തന്‍വീര്‍ അഫ്‌സല്‍ (ഹോങ്കോങ്)
ഹോങ്കോങ് ടീമിനെ ടി20 ലോകകപ്പില്‍ നയിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ വംശജനായ തന്‍വീര്‍ അഫ്‌സല്‍. ലോകകപ്പിലെ സ്ഥിരം സാന്നിധ്യമല്ല അവര്‍. പക്ഷെ ഏഷ്യാ കപ്പില്‍ ഹോങ്കോങ് പല തവണ ഭാഗമായിട്ടുണ്ട്. 2016ലെ ടി20 ലോകകപ്പില്‍ ഹോങ്കോങ് മാറ്റുരച്ചപ്പോള്‍ ടീം ക്യാപ്റ്റന്‍ തന്‍വീറായിരുന്നു. ഓള്‍റൗണ്ടര്‍ കൂടിയായ അദ്ദേഹം ജനിച്ചത് പഞ്ചാബിലാണ്.
ഒയ്ന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പില്‍ കിരീട വിജയത്തിലേക്കു നയിച്ചിട്ടുള്ള താരമാണ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഒയ്ന്‍ മോര്‍ഗന്‍. പക്ഷെ അദ്ദേഹം ഇംഗ്ലണ്ടുകാരനല്ലെന്നതാണ് കൗതുകകരമായ കാര്യം. അയര്‍ലാന്‍ഡില്‍ ജനിച്ച മോര്‍ഗന്‍ കരിയറിന്റെ തുടക്കകാലത്തു ഐറിഷ് ടീമിനായി കളിക്കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്കു കൂടുമാറിയത്. പിന്നീട് ദീര്‍ഘകാലം അവരുടെ വൈറ്റ് ബോള്‍ ടീമുകളുടെ നായകനാവുകയും ചെയ്തു. 2019ലാണ് മോര്‍ഗനു കീഴില്‍ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് വിജയിച്ചത്. മറ്റൊരു രാജ്യത്തിനൊപ്പം ലോകകപ്പ് നേടിയ ഏക താരവും അദ്ദേഹമാണ്.
സിപി റിസ്വാന്‍ (യുഎഇ)
ഇത്തവണത്തെ ടി20 ലോകകപ്പില്‍ അസോസിയേറ്റ് രാജ്യമായ യുഎഇ ടീമിനെ നയിക്കുന്നത് മലയാളി കൂടിയായ സിപി റിസ്വാനാണ്. തലശേരിയില്‍ ജനിച്ചുവളര്‍ന്ന താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ കേരളത്തിന്റെ മുന്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ഭാഗമാവാന്‍ റിസ്വാന്‍ മുമ്പ് ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല.
പിന്നീട് അദ്ദേഹം യുഎഇയിലേക്കു ചേക്കേറുകയും അവരുടെ ദേശീയ ടീമിന്റെ ഭാഗമാവുകയുമായിരുന്നു. 2019ലാണ് റിസ്വാന്‍ യുഎഇ ക്യാപ്റ്റനായത്. ഇപ്പോള്‍ ടി20 ലോകകപ്പില്‍ ടീമിനെ നയിക്കാനുള്ള സുവര്‍ണാവസരവും താരത്തിനു ലഭിച്ചിരിക്കുകയാണ്.
പ്രെസ്റ്റണ്‍ മൊമ്മെസണ്‍ (സ്‌കോട്ട്‌ലാന്‍ഡ്)
സൗത്താഫ്രിക്കയില്‍ ജനിച്ച് ടി20 ലോകകപ്പില്‍ മറ്റൊരു രാജ്യത്തെ നയിച്ചിട്ടുള്ള മറ്റൊരു താരം പ്രെസ്റ്റണ്‍ മൊമ്മെസണാണ്. സ്‌കോട്ട്‌ലാന്‍ഡ് ടീമിനെയാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നയിച്ചത്. 2015ലെ ഏകദിന ലോകകപ്പിലാണ് മൊമ്മെസണ്‍ സ്‌കോട്ടിഷ് ടീം ക്യാപ്റ്റനായത്.