തരൂരിനെതിരെ പടയൊരുക്കം ; കേരള നേതാക്കളുടെ നീക്കം തരൂരിന്റെ വളർച്ച തടയൽ

Spread the loveതിരുവനന്തപുരം

അധ്യക്ഷ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഞെട്ടിച്ച ശശി തരൂർ ഉന്നത സ്ഥാനങ്ങളിൽ എത്താതിരിക്കാൻ കേരള നേതാക്കളുടെ നീക്കം. ആയിരത്തിലേറെ വോട്ടുകൾ നേടിയതോടെ തരൂർ എഐസിസി പ്രവർത്തകസമിതിയിൽ ഉൾപെടാനുള്ള സാധ്യതയുണ്ട്‌. കേരളത്തിൽ എല്ലാ ഗ്രൂപ്പും ഒന്നിച്ചുനിന്നിട്ടും പകുതിയിലേറെ വോട്ട്‌ തരൂർ നേടിയത്‌ നേതാക്കളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്‌. അത്‌ തടയാനാണ്‌ നീക്കം.  തരൂർ വ്യാഴാഴ്‌ച സോണിയയെ സന്ദർശിച്ചതിനു പിന്നാലെ അദ്ദേഹത്തിന്‌ അർഹമായ സ്ഥാനം നൽകുമെന്ന്‌ അഭിപ്രായപ്പെട്ടുവെന്ന  വിവരവും പുറത്തുവന്നു.  ഫലം പുറത്തുവന്നതുമുതൽ തരൂരിനെതിരെ തുടങ്ങിയ യുദ്ധത്തിന്‌ ഇതോടെ ശക്തികൂടി. 

കെ മുരളീധരനെകൊണ്ടാണ്‌  കേരളത്തിൽ ആദ്യവെടി പൊട്ടിച്ചത്‌. പിന്നാലെ തെരഞ്ഞെടുപ്പ്‌ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി ഡൽഹിയിലും രംഗത്തുവന്നു. തരൂർ കള്ളംപറയുന്ന ആളാണെന്നു സ്ഥാപിക്കാനാണ്‌ മിസ്‌ത്രി ശ്രമിച്ചത്‌. അസാധാരണമായ മറുപടിക്കു പിന്നിൽ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണെന്ന്‌ തരൂർ പക്ഷക്കാർ സംശയിക്കുന്നു.

കേരള നേതാക്കളുടെ നീക്കം തരൂരിന്റെ വളർച്ച തടയൽ

കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളുടെ കൂട്ടായ നീക്കത്തിനു പിന്നിൽ ശശി തരൂർ പ്രവർത്തക സമിതിയൽ എത്തുന്നത്‌ തടയൽ. ഗ്രൂപ്പുകൾക്ക്‌ നിയന്ത്രിക്കാനാകാത്തവിധം ദേശീയതലത്തിൽ വളരുന്നതിലെ ആശങ്ക നേതാക്കൾ മറച്ചുവയ്ക്കുന്നില്ല. എ ഗ്രൂപ്പുകാർക്കു മാത്രമാണ്‌ തരൂരിനോട്‌ ചെറിയൊരു അനുഭാവമുള്ളത്‌. ഉമ്മൻചാണ്ടി തരൂരിനെ സ്വീകരിച്ചതും വീണ്ടും തിരുവനന്തപുരത്ത്‌ മത്സരിപ്പിക്കുമെന്ന്‌ എ കെ ആന്റണി സൂചന നൽകിയതും യാദൃച്ഛികമല്ല. ഈ അനുകൂല നീക്കങ്ങൾ തടയലാണ്‌ ആക്രമണ ലക്ഷ്യം.

അധ്യക്ഷസ്ഥാനത്തേക്ക്‌ മത്സരിച്ചതുകൊണ്ട്‌ തരൂരിന്‌ ഏതെങ്കിലും ഭാരവാഹി സ്ഥാനത്തേക്ക്‌ സംവരണമുണ്ടാകില്ലെന്ന്‌ മുരളീധരൻ പറഞ്ഞത്‌ കരുതിക്കൂട്ടിയാണ്‌. രാഹുൽഗാന്ധി മത്സരിച്ചിരുന്നെങ്കിൽ തരൂരിന്‌ നൂറ്‌ വോട്ടുപോലും കിട്ടില്ലെന്ന താരതമ്യവും തരൂരിനെ ചെറുതാക്കാനാണ്‌. ദേശീയ നേതൃസ്ഥാനത്തേക്ക്‌ പരിഗണിച്ചാൽ പരാതി അയക്കാനും മടിക്കില്ലെന്നാണ്‌ സൂചന.

ആയിരം വോട്ട്‌ പിടിച്ചത്‌ വലിയ സംഭവം അല്ലെന്നും തരൂർ മത്സരിക്കാൻ പാടില്ലായിരുന്നെന്നും കഴിഞ്ഞ ദിവസം കൊടിക്കുന്നിൽ സുരേഷ്‌ പറഞ്ഞിരുന്നു. ക്രമക്കേട്‌ നടന്നെന്ന്‌ തെളിയിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ തരൂരിനെ വെല്ലുവിളിച്ചു. ഇവരാരും സ്വമേധയാ പറയുന്നതല്ലെന്നാണ്‌ തരൂർ പക്ഷക്കാരുടെ വാദം.

