മറഞ്ഞത്‌ സിനിമയുടെ അപൂർവ ചിത്രകല

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി > ‘വരകളിൽ അത്ഭുതമായിരുന്നു കിത്തോ. കലൂർ ഡെന്നീസ്‌–-കിത്തോ–-ജോൺപോൾ. ഈ സൗഹൃദത്തിന്‌ ഒരു പുരുഷായുസിൽ അധികം ദൈർഘ്യമുണ്ട്‌. പുതുതലമുറയ്‌ക്ക്‌ അധികം അറിയില്ലെങ്കിലും അന്ന്‌ കൂട്ടത്തിലുണ്ടായിരുന്ന സെബാസ്‌റ്റ്യൻ പോളിനെപ്പോലുള്ളവർക്ക്‌ ഓർമയുണ്ടാകും.’–- സുഖമില്ലെങ്കിലും ഏറെ പ്രയാസപ്പെട്ട്‌ കിത്തോയെ ഒരുനോക്കുകാണാനെത്തിയ തിരക്കഥാകൃത്ത്‌ കലൂർ ഡെന്നീസ്‌ വാക്കുകൾകിട്ടാതെ വിഷമിച്ചു.

1972 കാലം. തിരക്കഥാകൃത്താകുംമുമ്പ്‌ കലൂർ ഡെന്നീസ്‌ പത്രാധിപരായി തിളങ്ങിനിന്ന എറണാകുളം എംജി റോഡിലെ ‘ചിത്രപൗർണമി’ മാസിക ഓഫീസ്‌.   സിനിമയുടെ പരസ്യകലയിൽ അത്ഭുതങ്ങൾ വരച്ച ചിത്രകാരൻ കിത്തോ ആദ്യമായി ഓഫീസ്‌ തുടങ്ങിയതും അവിടെ. ഈ കൂട്ടായ്‌മയിൽ ബാങ്ക്‌ ഉദ്യോഗസ്ഥനായിവന്ന്‌ തിരക്കഥാകൃത്തായി മാറിയ ജോൺപോൾ വിടപറഞ്ഞിട്ട്‌ മാസങ്ങൾ മാത്രം.

കലൂർ സെന്റ്‌ ആന്റണീസ്‌ സ്‌കൂളിൽ സീനിയറായിരുന്ന കലൂർ ഡെന്നീസുമായി അന്നേ തുടങ്ങി കിത്തോയുടെ സൗഹൃദം. സ്‌കൂൾകാലത്തുതന്നെ പ്രസ്സുകളിൽ ചിത്രം അച്ചടിക്കുന്ന ബ്ലോക്കുകൾക്കായി വരച്ചുതുടങ്ങി. മഹാരാജാസിലെ പിയുസി  പഠനം വിട്ട്‌ ചിത്രകല ജീവിതമാർഗമായി സ്വീകരിച്ചപ്പോഴും ഡെന്നീസിന്റെ നീണ്ടകഥകൾക്ക്‌ ഇലസ്‌ട്രേഷൻ വരച്ചാണ്‌ തുടക്കം. ആദ്യം ചിത്രകൗമുദി മാസികയിൽ വരയ്‌ക്കാൻ ഏർപ്പാട്‌ ചെയ്‌തതും ഡെന്നീസാണ്‌. അക്കാലത്തെ മലയാള സിനിമയിലെ പോപ്പുലർ മാസികയായ ചിത്ര പൗർണമിയിൽ ഇലസ്‌ട്രേഷൻ വരച്ചുതുടങ്ങിയതോടെ കിത്തോ മാധ്യമലോകത്തും പ്രശസ്‌തനായി.  പന്തളത്തുകാരൻ എ എൻ രാമചന്ദ്രൻ നടത്തിയിരുന്ന മാസിക പിന്നീട്‌ സ്ഥിരം എഴുത്തുകാരനായ കലൂർ ഡെന്നീസിനെ ഏൽപ്പിക്കുകയായിരുന്നു. കിത്തോയും മാസികയിലെ ആദ്യാവസാനക്കാരനായി.   സെബാസ്‌റ്റ്യൻ പോളിനെ ചീഫ്‌ എഡിറ്ററാക്കി. ജോൺപോളും ഫോട്ടോഗ്രാഫർ ആന്റണി ഈസ്‌റ്റ്‌മാനും ഈ കുട്ടായ്‌മയിലേക്കു വന്നു.

ആ ചിത്രപൗർണമിക്കാലം കിത്തോയെ സിനിമയുമായി അടുപ്പിച്ചു. 1978ൽ ഐ വി ശശിയുമായുള്ള പരിചയമാണ് “ഈ മനോഹരതീരം’എന്ന സിനിമയിൽ എത്തിച്ചത്. സിനിമയുടെ പരസ്യകലയും കലാസംവിധാനവും കിത്തോ നിർവഹിച്ചു. ആ സിനിമയുടെ തിരക്കഥ തിരുത്താനുള്ള ജോലി  തിരക്കഥാകൃത്തുക്കളാകുംമുമ്പേ  ജോൺപോളിന്റെയും കലൂർ ഡെന്നീസിന്റെയും കൈകളിൽ വന്നതും യാദൃച്ഛികം.

ജേസി, ജോഷി, സത്യൻ അന്തിക്കാട്, ഫാസിൽ, കമൽ, വിജി തമ്പി, മോഹൻ, ഹരികുമാർ, തമ്പി കണ്ണന്താനം, കെ എസ്‌ സേതുമാധവൻ, ജോർജ് കിത്തു, തുളസിദാസ് തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളുടെയെല്ലാം പരസ്യം കിത്തോയായിരുന്നു ചെയ്‌തിരുന്നത്‌. കംപ്യൂട്ടർ ഗ്രാഫിക്‌സ്‌ ഇല്ലാത്ത അക്കാലത്ത് കിത്തോ ഡിസൈനിങ്ങിൽ പല പുതുമകളും കൊണ്ടുവന്നു. കെ എസ്‌ സേതുമാധവൻ സംവിധാനം ചെയ്ത ആരോരുമറിയാതെ എന്ന ചിത്രത്തിനുവേണ്ടി കാർട്ടൂൺ പോസ്റ്ററുകൾ  ഇറക്കി. ഈ സിക്സ് ഷീറ്റ് പോസ്റ്ററിൽ മധു, ഭരത് ഗോപി, കരമന ജനാർദനൻനായർ, നെടുമുടി വേണു എന്നിവർ ചേർന്ന്‌ രഥം വലിക്കുന്ന കാർട്ടൂൺ പോസ്റ്റർ ഏറെ പ്രശസ്തി നേടി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!