സ്‌പിൻ കെണി ; രണ്ടാം ടെസ്റ്റിൽ ഓസീസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു

Spread the love



Thank you for reading this post, don't forget to subscribe!


ന്യൂഡൽഹി

രണ്ടാംദിനം അവസാനഘട്ടംവരെ സ്‌പിൻ ബൗളർമാർക്കെതിരെ മറുതന്ത്രം തീർത്ത ഓസ്‌ട്രേലിയ മൂന്നാംദിനം ഡൽഹിയിൽ കറങ്ങിവീണു. രവീന്ദ്ര ജഡേജയുടെയും ആർ അശ്വിന്റെയും പന്തുകൾ വിഷസർപ്പങ്ങളായി പത്തിവിടർത്തിയപ്പോൾ ഓസീസിന്‌ പിടിച്ചുനിൽക്കാനായില്ല. വെറും 113 റണ്ണിന്‌ ഓസീസ്‌ കൂടാരം കയറി. ഇന്ത്യ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ആറ്‌ വിക്കറ്റ്‌ ജയത്തോടെ ബോർഡർ–-ഗാവസ്‌കർ ട്രോഫി നിലനിർത്തുകയും ചെയ്‌തു.

രണ്ടാംടെസ്‌റ്റിലും രവീന്ദ്ര ജഡേജയുടെ ജാലവിദ്യയായിരുന്നു ഇന്ത്യക്ക്‌ ജയമൊരുക്കിയത്‌. രണ്ടാം ഇന്നിങ്‌സിൽ ഏഴ്‌ വിക്കറ്റ്‌ നേടിയ ജഡേജ തുടർച്ചയായ രണ്ടാംമത്സരത്തിലും മാൻ ഓഫ്‌ ദി മാച്ചായി. 42 റൺ വഴങ്ങി ഏഴ്‌ വിക്കറ്റെടുത്ത ഈ ഓൾറൗണ്ടറുടെ ഏറ്റവും മികച്ച ബൗളിങ്‌ പ്രകടനമാണിത്‌. ഒന്നാം ഇന്നിങ്‌സിൽ മൂന്ന്‌ വിക്കറ്റ്‌ നേടിയ ജഡേജ മത്സരത്തിലാകെ 10 വിക്കറ്റും തികച്ചു.

സ്‌കോർ: ഓസ്‌ട്രേലിയ 263, 113; ഇന്ത്യ 262, 4–-118

ജയത്തോടെ ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലും ഇന്ത്യ ഏറെക്കുറെ ഉറപ്പാക്കി. കണ്ണടച്ച്‌ തുറക്കുംവേഗത്തിലായിരുന്നു ഡൽഹിയിൽ കാര്യങ്ങൾ മാറിമറിഞ്ഞത്‌. രണ്ടാംദിനം ഒരടി മുന്നിലുണ്ടായിരുന്ന ഓസീസ്‌, മൂന്നാംദിനം പത്തടി പിന്നിലായി. 1–-62ന്‌ തുടങ്ങി. 2–-86ലേക്കെത്തി. തുടർന്നുള്ള എട്ട്‌ വിക്കറ്റുകൾ പതിച്ചത്‌ വെറും 28 റണ്ണിനായിരുന്നു.  സ്‌പിന്നർമാർക്കെതിരെ സ്വീപ് ഷോട്ടായിരുന്നു ഓസീസ്‌ ബാറ്റർമാരുടെ ആയുധം. തുടക്കത്തിൽ കാര്യക്ഷമമായി ഉപയോഗിച്ച ഈ നീക്കം പിന്നീട്‌ ഓസീസിന്റെ കഥതന്നെ കഴിച്ചു. രണ്ടാം ഇന്നിങ്‌സിൽ ആറ്‌ വിക്കറ്റ്‌ പതിച്ചത്‌ സ്വീപ് ഷോട്ടിനുള്ള ശ്രമത്തിനിടെയായിരുന്നു.

ട്രവിസ്‌ ഹെഡും മാർണസ്‌ ലബുഷെയ്‌നും മൂന്നാംദിനം ഇന്നിങ്‌സ്‌ തുടങ്ങാനെത്തുമ്പോൾ കാര്യങ്ങൾ ഓസീസിന്റെ നിയന്ത്രണത്തിലായിരുന്നു. 12 ഓവറിൽ 62 റണ്ണടിച്ചതിന്റെ ആത്മവിശ്വാസമുണ്ടായി. അശ്വിനെ ഫോർ പായിച്ച്‌ ഹെഡ്‌ ഓസീസിന്‌ മികച്ച തുടക്കവും നൽകി. എന്നാൽ, കളിഗതി മാറ്റാൻ അശ്വിന്‌ നിമിഷങ്ങൾ മതിയായിരുന്നു. ഹെഡിനെ (43) മനോഹരമായ പന്തിൽ കെ എസ്‌ ഭരതിന്റെ കൈയിൽ എത്തിച്ച്‌ വാതിൽതുറന്നു. സ്വീപ്പിനുള്ള ശ്രമത്തിൽ സ്‌റ്റീവൻ സ്‌മിത്തിനെയും (9) മടക്കി. ഏഴ്‌ വിക്കറ്റ്‌ ശേഷിക്കെ ഓസീസിന്‌ 86 റൺ ലീഡ്‌. തുടർന്ന്‌ ജഡേജ കളി ഏറ്റെടുത്തു. മാർണസ്‌ ലബുഷെയ്ന്റെ (35) വിക്കറ്റ്‌ പിഴുതെടുക്കുമ്പോൾ സ്‌കോർ 4–-95.  വീണ്ടും അശ്വിനെത്തി. മാറ്റ്‌ റെൻഷോയുടെ (2) സ്വീപ് ഷോട്ടിനെയും അശ്വിൻ തീർത്തു. പിന്നെ 5–-95, 6–-95, 7–-95 എന്നിങ്ങനെയായിരുന്നു ഓസീസിന്റെ വിക്കറ്റ്‌ വീഴ്‌ച. ഒടുവിൽ 31.1 ഓവറിൽ 113ന്‌ പുറത്ത്‌. ഒന്നാം ഇന്നിങ്‌സിലെ ശേഷിപ്പായി ഒരു റൺകൂടി ചേർത്ത്‌ 114. ഇന്ത്യക്ക്‌ ജയിക്കാൻ 115.

ലോകേഷ്‌ രാഹുൽ (1) ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയെങ്കിലും രോഹിത്‌ ശർമ (20 പന്തിൽ 31) മികച്ച തുടക്കമാണ്‌ നൽകിയത്‌. ചേതേശ്വർ പൂജാരയുമായുള്ള ധാരണപ്പിശകിനിടെ ക്യാപ്‌റ്റൻ ദൗർഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. നൂറാം ടെസ്‌റ്റ്‌ കളിച്ച പൂജാര 31 റണ്ണുമായി പുറത്താകാതെനിന്നു. വിരാട്‌ കോഹ്‌ലി (20), ശ്രേയസ്‌ അയ്യർ (12) എന്നിവർ പുറത്തായി. കെ എസ്‌ ഭരതായിരുന്നു (23) പൂജാരയ്‌ക്ക്‌ കൂട്ട്‌. നാല്‌ മത്സര പരമ്പരയിലെ മൂന്നാംടെസ്‌റ്റ്‌ മാർച്ച്‌ ഒന്നിന്‌ തുടങ്ങും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!