ഇരുപത്താറിന്‌ അധ്യക്ഷനായി ചുമതലയേൽക്കുന്ന മല്ലികാർജുൻ ഖാർഗെയുടെ ആദ്യ ചുമതലകളിലൊന്ന്‌ പ്രവർത്തക സമിതി തെരഞ്ഞെടുപ്പാണ്‌. ഇതിൽ 11 പേർ തെരഞ്ഞെടുപ്പിലൂടെയും 12 പേർ നോമിനേഷനിലൂടെയുമാണ്‌ വരുന്നത്‌. നോമിനേഷനിൽ തരൂർകൂടി ഉൾപ്പെടാനാണ്‌ സാധ്യത. അത്‌ കെ സി വേണുഗോപാൽ അടക്കം കേരളത്തിൽനിന്നുള്ള നേതാക്കൾക്ക്‌ ക്ഷീണമാകും. കേരളത്തിൽ പകുതിയോളം വോട്ട്‌ തരൂർ നേടിയതും പരസ്യ നിലപാടെടുക്കാത്ത മുതിർന്ന നേതാക്കളും അതിൽ ഉൾപ്പെട്ടതും ഔദ്യോഗിക പക്ഷക്കാരെ ഞെട്ടിച്ചിരിക്കുകയാണ്‌.

വർക്കിങ്‌ പ്രസിഡന്റ്‌ വേണ്ടെന്ന്‌ മുരളീധരൻ

കോൺഗ്രസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ നല്ല ആക്ടീവാണെന്നും വർക്കിങ്‌ പ്രസിഡന്റിനെ ആവശ്യമില്ലെന്നും ശശി തരൂരിനെ ലക്ഷ്യമിട്ട്‌ കെ മുരളീധരൻ എംപി. തരൂരിനെ വർക്കിങ്‌ പ്രസിഡന്റ്‌ ഉൾപ്പെടെ ഉചിതമായ ദേശീയ നേതൃസ്ഥാനങ്ങളിലേക്ക്‌ പരിഗണിക്കണമെന്ന്‌ ആവശ്യമുയർന്നതോടെയാണ്‌ വാർത്താസമ്മേളനത്തിൽ മുരളീധരൻ എതിർപ്പ്‌ പരസ്യമാക്കിയത്‌.

‘കുറേ വർക്കിങ്‌ പ്രസിഡന്റുമാരുടെ ആവശ്യമില്ല. പുതിയ പ്രസിഡന്റ്‌ നല്ല ആക്ടീവാണ്‌.  പുതുതായി രൂപീകരിക്കപ്പെടുന്ന വർക്കിങ്‌ കമ്മിറ്റിയും അധ്യക്ഷനും നെഹ്‌റു കുടുംബത്തിന്റെ ഉപദേശവുമാണ്‌ കാര്യങ്ങൾ തീരുമാനിക്കുക.  പാർടി തീരുമാനമെടുക്കുന്നത്‌ വാട്‌സാപ്പും യു ട്യൂബും നോക്കിയല്ല.അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചത്‌ മോശം ഏർപ്പാടായി. ഇതൊന്നും ഭാവിയിൽ ഉണ്ടാകരുത്‌’–- മുരളീധരൻ പറഞ്ഞു.

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഭരണഘടനാ വിരുദ്ധം , വക്കീൽ നോട്ടീസയച്ച്‌ മുൻ നേതാവ്‌

എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ കോൺഗ്രസ് ഭരണഘടനയ്‌ക്ക്‌ വിരുദ്ധമെന്നു കാട്ടി തെരഞ്ഞെടുപ്പു സമിതി ചെയർമാൻ മധുസൂദൻ മിസ്‌ത്രിക്കും കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ജി പരമേശ്വരയ്‌ക്കും വക്കീൽ നോട്ടീസ്. തിരുവനന്തപുരത്തെ മുൻ ഡിസിസി ജനറൽ സെക്രട്ടറി ആർ ജയചന്ദ്രനാണ് അഭിഭാഷകൻവഴി നോട്ടീസ് അയച്ചത്. വോട്ടെടുപ്പിനുമുമ്പാണ്‌ നോട്ടീസയച്ചത്‌. പകർപ്പ്‌ സോണിയ ഗാന്ധിക്കും അയച്ചിട്ടുണ്ട്‌.

ബൂത്തുതലംമുതൽ ഉന്നത കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താതെ ഏകപക്ഷീയ രീതിയിൽ കോൺഗ്രസ് ഭരണഘടന ലംഘിച്ചുള്ള തെരഞ്ഞെടുപ്പിൽ വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന്‌ നോട്ടീസിൽ പറഞ്ഞു. കോൺഗ്രസ്‌ ഭരണഘടന 28 പ്രകാരം എഐസിസി സമ്മേളനത്തിനോ എഐസിസിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനോ മാത്രമേ ഭരണഘടനാ ഭേദഗതി ചെയ്യാനാകൂ എന്നിരിക്കെ, ഇതിനു വിരുദ്ധമായി 2.6 കോടി അംഗങ്ങളെ ഡിജിറ്റലായി ചേർത്തു. പാർടിരേഖകൾ പ്രകാരം 5.60 കോടി പുതിയ അംഗങ്ങളെ ചേർത്തു. ഇവരിൽനിന്ന്‌ അഞ്ചു രൂപവീതം 28 കോടി രൂപ പിരിച്ചതും നിയമവിരുദ്ധമാണെന്ന് നോട്ടീസിൽ പറയുന്നു. നോട്ടീസിനെക്കുറിച്ച് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!