ഹൃദ്യം: അയ്യായിരത്തിലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

Spread the loveതിരുവനന്തപുരം> കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ആരോഗ്യ വകുപ്പ് രൂപം നല്‍കിയ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 1,002 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഇതില്‍ ഒരു വയസിന് താഴെയുള്ള 479 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് സഹായകമായ രീതിയില്‍ ഹൃദ്യം പദ്ധതി വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പദ്ധതി വഴി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് ഒട്ടും കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഹൃദ്യത്തിലൂടെ സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും പിന്തുണ നല്‍കുന്ന തുടര്‍പിന്തുണാ പദ്ധതി ആരംഭിച്ചു. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമാണ്. അതിന്റെ ഭാഗമായി ആര്‍ബിഎസ്‌കെ നഴ്സുമാരെക്കൂടി ഉള്‍പ്പെടുത്തി ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളുടെ കൂടി സഹായത്തോടെ സമൂഹത്തില്‍ ഇടപെട്ടുകൊണ്ട് കുഞ്ഞുങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ഇതുവരെ 98 കുട്ടികള്‍ക്ക് പരിശോധന നടത്തി, അതില്‍ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ വഴി തുടര്‍ ചികിത്സ ഉറപ്പാക്കി. അടുത്ത 50 പേരുടെ പരിശോധന ഉടന്‍ ആരംഭിക്കുന്നതാണ്.

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താനാകും. 1000ല്‍ 8 കുട്ടികള്‍ക്ക് ഹൃദ്രോഗം കാണുന്നുണ്ട്. അതില്‍ തന്നെ 50 ശതമാനം കുട്ടികള്‍ക്ക് ചികിത്സ വേണം. അതില്‍ കുറേ കുട്ടികള്‍ക്ക് ശസ്ത്രക്രിയ വേണ്ടി വരും. സ്വകാര്യ മേഖലയെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ഹൃദ്യം പദ്ധതി ആരംഭിച്ചത്. 9 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കും. ഇത്തരത്തില്‍ വളരെ അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിന് സൗജന്യ ഐ.സി.യു. ആംബുലന്‍സ് സംവിധാനവും ലഭ്യമാണ്.

നവജാത ശിശുക്കള്‍ മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പോലും പ്രസവം മുതലുള്ള തുടര്‍ ചികിത്സകള്‍ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലാണ് നടത്തുന്നത്. വെബ് രജിസ്ട്രേഷന്‍ (https://hridyam.kerala.gov.in/) ഉപയോഗിച്ചാണ് സൗജന്യ ശസ്ത്രക്രിയ നടത്തുന്നത്. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി

 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!