രോഹിത് ശര്‍മ – ഷഹീന്‍ ഷാ അഫ്രീദി
ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയും പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും തമ്മിലുള്ള പോരാട്ടം നിര്‍ണ്ണായകമാവുമെന്ന് പറയാം. ഓപ്പണിങ്ങില്‍ രോഹിത് ഇറങ്ങുമ്പോള്‍ ന്യൂബോളില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഷഹീനുണ്ടാവും. 2021ലെ ടി20 ലോകകപ്പില്‍ രോഹിത്തിനെ മിന്നല്‍ യോര്‍ക്കറുമായി എല്‍ബിയില്‍ കുടുക്കാന്‍ ഷഹീനായിരുന്നു.
ഓസീസ് സാഹചര്യത്തില്‍ മികച്ച വേഗവും സ്വിങ്ങും ബൗണ്‍സും കണ്ടെത്താന്‍ സാധിക്കുന്ന ബൗളറാണ് ഷഹീന്‍. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഷഹീന്‍ മിന്നല്‍ യോര്‍ക്കറുകളിലൂടെ സന്നാഹ മത്സരത്തില്‍ തിളങ്ങിയിരുന്നു. അഫ്ഗാനിസ്ഥാനെതിരേ ആദ്യ ഓവറില്‍ തുടര്‍ച്ചയായി സ്വിങ് യോര്‍ക്കറുകളാണ് ഷഹീന്‍ എറിഞ്ഞത്. ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യക്ക് പൊതുവേ ദൗര്‍ബല്യമാണ്. രോഹിത് ഇന്ത്യയുടെ നിര്‍ണ്ണായക താരമാണെന്നിരിക്കെ ഷഹീന്‍-രോഹിത് പോരാട്ടം മത്സരഫലത്തെ സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല.
മുഹമ്മദ് റിസ്വാന്‍ – മുഹമ്മദ് ഷമി
പാകിസ്താന്റെ നിര്‍ണ്ണായക താരമാണ് മുഹമ്മദ് റിസ്വാന്‍. വിക്കറ്റ് കീപ്പറും ഓപ്പണറുമായ റിസ്വാന്‍. നിലവിലെ ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്താണ് റിസ്വാന്‍. ഒറ്റക്ക് മത്സരത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള താരമാണ് റിസ്വാന്‍. മൂന്ന് തവണ ഇന്ത്യയെ നേരിട്ടപ്പോള്‍ 96.50 ശരാശരിയില്‍ 193 റണ്‍സാണ് അദ്ദേഹം നേടിയത്. അതുകൊണ്ട് തന്നെ റിസ്വാന്റെ വിക്കറ്റിനെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്.
റിസ്വാനെ കുരുക്കാന്‍ ഇന്ത്യ കളത്തിലിറക്കുക മുഹമ്മദ് ഷമിയെയാവും. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യ ആദ്യം കളത്തിലിറക്കുന്ന ബൗളര്‍ ഷമിയാണ്. ന്യൂബോളില്‍ മികച്ച സ്വിങ്ങും പേസും ബൗണ്‍സുമുള്ള ഷമിക്ക് റിസ്വാനെ തുടക്കത്തിലേ മടക്കാനായാല്‍ അത് മത്സരഫലത്തില്‍ വലിയ മാറ്റമുണ്ടാക്കും. അതുകൊണ്ട് തന്നെ ഷമി-റിസ്വാന്‍ പോരാട്ടം മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
ഹര്‍ദിക് പാണ്ഡ്യ-ഷദാബ് ഖാന്‍
മധ്യനിരയിലെ ഇന്ത്യയുടെ വജ്രായുധമാണ് ഹര്‍ദിക് പാണ്ഡ്യ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരത്തെ ഫിനിഷര്‍ റോളിലും ഇന്ത്യ പരിഗണിക്കുന്നു. പന്തുകൊണ്ടും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള ഹര്‍ദിക് മത്സരത്തിലെ എക്‌സ്ഫാക്ടറാണെന്ന് പറയാം. ഹര്‍ദിക്കിനെതിരേ പാകിസ്താന്‍ പ്രയോഗിക്കുന്ന തന്ത്രം സ്പിന്‍ കുരുക്കായിരിക്കും. ഓസീസിലെ വലിയ മൈതാനങ്ങളില്‍ സ്പിന്‍ കെണിയില്‍ ഹര്‍ദിക് കുടുങ്ങാന്‍ സാധ്യത കൂടുതല്‍. അതുകൊണ്ട് തന്നെ ഷദാബ് ഖാനെയാവും പാകിസ്താന്‍ കളത്തിലിറക്കുക. രണ്ട് പേരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം മത്സരത്തില്‍ നിര്‍ണ്ണായകമായി മാറും.