റുതുരാജും പൃഥ്വിയും
ടോപ്‌സ്‌കോറര്‍ സ്ഥാനത്തേക്കു ഇന്ത്യയുടെ രണ്ടു യുവതാരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മഹാരാഷ്ട്രയുയെ റുതുരാജ് ഗെയ്ക്വാദാണ് നിലവില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ മുംബൈയുടെ വെടിക്കെട്ട് താരം പൃഥ്വി ഷാ തൊട്ടു പിന്നാലെയാണ്. റുതുരാജും പൃഥ്വിയും തമ്മില്‍ ഏഴു റണ്‍സിന്റെ വ്യത്യാസം മാത്രമേയുള്ളൂ.
പൃഥ്വിയുടെ പ്രകടനം
നാലു ഇന്നിങ്‌സുകളില്‍ നിന്നും 69 ശരാശരിയില്‍ 151.64 സ്‌ട്രൈക്ക് റേറ്റോടെ 276 റണ്‍സാണ് റുതുരാജ് നേടിയത്. ഒരിന്നിങ്‌സ് കൂടുല്‍ കളിച്ച പൃഥ്വി 67.25 ശരാശരിയില്‍ 196.35 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 269 റണ്‍സാണ്. റുതുരാജ് രണ്ടു സെഞ്ച്വറികള്‍ ഇതിനകം നേടിയപ്പോള്‍ പൃഥ്വി ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ചു.
തിലക് വര്‍മ മൂന്നാമത്
കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരം കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലായിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയാണ്. മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദിനു വേണ്ടിയാണ് താരം കളിക്കുന്നത്. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 49.80 ശരാശരിയില്‍ 137.56 സ്‌ട്രൈക്ക് റേറ്റോടെ 249 റണ്‍സ് തിലകിന്റെ അക്കൗണ്ടിലുണ്ട്.
തിലകിനു പിറകില്‍ നാലാമന്‍ കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ നായകന്‍ യഷ് ധൂലാണ്. ഡല്‍ഹിക്കായി അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 245 റണ്‍സ് താരം നേടി. ധൂല്‍ കഴിഞ്ഞാല്‍ റണ്‍വേട്ടയില്‍ അഞ്ചാമന്‍ സൗരാഷ്ട്രയുടെ സമര്‍ഥ് വ്യാസാണ്. നാലു ഇന്നിങ്‌സില്‍ നിന്നും 239 റണ്‍സ് താരം നേടിക്കഴിഞ്ഞു.
കേരളത്തിന്റെ ഹീറോ രോഹന്‍
അതേസമയം, ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി കൂടുതല്‍ റണ്‍സെടുത്തത് നായകന്‍ സഞ്ജു സാംസണല്ല. വെടിക്കെട്ട് ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ് തലപ്പത്ത്. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 35.75 ശരാശരിയില്‍ 134.90 സ്‌ട്രൈക്ക് റേറ്റോടെ രോഹന്‍ നേടിയത് 143 റണ്‍സാണ്. ഒരു ഫിഫ്റ്റിയാണ് താരം കുറിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 58 റണ്‍സാണ്.
സഞ്ജു മൂന്ന് ഇന്നിങ്സ് മാത്രം
കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെയാള്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ്. 129 റണ്‍സ് നാലു ഇന്നിങ്‌സുകളില്‍ നിന്നും താരം നേടി. ഒരു ഫിഫ്റ്റി അസ്ഹറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 100 റണ്‍സെടുത്ത ഓപ്പണര്‍ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍മാരില്‍ മൂന്നാംസ്ഥാനത്ത്. അതേസമയം, സഞ്ജു കേരളത്തിനായി മൂന്നു ഇന്നിങ്‌സുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നു നേടാനായത് 36 റണ്‍സ് മാത്രമാണ്.