ധീരജ്‌ അണയാത്ത അഗ്നിജ്വാല: സ്‌മാരകസ്‌തൂപം ഒരുങ്ങി

Spread the love



Thank you for reading this post, don't forget to subscribe!

തളിപ്പറമ്പ്> ഇടുക്കി എൻജിനിയറിങ് കോളേജ് ക്യാമ്പസിൽ കെഎസ്യു– യൂത്ത് കോൺഗ്രസ് സംഘം കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ രക്തസാക്ഷിസ്തൂപം ഒരുങ്ങി. തൃച്ചംബരത്തെ ധീരജിന്റെ വീടിനോടുചേർന്ന സ്ഥലത്തൊരുക്കിയ സ്തൂപം ഒന്നാം രക്തസാക്ഷിത്വ വാർഷികദിനമായ 10ന് നാടിന് സമർപ്പിക്കും.

ശിൽപ്പിയും ലളിതകലാ അക്കാദമി അംഗവുമായ ഉണ്ണി കാനായിയാണ് സ്തൂപമൊരുക്കിയത്. ലോഹപീഠത്തിൽ തുറന്നുവച്ച പുസ്തകം കൊളുത്തിയ അറിവിന്റെ ദീപശിഖയിൽനിന്ന് അഗ്നിജ്വാലയായി ഉയർത്തെഴുന്നേൽക്കുന്ന പ്രസന്നവദനായ ധീരജിനെയാണ് കരിങ്കല്ലിൽ കൊത്തിയെടുത്തത്. അതിനു മുകളിൽ, പാറിപ്പറക്കുന്ന രക്തനക്ഷത്രാങ്കിത ശുഭ്രപതാക. അക്ഷരങ്ങൾക്ക് സമൂഹത്തെ തീപിടിപ്പിക്കാൻ കഴിയുമെന്നതിന്റെ ഓർമപ്പെടുത്തൽകൂടിയാണ് സ്തൂപം.
1,200 ഇഷ്ടികയും സിമന്റും നൈറ്റ് സ്റ്റീലും ഉപയോഗിച്ച് ഒമ്പത് അടി വീതിയിലും 14 അടി ഉയരത്തിലും രണ്ട് മാസമെടുത്താണ് സ്തൂപം പൂർത്തിയാക്കിയത്. സഹായികളായി സുരേഷ് അമ്മാനപ്പാറ, ബിജു കൊയക്കീൽ, ഷാജി ഇരിണാവ്, സുമിത്രൻ ചന്തപ്പുര, പി രാജീവൻ നണിശ്ശേരി, ശ്രീകുമാർ അമ്മാനപ്പാറ എന്നിവരുമുണ്ടായി. ഇടുക്കി വട്ടവടയിലെ അഭിമന്യു രക്തസാക്ഷിസ്തൂപം രൂപകൽപ്പനചെയ്തതും ഉണ്ണി കാനായിയാണ്.
ചൊവ്വ വൈകിട്ട് അഞ്ചിന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി വിദ്യാർഥിറാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും ധീരജ് രക്തസാക്ഷി സ്തൂപം അനാഛാദനവും നിർവഹിക്കും.



Source link

Facebook Comments Box
error: Content is protected !!