ശ്രീനിവാസന്റെ സിനിമകൾ പലതും കാലത്തിന് മുന്നേ സഞ്ചരിച്ചവയാണ്. ഇപ്പോൾ ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിലാണ് ശ്രീനിവാസൻ. അതിനിടയിലും പുതിയ കഥയുടെ പണിപ്പുരയിലാണ് അദ്ദേഹമെന്നാണ് റിപ്പോർട്ടുകൾ.
ശ്രീനിവാസനെ പോലെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രണ്ടു പേരും ഇതിനോടകം തന്നെ നടന്മാരെയും സംവിധായകരയുമെല്ലാം പേരെടുത്ത് കഴിഞ്ഞു. മൂത്തമകൻ വിനീത് മലയാളത്തിലെ മികച്ച പിന്നണി ഗായകരിൽ ഒരാൾ കൂടിയാണ്. അച്ഛന്റെ പല കഴിവുകളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്ന് ഇരുവരും തെളിയിച്ചു കഴിഞ്ഞു.
സിനിമയിലെ എല്ലാ മേഖലകളിലും തിളങ്ങുമ്പോഴും ശ്രീനിവാസനെ വലച്ചിരുന്നത് ഡാൻസ് ആയിരുന്നു. ഡാൻസ് തനിക്ക് ഒരിക്കലും വഴങ്ങിയിട്ടില്ലെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ കൈരളിയിലെ ഒരു പരിപാടിയിൽ നാടോടിക്കാറ്റ് ചിത്രീകരണത്തിനിടയിൽ ഡാൻസ് കാരണം താൻ വെള്ളം കുടിച്ചതിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞിരുന്നു.
താൻ പരാജയപ്പെട്ട കാര്യത്തിൽ മക്കൾ തിളങ്ങണം എന്ന വാശിക്ക് വിനീതിനെയും ധ്യാനിനെയും ഡാൻസ് പഠിപ്പിക്കാൻ ചേർത്തതും അതിന് ശേഷം സംഭവിച്ചതും ശ്രീനിവാസൻ പറഞ്ഞിരുന്നു. ആ സംഭവത്തിന് ശേഷമാണു വിനീതും ധ്യാനും തന്റെ മക്കൾ തന്നെയാണെന്ന് ഉറപ്പായത് എന്നാണ് ശ്രീനിവാസൻ പറഞ്ഞത്.
‘ഡാൻസ് ചെയ്ത് പരാജയപ്പെട്ടതിന്റെ വാശി ഞാൻ തീർക്കാൻ ശ്രമിച്ചത് എന്റെ മക്കളിലൂടെയാണ്. രണ്ടു ആൺ മക്കളെയും ഞാൻ ഡാൻസ് പഠിപ്പിക്കാൻ തീരുമാനിച്ചു. എനിക്ക് അറിയാത്ത ഒരു കാര്യം അവർ പടിക്കട്ടെ എന്നതായിരുന്നു എന്റെ വാശി. ഞാൻ ഈ കാര്യം അവരോട് പറഞ്ഞു. അവർ പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി,’
‘എന്നാൽ ഞാൻ പറഞ്ഞു. ജീവിതത്തിൽ ഒരു ഡിസ്‌പ്ലിൻ ഉണ്ടാവാൻ, ഒരു താളബോധം ഉണ്ടാവാൻ ഡാൻസ് വേണമെന്ന്. ആ ടെക്നിക്കിൽ അവർ വീണു. അങ്ങനെ വീട്ടിൽ എത്തി ഡാൻസ് പഠിപ്പിക്കുന്ന ഒരു അധ്യാപികയെ ഏർപ്പാട് ചെയ്‌തു. അത് കഴിഞ്ഞു ഞാൻ കുറെ ആവശ്യങ്ങളുമായി പുറത്ത് പോയി. ഒന്നരമാസം കഴിഞ്ഞ് തിരിച്ചെത്തി,’
‘ഞാൻ ഭാര്യയോട് മക്കളുടെ ഡാൻസ് പഠിത്തം എന്തായി എന്ന് ചോദിച്ചു. അവൾ ഭയങ്കര ചിരി. ആര് പഠിക്കാൻ. ടീച്ചർ ഒന്ന് രണ്ടു ദിവസം വന്ന് കഠിന പ്രയത്നം ചെയ്തു അവർ പരാജയപ്പെട്ടു. അങ്ങനെ അവർ സ്ഥലം വിട്ടെന്ന് ഭാര്യ പറഞ്ഞു. ആ സംഭവത്തോടെയാണ് ഇവർ രണ്ടുപേരും എന്റെ മക്കൾ ആണെന്ന് എനിക്ക് ഉറപ്പായത്’, ശ്രീനിവാസൻ പറഞ്ഞു.