നടൻ ദിലീപുമായും വളരെ അടുത്ത സൗഹൃദമുള്ള നടൻ കൂടിയാണ് സലിംകുമാർ തുടക്കക്കാലത്ത് വിദേശത്ത് സ്റ്റേജ് ഷോകൾ അവതരിപ്പിക്കാൻ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. മാത്രമല്ല സലിംകുമാറിന്റെ എക്കാലത്തേയും ഹിറ്റ് കഥാപാത്രങ്ങളിൽ ഏറെയും ദിലീപ് സിനിമകളിലാണുള്ളത്.
ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ്. ഇപ്പോഴിത ദിലീപ് വിദേശത്ത് വെച്ച് ഒരിക്കൽ തന്നെ തല്ലിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സലിംകുമാർ.
Also Read: മോഹൻലാൽ നല്ല ഡാൻസറാണ്, മമ്മൂട്ടി അന്ന് ഡാൻസ് ചെയ്യില്ലായിരുന്നു; ശോഭന പറയുന്നു
നാദിർഷ അവതാരകനായിരുന്ന കൈരളി ടിവിയിലെ സ്റ്റാർ റാഗിങ് എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സലിംകുമാർ സംഭവം വെളിപ്പെടുത്തിയത്. ‘എന്നെ ദിലീപ് അമേരിക്കയിൽ വെച്ച് അടിച്ചിട്ടുണ്ട്.’
‘എല്ലാവരും പരിപാടിക്ക് മുമ്പുള്ള പ്രാർഥന നടത്തുകയായിരുന്നു. ആ സമയത്ത് ദിലീപ് പ്രാർഥിച്ചപ്പോൾ ഇത്തിരി ശബ്ദം കൂടിപ്പോയി. അത് കേട്ട് ഞാൻ ചിരിച്ചു. അതിനാണ് ദിലീപ് എന്നെ തല്ലിയത്. ഞാൻ ദൈവ വിശ്വാസമുള്ള ആളാണ്.’
‘പക്ഷെ ദൈവം അമ്പലത്തിലും പള്ളിയിലുമിരിക്കുന്നുവെന്നത് ഞാൻ വിശ്വസിക്കുന്നില്ല. ഭൂമിയിലെല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ്. അമ്പലത്തിൽ സ്ഥിരമായി പോകുന്നയാളല്ല ഞാൻ. അമ്പലത്തിൽ മാത്രമല്ല പള്ളിയിലുമെല്ലാം ഞാൻ പോകാറുണ്ട്.’
‘പക്ഷെ ഈ സ്ഥലത്ത് ഈ വഴിപാട് നടത്തണമെന്നൊക്കെ പറഞ്ഞാൽ ഞാൻ അത് ചെയ്യാറില്ല. പലരും ഇടയ്ക്കിടെ വീട്ടിൽ വന്ന് അമ്പലം പണിയാൻ പൈസ വേണമെന്ന് പറയാറുണ്ട്. എനിക്ക് തരാൻ പറ്റില്ലെന്ന് അപ്പോൾ തന്നെ അവരോട് മറുപടിയും പറയാറുണ്ട്.’
‘കാരണം ഞാൻ ദൈവത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. എനിക്കൊരു വീട് വെച്ച് തരണമേയെന്ന് ഞാൻ ഭഗവാനോട് പ്രാർഥിക്കുമ്പോൾ ഭഗവാന് വീട് വെക്കനായി ഞാൻ പൈസയെടുത്ത് കൊടുക്കുമ്പോൾ ഭഗവാന് തോന്നും ഇവൻ ആള് ശരിയല്ലല്ലോയെന്ന്.’
‘അതുകൊണ്ട് അത്തരത്തിൽ ദൈവങ്ങളെ താഴ്ത്തിക്കെട്ടുന്നതിനോട് എനിക്ക് എതിർപ്പുണ്ട്. എന്റെ പേര് കേട്ട് പലരും ഞാൻ മുസ്ലീമാണെന്ന് വിചാരിച്ചിട്ടുണ്ട്. ഇക്കായെന്ന് ആരേലും വിളിച്ചാലും ഞാൻ വിളി കേൾക്കും ചേട്ടായെന്ന് ആളുകൾ വിളിച്ചാലും ഞാൻ വിളി കേൾക്കും.’
‘വ്യത്യാസത്തിന്റെ ആവശ്യമില്ലെന്ന് ചെറുപ്പത്തിൽ തന്നെ എനിക്ക് തോന്നലുണ്ടായിരുന്നു. വിദേശത്ത് ചെല്ലുമ്പോൾ ചില സ്ഥലങ്ങളിൽ സലീംഇക്കയെന്ന വിളി അംഗീകരിച്ച് മൊതലെടുത്തിട്ടുണ്ട് ഞാൻ. ഞാനൊരു സുന്നത്ത് ചെയ്ത ഹിന്ദുവാണ്.’
‘എന്റെ വീട്ടിലുള്ള ഒരേയൊരു രൂപം എന്ന് പറയുന്നത് മുൾക്കിരീടം ചൂടി നിൽക്കുന്ന യേശു ക്രിസ്തുവിന്റെ രൂപമാണ്’, സലിംകുമാർ പറഞ്ഞു. തല്ലുമാലയാണ് ഏറ്റവും അവസാനം സലിംകുമാർ അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്തിയ സിനിമ.