തോൽവിയിലും തരൂർ താരം ; കുടുംബവാഴ്‌ച നുണഞ്ഞ്‌ കേരള നേതാക്കൾ

Spread the love




തിരുവനന്തപുരം

കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യം ആവശ്യമാണെന്ന്‌ ബോധ്യപ്പെടുത്താൻ ശ്രമിച്ച ശശി തരൂരിനെ തഴഞ്ഞ കേരള നേതൃത്വം  കണ്ണടച്ച്‌ പിന്തുണച്ചത്‌ കുടുംബവാഴ്‌ചയെ. സോണിയ കുടുംബത്തിന്റെ ഇഷ്ട അധ്യക്ഷൻ ഖാർഗെ പാർടിയിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന്‌ അദ്ദേഹത്തെ പിന്തുണക്കുന്ന കോൺഗ്രസ്‌ നേതാക്കളാരും വിശ്വസിക്കുന്നില്ല. കുടുംബം പറയുന്നതിനപ്പുറത്തേക്ക്‌ പോകാൻ ഖാർഗെയും തയ്യാറാകില്ലെന്ന്‌ ഇവർക്ക്‌ അറിയാം.  

ഇന്ത്യയിലെ മുത്തശ്ശി പാർടിയായ, 137 വയസ്സുള്ള കോൺഗ്രസിൽ നടന്ന അഞ്ചു തെരഞ്ഞെടുപ്പിലും ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിച്ചവർക്ക്‌ പറ്റാത്ത ചലനമുണ്ടാക്കാൻ തരൂരിനായി. ഫലം വന്നശേഷവും തരൂരിനെ ആക്ഷേപിക്കാൻ മത്സരിക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താനും കൊടിക്കുന്നിൽ സുരേഷും അടക്കമുള്ള നേതാക്കൾ ലക്ഷ്യമിടുന്നത്‌ ‘സോണിയ കുടുംബ ’ത്തിന്റെ പ്രീതിയാണ്‌. കേരള നേതൃത്വത്തിന്റെ മുഖമുദ്രയും മറ്റൊന്നല്ല. 450 ലക്ഷം അംഗത്വമെന്ന കോൺഗ്രസിന്റെ അവകാശവാദം ശരിയെങ്കിൽ 50 ലക്ഷത്തിലധികംപേരുടെ പിന്തുണയുള്ള തരൂരിനെ തള്ളാൻ ഇനി ഇവർക്കാകുമോ എന്നതാണ്‌ ചോദ്യം. വിമത പാളയത്തിലാക്കാനുള്ള ശ്രമത്തെയും തരൂർ അതിജീവിച്ചു. മാറ്റത്തിന്‌ വഴങ്ങാത്ത, തന്നെ തകർക്കാൻ ശ്രമിച്ച കേരള നേതൃത്വവുമായി ചേർന്ന്‌ ഇനി എത്രകാലം മുന്നോട്ടുപോകാനാകുമെന്നത്‌ തരൂരിനും വലിയ വെല്ലുവിളിയാണ്‌.

ഖാർഗെയുടെ നാമനിർദേശപത്രികയിൽ പരസ്യമായി ഒപ്പിട്ട്‌ ഔദ്യോഗിക നിലപാട്‌ ആദ്യം അറിയിച്ചത്‌ എ കെ ആന്റണിയാണ്‌. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടെ തരൂരിനെ ആദ്യം പിന്തുണച്ചവരടക്കം മലക്കം മറിഞ്ഞു. മുതിർന്ന നേതാക്കളെ ആകെ വെല്ലുവിളിച്ച്‌ രംഗത്തുവരാൻ ചുരുക്കം നേതാക്കൾക്കേ ധൈര്യമുണ്ടായുള്ളൂ. നേതാക്കൾ ഖാർഗെയെ പിന്തുണച്ചിട്ടും കേരളത്തിൽ നിന്ന്‌ പകുതിയോളം വോട്ടു ലഭിച്ചത്‌ നേതാക്കളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌.

സോണിയ കുടുംബത്തെ 
തൃപ്‌തിപ്പെടുത്താൻ പാടുപെട്ട്‌ തരൂർ

തെരഞ്ഞെടുപ്പ്‌ ഫലം വന്നതോടെ ഹൈക്കമാൻഡിന്റെ അതൃപ്‌തി പിടിച്ചുപറ്റാതിരിക്കാനുള്ള കഠിന യത്‌നത്തിലാണ്‌ ശശി തരൂർ. കടുത്ത വിമർശങ്ങൾ ഉയർത്തിയ തരൂർ, എന്നാൽ ഫലപ്രഖ്യാപനത്തിന്‌ പിന്നാലെ നിലപാട്‌ മാറ്റി. നേതൃത്വത്തിന്‌ തന്നെ ഇനി അവഗണിക്കാനാകില്ലെന്ന പ്രതീക്ഷയാണ്‌ തരൂരിനുള്ളത്‌. ഫലം വിനയത്തോടെ അംഗീകരിക്കുന്നു, ഖാർഗെയെ അഭിനന്ദിക്കുന്നു–- ശശി തരൂർ പ്രസ്‌താവനയിൽ അറിയിച്ചു. കാൽ നൂറ്റാണ്ട്‌ പാർടിയെ നയിച്ച സോണിയ ഗാന്ധിയോടുള്ള കടപ്പാട്‌ അറിയിക്കുന്നു.കോൺഗ്രസിനെ താങ്ങുന്ന സ്‌തംഭമായി കുടുംബം തുടരുമെന്ന്‌ തന്നെ ഉറച്ചുവിശ്വസിക്കുന്നു–- തരൂർ പറഞ്ഞു.

ഗ്രൂപ്പുപോര്‌ 
മുറുകും

ആയിരത്തിലേറെ വോട്ടുകൾ ശശി തരൂർ നേടിയതോടെ കേരളത്തിലെ ഗ്രൂപ്പുപോരിന്‌ മൂർച്ചയേറും. എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയുമൊന്നും സജീവമല്ലാത്ത സാഹചര്യത്തിൽ തരൂരിനെ നേതൃസ്ഥാനത്തേക്ക്‌ കൊണ്ടുവരാൻ എ ഗ്രൂപ്പ്‌ താൽപ്പര്യപ്പെടുന്നു. കേരളത്തിൽനിന്ന്‌ നൂറിലേറെ വോട്ട്‌ തരൂരിന്‌ കിട്ടിയത് എ ഗ്രൂപ്പിന്റെ പിന്തുണ തരൂരിന്‌ ലഭിച്ചെന്ന് വ്യക്തമാക്കുന്നു.

എന്നാൽ, കേരളത്തിലെ ഹൈക്കമാൻഡ്‌ പക്ഷം തരൂരിനെ ഒറ്റപ്പെടുത്താനുള്ള  ശ്രമത്തിലാണ്‌. തരൂർ ആയിരത്തിൽ കൂടുതൽ വോട്ട്‌ പിടിച്ചതിൽ വലിയ കാര്യമൊന്നുമില്ലെന്ന്‌ കൊടിക്കുന്നിൽ സുരേഷ്‌ പരസ്യമായി പ്രതികരിച്ചു. കെ സി വേണുഗോപൽ, വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും തരൂരിനെതിരായി രംഗത്തുണ്ട്‌. ചെന്നിത്തല ഖാർഗെയ്‌ക്കായി പ്രചാരണത്തിനും ഇറങ്ങി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!