കുപ്പിക്കഴുത്തുകൾ നിവർത്തിയില്ലെങ്കിൽ അതിവേഗ ട്രെയിനുകൾ ഓടിക്കാനാകില്ല

Spread the love



Thank you for reading this post, don't forget to subscribe!

തൃശൂർ > റെയിൽവേയുടെ ഒല്ലൂരിലും ഷൊർണൂരിലുമുള്ള കുപ്പിക്കഴുത്തുകൾ നിവർത്താതെ അതിവേഗപാതയും ഓട്ടോമാറ്റിക്‌ സിഗ്‌നൽ സംവിധാനവും യാഥാർഥ്യമാകില്ലെന്ന്‌ തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. വന്ദേഭാരത്‌ ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾ കേരളത്തിന്‌ അനുവദിച്ചാലും കുപ്പിക്കഴുത്തുകൾ നിവർത്താതെ ഈ പാതയിലൂടെ ഓടിക്കാനാകില്ല.

സംസ്ഥാനത്തെ ഇരട്ടപ്പാതയിലൂടെയുള്ള സുഗമമായുള്ള ട്രെയിൻഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രണ്ട് മേഖലകളാണ് ഒല്ലൂരിലെയും ഷൊർണൂരിലെയും കുപ്പിക്കഴുത്തുകൾ. ഇരട്ടപ്പാതയിൽ രണ്ട് പ്ലാറ്റ്ഫോമുകളില്ലാത്ത ഏക സ്‌റ്റേഷനാണ് ഒല്ലൂർ. ഒല്ലൂരിൽ നിർത്തുന്ന വടക്കോട്ടുള്ള വണ്ടികൾ രണ്ട് പാതകളും മുറിച്ചു കടന്ന് ഒന്നാം പ്ലാറ്റ്ഫോമിൽത്തന്നെയാണ് നിർത്തുന്നത്. അതിനായി ഇരു ദിശകളിലുമുള്ള ഗതാഗതം പൂർണമായും തടയണം. ഇരട്ടപ്പാതയിലൂടെയുള്ള സുഗമമായ ട്രെയിൻ ഗതാഗതത്തിന് വൻ കുരുക്കാണ്‌ ഇത് വരുത്തുന്നത്‌. ഒല്ലൂരിലെ യാർഡ് വികസിപ്പിച്ച് ഒരു ചരക്ക് ട്രെയിൻ പൂർണമായും നിർത്താവുന്നതരത്തിൽ സൈഡിങ്‌ സജ്ജമാക്കണം. അതോടൊപ്പം രണ്ടാം പ്ലാറ്റ്ഫോം നിർമിച്ച് വടക്കോട്ടുള്ള ട്രെയിനുകൾ അതിൽ മാത്രം നിർത്താവുന്ന സംവിധാനവും ഒരുക്കണം.

അതുപോലെ ഷൊർണൂരിൽ മംഗലാപുരംഭാഗത്തുനിന്നുള്ള വണ്ടികൾ തൃശൂർ, പാലക്കാട് ഭാഗങ്ങളിലേക്ക്‌ കടക്കുന്നയിടങ്ങളിലെ ഒരു കിലോമീറ്ററിൽ താഴെ ദൂരമുള്ള രണ്ട് ഒറ്റവരിപ്പാതകളും അടിയന്തരമായി ഇരട്ടിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് ഷൊർണൂർ യാർഡിലും മാറ്റങ്ങൾ വരുത്തണം.  രണ്ട് പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയായാൽ മാത്രമേ നിർദിഷ്ട ഓട്ടോമാറ്റിക് സിഗ്നലിങ്‌ സംവിധാനംകൊണ്ടുള്ള പൂർണ പ്രയോജനം ലഭിക്കൂ. ഒല്ലൂർ, ഷൊർണൂർ യാർഡുകളുടെ നവീകരണം നിർദിഷ്ട മൂന്നാം പാതയുടേയോ  നിലവിലെ പാതകളിലെ വേഗം മണിക്കൂറിൽ 160 കിലോ മീറ്ററായി ഉയർത്തുന്ന വികസനത്തിന്റേയോ ഭാഗമായി അടിയന്തരമായി നടപ്പാക്കണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!