കഴിഞ്ഞ ദിവസം ഒരു കഥൈ സൊല്ലട്ടുമ എന്ന പേരിലൊരു ടാസ്‌ക് ബിഗ് ബോസ് നല്‍കിയിരുന്നു. മത്സരാര്‍ഥികളുടെ സ്വകാര്യ ജീവിതത്തിലെ കഥകള്‍ പറയുകയാണ് ടാസ്‌ക് കൊണ്ട് ഉദ്ദേശിച്ചത്. തന്റെ വ്യക്തി ജീവിതത്തില്‍ അധികമാര്‍ക്കും അറിയാത്ത ചില കഥകള്‍ പറഞ്ഞ് രചിതയുമെത്തി. തന്റെ കുടുംബ ജീവിതം തകരാന്‍ കാരണക്കാരായത് തന്റെ തന്നെ വീട്ടുകാരാണെന്നാണ് നടി പറയുന്നത്. ദാമ്പത്യ ജീവിതത്തില്‍ മാത്രമല്ല കരിയറിലും ചില പ്രശ്‌നങ്ങള്‍ വന്നത് അങ്ങനെയാണെന്നാണ് രചിത പറഞ്ഞത്.
ടാസ്‌കിന് ശേഷം ബിഗ് ബോസിലെ സഹമത്സരാര്‍ഥികളായ അസീമിനോടും ക്വീന്‍സിയോടും സംസാരിക്കുകയായിരുന്നു രചിത. ‘എനിക്ക് ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടാന്‍ കാരണം സ്വന്തം കുടുംബക്കാരാണ്. എന്റെ കുടുംബജീവിതമടക്കം എല്ലാം നഷ്ടപ്പെട്ടു. ഞാന്‍ വളര്‍ന്നതൊക്കെ ബാംഗ്ലൂരിലാണ്. എന്നിട്ടും പബ്ബിലൊന്നും പോയിട്ടില്ല. അത് പറഞ്ഞ് എന്റെ സുഹൃത്തുക്കള്‍ പോലും കളിയാക്കാറുണ്ട്. ഞാന്‍ ഒരിക്കലും എന്റെ ജീവിതം ആസ്വദിച്ചിരുന്നില്ല.
എപ്പോഴും കുടുംബത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. അങ്ങനെ എന്റെ നല്ല കാലം മുഴുവന്‍ നശിപ്പിച്ച് കളഞ്ഞു. പക്ഷേ കുടുംബത്തില്‍ നിന്നും നല്ലതൊന്നും എനിക്ക് തിരിച്ച് കിട്ടിയതുമില്ല. അവര്‍ എന്റെ ജീവിതം കൂടുതല്‍ ദുരിതമാക്കുകയാണ് ചെയ്തത്. ഞാന്‍ ഭര്‍ത്താവുമായി പിരിയാന്‍ കാരണവും കുടുംബമാണ്. അദ്ദേഹത്തിന് കുഞ്ഞിനെ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്റെ വീട്ടുകാര്‍ അതിന് സമ്മതിച്ചില്ല. അഭിനയത്തിന്റെയും കമ്മിറ്റ്‌മെന്റുകളുടെയും പേരില്‍ അവരെന്നെ പിന്തിരിപ്പിച്ചു. ഒടുവിലത് വിവാഹമോചനത്തിലേക്ക് എത്തിച്ചുവെന്ന്’, രചിത പറയുന്നു.
പിരിവോം ശാന്തിപ്പോം എന്ന സീരിയലിലൂടെയാണ് രചിത അഭിനയത്തിലേക്ക് ചുവടുറപ്പിക്കുന്നത്. ഇതേ സീരിയലില്‍ സഹനടനായിരുന്ന ദിനേഷുമായി നടി ഇഷ്ടത്തിലായി. അങ്ങനെ 2013 ല്‍ താരങ്ങള്‍ വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2015 ല്‍ താരങ്ങള്‍ വേര്‍പിരിഞ്ഞു. നിയമപരമായിട്ടും ബന്ധം അവസാനിപ്പിച്ച് രണ്ടാളും രണ്ട് ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു.
വിവാഹമോചനത്തിന് ശേഷവും താരങ്ങള്‍ക്കിടയില്‍ നല്ല അടുപ്പമുണ്ടായിരുന്നു. അടുത്തിടെ രചിത ബിഗ് ബോസിലേക്ക് പോവുകയാണെന്ന് അറിഞ്ഞതോടെ ആശംസകളുമായി ദിനേഷ് എത്തിയിരുന്നു. ദിനേഷുമായി വേര്‍പിരിയേണ്ടി വന്നതില്‍ നടിയ്ക്ക് ഇപ്പോഴും കുറ്റബോധമുണ്ടെന്നുള്ളത് ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്. ഇനിയൊരു അവസരം കിട്ടിയാല്‍ രണ്ടാളും ഒരുമിച്ച് തന്നെ ജീവിക്കുന്ന സാഹചര്യത്തിലേക്ക് എത്തണമെന്നാണ് പലരും ആഗ്രഹിക്കുന്നത്.