ഗേറ്റ്‌ കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ റെയിൽവേ ; 900 തസ്‌തികകൾ ഇല്ലാതാകും

Spread the love



Thank you for reading this post, don't forget to subscribe!

 

കൊച്ചി

സ്ഥിരനിയമനം കാത്തിരിക്കുന്ന ആയിരക്കണക്കിന്‌ ഉദ്യോഗാർഥികളെ വഞ്ചിച്ച്‌ റെയിൽവേയിൽ ഗേറ്റ്‌ കീപ്പർ കരാർ നിയമനത്തിനുള്ള നടപടി ത്വരിതപ്പെടുത്തി കേന്ദ്രസർക്കാർ. ദക്ഷിണ റെയിൽവേയിൽ ആകെ 1847 പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ജനറൽ മാനേജർ ഉത്തരവിറക്കി. ഇതിൽ 381 പേർ തിരുവനന്തപുരം ഡിവിഷനിലും 247 പേർ പാലക്കാട്‌ ഡിവിഷനിലുമാണ്‌.

റെയിൽവേയിൽ നിയമനങ്ങൾ വൻതോതിൽ നടക്കാൻ പോകുന്നുവെന്ന പ്രതീതി സൃഷ്‌ടിക്കാനായി 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ കേന്ദ്രസർക്കാർ എല്ലാ വിഭാഗങ്ങളിലെയും ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരുന്നു. റെയിൽവേ റിക്രൂട്ട്‌മെന്റ്‌ സെൽ (ആർആർസി) വഴിയായിരുന്നു നടപടികൾ. എന്നാൽ, നാലുവർഷമായി നിയമനം നടന്നിട്ടില്ല. ഇതിനിടെ ഒഴിവുകൾ രണ്ടരലക്ഷത്തോളമായി. 2019ൽ പരീക്ഷ എഴുതി വിജയിച്ചവർക്കുള്ള വൈദ്യപരിശോധന നടക്കുകയാണ്‌. ഇത്‌ പൂർത്തിയായാൽ ഉടൻ നിയമിക്കാനും സാധിക്കും. എന്നാൽ, ഇവരുടെ ജോലിസാധ്യത തട്ടിയകറ്റിയാണ്‌ കരാർ നിയമനം.

ഇതുവരെ ട്രാക്ക്‌ മെയിന്റനർമാരെയാണ്‌ ഗേറ്റ്‌ കീപ്പർമാരായി നിയമിച്ചിരുന്നത്‌. എന്നാൽ, കരാർ നിയമനത്തിൽ വിമുക്തഭടന്മാർക്ക്‌ അവസരമൊരുക്കാനാണ്‌ നീക്കം. വനിതകളെ ഒഴിവാക്കുകയെന്ന ഉദ്ദേശ്യവുമുണ്ട്‌. ഗേറ്റുകളുടെ മേൽനോട്ടവും പരിപാലനവും പൂർണമായും കരാർവൽക്കരിക്കുന്നതിന്റെ മുന്നോടിയാണ്‌ നടപടിയെന്ന്‌ അറിയുന്നു. ഇതോടെ തിരുവനന്തപുരം ഡിവിഷനിൽമാത്രം 12 സെക്‌ഷനുകളിലായി ഉദ്ദേശം 320 ഗേറ്റുകളിൽ 900 തസ്‌തിക ഇല്ലാതാകും. എൻജിനിയറിങ്‌ വിഭാഗത്തിലെ ജോലിക്കയറ്റസാധ്യതയും കുറയും. 

ഡിആർഇയു പ്രക്ഷോഭത്തിലേക്ക്‌

ഉദ്യോഗാർഥികൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രതികൂലമായ കരാർ നിയമനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്തുമെന്ന്‌ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ (ഡിആർഇയു). 17ന്‌ അസി. എൻജിനിയർ ഓഫീസുകൾക്കുമുന്നിൽ സമരം സംഘടിപ്പിക്കുമെന്ന്‌ ഡിവിഷണൽ കമ്മിറ്റി അറിയിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!