്പം അനുസരിച്ച് ഈടാക്കാവുന്ന ചെലവ് അനുപാതത്തിന് വ്യത്യാസമുണ്ട്. അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 500 കോടി വരെയുള്ള ഫണ്ടുകളില്‍ ചെലവ് അനുപാതം 2.25 ശതമാനം വരെയാകാം. 500-700 കോടിക്ക് ഇടയില്‍ വരുമ്പോള്‍ 2 ശതമാനവും 2000 കോടി രൂപ വരെ എയുഎം ഉള്ള ഫണ്ടുകൾക്ക് 1.75 ശതമാനം എന്നിങ്ങനെയാണ് ചെലവ് അനുപാതം.
ആദായത്തെ ബധിക്കുന്നത് ഇങ്ങനെ
ചെലവ് അനുപാതം എങ്ങനെയാണ് ഒരു നിക്ഷേപത്തെ ബാധിക്കുന്നത് എന്ന് നോക്കാം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം കൈകാര്യം ചെയ്യുന്നതിന് ഫണ്ട് ഹൗസുകള്‍ വര്‍ഷത്തില്‍ ഈടാക്കുന്ന തുകയാണിത്. ഉദാഹരണത്തിന് 1 ലക്ഷം രൂപ നിക്ഷേപിക്കുന്ന ഫണ്ടില്‍ 1 ശതമാനമാണ് ചെലവ് അനുപാതമെങ്കില്‍ വര്‍ഷത്തില്‍ 1,000 രൂപ ഫണ്ട് കൈകാര്യം ചെയ്യാനായി നൽകണം.
ഇതുപ്രകാരം വര്‍ഷത്തില്‍ 12 ശതമാനം ആദായം ഫണ്ട് നല്‍കുമ്പോള്‍ 1 ശതമാനം ചെലവ് അനുപാതം കൂടി കണക്കിലെടുത്താല്‍ 11 ശതമാനം ആയിരിക്കും യഥാര്‍ഥ ലാഭം.
എസ്ഐപി നിക്ഷേപം പരിഗണിച്ചാൽ എസ്ബിഐ ബ്ലൂ ചിപ്പ് ഫണ്ട് റെഗുലര്‍ പ്ലാനില്‍ 1.65 ശതമാനമാണ് ചെലവ് അനുപാതം. മാസത്തില്‍ 5,000 രൂപയുടെ എസഐപി നടത്തിയൊരാള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് 4,24,116 രൂപ നേടാനായി. ഡയറക്ട് പ്ലാനില്‍ ചെലവ് അനുപാതം 0.91 ശതമാനമാണ്. 5,000 രൂപയുടെ മാസ എസ്‌ഐപി വഴി 5 വര്‍ഷം കൊണ്ട് ലഭിച്ച ആദായം 4,33,198 ലക്ഷം രൂപയാണ്.
9,082 രൂപയുടെ വ്യത്യാസം ലാഭത്തിലുണ്ടായി. വലിയ ചെലവ് അനുപാതം ഇത്തരത്തില്‍ ആദായത്തെ ബാധിക്കും. ഇതിനാല്‍ നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ ചെലവ് അനുപാതം പ്രധാനമായും പരിഗണിക്കേണ്ട ഒരു വിഷയമാണ്.