ബൗളിങ് വീക്ക്‌നെസ്
നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്‌നെസായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബൗളിങാണ്. അതിനാല്‍ തന്നെ ലോകകപ്പ് കഴിഞ്ഞാല്‍ ബൗളിങില്‍ തീര്‍ച്ചയായും അഴിച്ചുപണിയുണ്ടാവുമെന്നതില്‍ സംശയമില്ല. വെറ്ററന്‍ ബൗളര്‍മാരെ ഒഴിവാക്കി യുവ താരങ്ങളെ ടീമിലേക്കു കൊണ്ടുവരാനായിരിക്കും ഇന്ത്യ ശ്രമിക്കുക. ലോകകപ്പ് കഴിഞ്ഞാല്‍ ടി20യില്‍ പിന്നീട് ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ സാധ്യതയില്ലാത്ത ബൗളര്‍മാരെ അറിയാം.
മുഹമ്മദ് ഷമി
വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി തീര്‍ത്തും അപ്രതീക്ഷിതമായാണ് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു വന്നത്. നേരത്തേ പ്രഖ്യാപിച്ച 15 അംഗ സംഘത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പരിക്കു കാരണം ടൂര്‍ണമെന്റ് നഷ്ടമായതോടെ റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന ഷമിക്കു പകരക്കാരനായി നറുക്കുവീഴുകയായിരുന്നു. 2014ലെ ടി20 ലോകകപ്പിലാണ് അദ്ദേഹം ആദ്യമായി കളിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ഷമി അവസാന നിമിഷമാണ് ടീമിലിടം നേടിയത്. ഇത്തവണയും അതാവര്‍ത്തിക്കുകയായിരുന്നു.
ഇംപാക്ടുണ്ടാക്കുമോ?
ഈ ലോകകപ്പില്‍ ബുംറയുടെ അസാന്നിധ്യത്തില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഷമി. പക്ഷെ ഈ ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു അവസരങ്ങള്‍ ലഭിക്കാനിടയില്ല. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഷമി ഇന്ത്യക്കായി ഒരു ടി20 പോലും കളിച്ചിട്ടില്ല. എന്നിട്ടും താരത്തെ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ഷമിയെ ടി20യില്‍ തുടര്‍ന്നു കണ്ടേക്കില്ല. എങ്കിലും ഏകദിനം, ടെസ്റ്റ് എന്നിവയില്‍ അദ്ദേഹം തുടര്‍ന്നും കളിക്കുമെന്നുറപ്പാണ്.
ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ മറ്റൊരു വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും ഈ ലോകകപ്പോടെ ടി20 ഫോര്‍മാറ്റില്‍ ടീമില്‍ നിന്നും പുറത്തുപോവും. നിരന്തരം പരിക്കുകളുടെ പിടിയിലായിരുന്ന അദ്ദേഹം ഇന്ത്യന്‍ ടി20 ടീമില്‍ മടങ്ങിയെത്തുമെന്നു പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍ ഭുവിയെ വീണ്ടും ദേശീയ ടീമിലെത്തിച്ചു. 2024ലെ അടുത്ത ടി20 ലോകകപ്പാവുമ്പോഴേക്കും അദ്ദേഹത്തിനു 34 വയസ്സാവും. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് ഇതു കൂടുതല്‍ തന്നെയാണ്.
പരിമിതകളുള്ള ബൗളര്‍
മുഹമ്മദ് ഷമിയെപ്പോലെ ടി20യില്‍ പരിമിതികളുള്ള ബൗളറാണ് ഭുവി. പവര്‍പ്ലേയിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്താറുള്ളത്. പക്ഷെ കളിയുടെ അന്തിമ ഘട്ടങ്ങളില്‍ ഭുവിയുടെ ബൗളിങിനു മൂര്‍ച്ച നഷ്ടപ്പെടുന്നതായി കാണാം. വേഗത കൊണ്ടു തന്റെ പോരായ്മകളെ മറികടക്കാനും അദ്ദേഹത്തിനു സാധിക്കുന്നില്ല. സമീപകാലത്തു കളിച്ച ടി20കളിലെല്ലാം ഡെത്ത് ഓവറുകളില്‍ ഫഭുവി ഒരുപാട് റണ്‍സ് വിട്ടുകൊടുത്തിരുന്നു. അതിനാല്‍ തന്നെ ലോകകപ്പ് കഴിഞ്ഞാല്‍ ഭുവിയെ ടി20യില്‍ ഇന്ത്യ മാറ്റി നിര്‍ത്തിയേക്കും.
ആര്‍ അശ്വിന്‍
സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ ബൗളര്‍. ഈ ലോകകകപ്പില്‍ ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ബൗളറാണ് 35 കാരനായ അദ്ദേഹം. മികച്ച ഡിഫന്‍സീവ് സ്പിന്നറായ അശ്വിനെ ഈ ലോകകപ്പിനു ശേഷം ടി20യില്‍ കണ്ടേക്കില്ല. റണ്ണൊഴുക്ക് തടയുന്നതില്‍ അദ്ദേഹം വിജയിക്കുന്നുണ്ടെങ്കിലും മുമ്പത്തേതു പോലെ വിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്നതു പോരായ്മയാണ്. മാത്രമല്ല ഈ പ്രായത്തില്‍ അശ്വിന്‍ തന്റെ ബൗളിങില്‍ പുതുതായി എന്തെങ്കിലും ട്രിക്കുകള്‍ കൊണ്ടു വരുമെന്നു ആരും പ്രതീക്ഷിക്കുന്നുമില്ല.
അവസരം കാത്ത് യുവതാരങ്ങള്‍
രവി ബിഷ്‌നോയിയെപ്പോലെ പ്രതിഭാശാലികളായ നിരവധി യുവ സ്പിന്നര്‍മാര്‍ അവസരം കാത്തു പുറത്തു നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ലോകകപ്പ് കഴിഞ്ഞാല്‍ അശ്വിനെ ഒഴിവാക്കി ഇവര്‍ക്കു കഴിവു തെളിയിക്കാന്‍ പരമാവധി അവസരം നല്‍കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. അശ്വിന്‍ ഒന്നോ, രണ്ടോ വര്‍ഷം കൂടി റെഡ് ബോള്‍ ക്രിക്കറ്റില്‍ കളി തുടരാനാണ് സാധ്യത.