യുക്രൈന്‍ യുദ്ധ വിഷയത്തില്‍ സൗദി അറേബ്യ റഷ്യയ്‌ക്കൊപ്പമാണ് എന്നാണ് അമേരിക്കയുടെ ആരോപണം. ഇക്കാര്യം സൗദി അറേബ്യ തള്ളി. എണ്ണ വില ഉയര്‍ത്താനുള്ള സൗദിയുടെ നീക്കം റഷ്യയെ സഹായിക്കാനാണെന്നും ഈ വേളയില്‍ റഷ്യയ്ക്ക് കരുത്ത് ലഭിച്ചാല്‍ യുദ്ധത്തില്‍ വിജയം അവര്‍ക്കാകുമെന്നും അമേരിക്ക ഭയപ്പെടുന്നു.
നവംബര്‍ ഒന്ന് മുതല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒപെക് പ്ലസ് കൂട്ടായ്മ. ഒപെകില്‍ പ്രധാനി സൗദിയാണ്. മറ്റു എണ്ണ രാജ്യങ്ങളില്‍ പ്രമുഖ രാജ്യം റഷ്യയും. ഇവര്‍ ഐക്യകണ്‌ഠ്യേനയാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങള്‍ മാത്രമാണുള്ളതെന്നും സൗദി വ്യക്തമാക്കി.
സൗദി അറേബ്യ റഷ്യയ്‌ക്കൊപ്പമാണെന്ന ആരോപണം തങ്ങളെ അല്‍ഭുതപ്പെടുത്തിയെന്ന് മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. ഇത് തെറ്റായ പ്രചാരണമാണ്. യുക്രൈന്‍ സര്‍ക്കാരിന് ഇങ്ങനെ ഒരു ആക്ഷേപമില്ല. മറ്റു ചിലരാണ് ആരോപണം ഉന്നയിക്കുന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ തീരുമാനം ഐക്യത്തോടെയുള്ളതാണ്. സാമ്പത്തിക കാരണങ്ങള്‍ മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ റഷ്യ മാത്രമല്ല, ഇറാനുമുണ്ട്. ഒപെക് അംഗമാണ് ഇറാന്‍. പുതിയ തീരുമാനത്തിലൂടെ സൗദി അറേബ്യ ഇറാനൊപ്പം നില്‍ക്കുന്നു എന്ന് അര്‍ഥമുണ്ടോ എന്നും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചോദിച്ചു. ഗള്‍ഫില്‍ വിരുദ്ധ ചേരിയിലാണ് സൗദിയും ഇറാനും. പല കാര്യങ്ങളിലും ഇരുരാജ്യങ്ങളും കൊമ്പുകോര്‍ക്കുകയും പതിവാണ്.
എണ്ണ വിപണിയിലെ മാറ്റങ്ങളില്‍ സൗദി രാജാവ് സല്‍മാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആഗോള വിപണിയില്‍ സുസ്ഥിരത നിലനിര്‍ത്താന്‍ കഠിനമായി പ്രയത്‌നിക്കുന്ന രാജ്യമാണ് സൗദി എന്നാണ് അദ്ദേഹം പറഞ്ഞത്. ഗള്‍ഫിലെ അമേരിക്കയുടെ സഖ്യകക്ഷികളായ യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ചിരുന്നു.
എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചാല്‍ വില വര്‍ധിക്കും. ഈ ഘട്ടത്തില്‍ റഷ്യയ്ക്ക് വലിയ നേട്ടമാകും വില വര്‍ധന. റഷ്യയുടെ വരുമാനം വര്‍ധിക്കും. അതുകൊണ്ടുതന്നെ അവര്‍ യുക്രൈനെതിരായ ആക്രമണം ശക്തിപ്പെടുത്തും… ഈ ആശങ്കയാണ് വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പങ്കുവയ്ക്കുന്നത്. ഉല്‍പ്പാദനം കുറച്ചാല്‍ സൗദിയുമായുള്ള ബന്ധം പുനഃപ്പരിശോധിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.