ഈ സാഹചര്യത്തിൽ പെട്ടന്ന് പണത്തിന് ആവശ്യമായി വരുന്നവർ്ക്ക് ചേരാവുന്ന ചിട്ടികളാണ് പരിചയപ്പെടുത്തുന്നത്. കോവിഡിന് ശേഷമുള്ള സാഹചര്യത്തിൽ ആവശ്യകത മുൻനിർത്തി പല കെഎസ്എഫ്ഇ ശാഖകളും അവതരിപ്പിച്ച് മിന്നൽ ചിട്ടികളാണ് 3 ലക്ഷത്തിന്റെ 10,000 രൂപ മാസ അടവുള്ള ചിട്ടികൾ. 30 മാസം കൊണ്ട് അടച്ച് തീർക്കാവുന്നതും ആദ്യ മാസം മുതൽ വിളിച്ചെടുക്കാവുന്നതുമായി ചിട്ടികളാണ് എന്നതാണ് ഇവയുടെ പ്രത്യേകത.
ചിട്ടി വിശദാംശം
വേഗത്തില്‍ പണം ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണിത്. മാസം 10,000 രൂപയും 7,500 രൂപയ്ക്കും ഇടയിൽ മാസ അടവ് നടത്താൻ സാധിക്കുന്നൊരാൾക്ക് അനുയോജ്യമായ ചിട്ടിയാണിത്. പരമാവധി 30 ശതമാനം കിഴിവിലാണ് ചിട്ടി ലേലത്തിൽ പോകുന്നത്.
ഈ സാഹചര്യത്തിൽ 2.10 ലക്ഷം രൂപ വരെ ചിട്ടിയിൽ നിന്ന് നേടാം. 4 മാസത്തിന് ശേഷം 2.40 ലക്ഷം രൂപയ്ക്ക് ചിട്ടി ലേലത്തിൽ ലഭിക്കാനുള്ള സാധ്യതയുണ്ട്. 6 മാസം വരെ കാത്തിരുന്നാൽ 2.60 ലക്ഷം രൂപ വരെ ചിട്ടിയിൽ നിന്ന് ലഭിക്കും.
എന്നാൽ ഹ്രസ്വകാല ചിട്ടിയായതിനാൽ അധിക തുക ലാഭ വിഹിതം ലഭിക്കില്ല. 25,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ലേല കിഴിവ് പ്രതീക്ഷിപ്പിക്കപ്പെടുന്നത്. 10 മാസത്തിന് ശേഷം ലാഭകരമായൊരു തുകയിൽ വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാൽ 30 മാസത്തിന് ശേഷം മൂന്ന് ലക്ഷത്തിലധികം തുക ലഭിക്കും.
വായ്പയുമായി താരതമ്യം
ചിട്ടിയിൽ 25,000 രൂപ മുതല്‍ 30,000 രൂപ വരെ ലേല കിഴിവ് ലഭിക്കുന്നതിനാൽ 2.75 ലക്ഷം രൂപ വരെയാണ് അടയ്ക്കേണ്ടി വരുന്നത്. എന്നാൽ 2.50 ലക്ഷം രൂപ വായ്പയെടുക്കുന്നൊരാൾക്ക് 9,600 രൂപ വീതം 36 മാസത്തേക്ക് അടയ്ക്കേണ്ടതുണ്ട്. ഇതുപ്രകാരം 3.45 ലക്ഷം രൂപയോളം തിരിച്ചടവ് വരുന്നുണ്ട്. ഇത്തരത്തിൽ വലിയ തുക പലിശയായി നൽകുന്നത് ഒഴിവാക്കാൻ ഇത്തരത്തിലുള്ള ചിട്ടികളിൽ ചേരുന്നത് ഉപകാരപ്പെടും.
ചിട്ടി വേഗത്തിൽ ലഭിക്കാൻ
കെഎസ്എഫ്ഇ ചിട്ടികളില്‍ 4 തരം ജാമ്യ വ്യവസ്ഥകളാണ് സ്വീകരിക്കപ്പെടുന്നത്. സാമ്പത്തിക രേഖകള്‍, വസ്തു ജാമ്യം, വ്യക്തിഗത ജാമ്യം, സ്വര്‍ണ ജാമ്യം എന്നിവ. സാമ്പത്തിക രേഖകളായി സ്ഥിര നിക്ഷേപ രസീതുകള്‍, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, എല്‍ഐസി സറണ്ടര്‍ വാല്യു, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടിയുടെ പാസ് ബുക്കുകള്‍, ബാങ്ക് ഗ്യാരണ്ടി എന്നിവ ഉപയോഗപ്പെടുത്താം.
വ്യക്തിഗത ജാമ്യമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. 4 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്ക് ഒരു സാലറി സര്‍ട്ടിഫിക്കറ്റ് മതിയാകും.
എവിടെ ലഭിക്കും
കേരളത്തിലെ എല്ലാ ശാഖകളിൽ നിന്നും ലഭിക്കുന്ന ചിട്ടികളെ പറ്റിയുള്ള വിശദംശങ്ങൾ അറിയാൻ കെഎസ്എഫ്ഇ ഓൺലൈനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ksfeonline.com/chitty എന്ന വെബ്സൈറ്റിൽ നിന്ന് ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ ചിട്ടികളെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. ഇതിൽ ആവശ്യമായ ചിട്ടി തിരഞ്ഞെടുത്ത് കോൾബാക്ക് സൗകര്യം ഉപയോഗപ്പെടുത്തി ചിട്ടിയിൽ ചേരാവുന്നതാണ്.