പട്ടേല്‍ എന്‍ജിനീയറിങ്
വന്‍കിട പദ്ധതികളുടെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് പട്ടേല്‍ എന്‍ജിനീയറിങ് ലിമിറ്റഡ്. 1949-ല്‍ രാജ്യത്തെ സിവില്‍ എന്‍ജിനീയറിങ് മേഖലയിലെ സാന്നിധ്യമാണ്. ജലവൈദ്യുത നിലയം, റെയില്‍വേ തുരങ്കം, പാലം, റോഡ് പോലെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇതിനോടൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,120 കോടിയാണ്.
ഓഹരി വിശദാംശം
പട്ടേല്‍ എന്‍ജിനീയറിങ്ങിന്റെ ആകെ ഓഹരികളില്‍ 54.62 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 99.47 ശതമാനം ഓഹരികളും ഏറെക്കാലമായി ഈട് നല്‍കിയിരിക്കുകയാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 27.25 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. പട്ടേല്‍ എന്‍ജിനീയറിങ്ങിന്റെ (BSE: 531120, NSE : PATELENG) പ്രതിയോഹരി ബുക്ക് വാല്യൂ 47.67 രൂപ നിരക്കിലും പിഇ അനുപാതം 10 മടങ്ങിലുമാണുള്ളത്. ഇതു രണ്ടും ആരോഗ്യകരമായ നിലവാരമാണ്.
സാമ്പത്തികം
കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 11 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 14 ശതമാനം വീതം വളര്‍ച്ച കൈവരിച്ചെങ്കിലും അറ്റാദയത്തില്‍ 22 ശതമാനം ഇടിവ് നേരിട്ടു. പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പട്ടേല്‍ എന്‍ജിനീയറിങ്ങിനെ വിലയിരുത്തിയാല്‍ കമ്പനിയുടെ സാമ്പത്തികാരോഗ്യം ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. അതേസമയം ഇക്കഴിഞ്ഞ ജൂണില്‍ പട്ടേല്‍ എന്‍ജിനീയറിങ് നേടിയ വരുമാനം 974 കോടിയും അറ്റാദായം 41 കോടിയുമാണ്. രണ്ടിലും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.
അനുകൂല ഘടകം
സമീപകാലത്തെ തിരുത്തലോടെ ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയപ്പോള്‍ നിക്ഷേപതാത്പര്യം പ്രകടമാകുന്നുണ്ട്. ഇങ്ങനെ തിരികെ കയറിയപ്പോള്‍ രേഖപ്പെടുത്തിയ സമീപകാല ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 61.8% റീട്രേസ്‌മെന്റും പട്ടേല്‍ എന്‍ജിനീയറിങ് ഓഹരികള്‍ പൂര്‍ത്തിയാക്കി. ഇതോടെ റിസ്‌ക്കിന് ആനുപാതികമായ നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ പട്ടേല്‍ എന്‍ജിനീയറിങ് ഓഹരികള്‍ ഹ്രസ്വകാല വ്യാപാരത്തിന് ആകര്‍ഷകമാണെന്ന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി ഷെയേര്‍സ് ചൂണ്ടിക്കാട്ടി.
ലക്ഷ്യവില 24.50
പട്ടേല്‍ എന്‍ജിനീയറിങ്ങിന്റെ ഓഹരികള്‍ 22-21.50 രൂപ നിലവാരത്തിനിടെ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഇവിടെ നിന്നും സമീപ ഭാവിയില്‍ ഓഹരിയുടെ വില 24.50 രൂപയിലേക്ക് മുന്നേറാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 20.75 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം ഒരു വര്‍ഷക്കാലയളവില്‍ പട്ടേല്‍ എന്‍ജിനീയറിങ് ഓഹരിയുടെ ഉയര്‍ന്ന വില 35 രൂപയും താഴ്ന്ന വിലനിലവാരം 19.40 രൂപയുമാണ്. 21.70 രൂപയിലായിരുന്നു ഇന്ന് ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി ഷെയേര്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.