അടിമാലി മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ; കുടിവെള്ളപദ്ധതി നടത്തിപ്പ് കരാർ അനധികൃതമായി പുതുക്കിനൽകി

Spread the love

 കുടിവെള്ളപദ്ധതിയുടെ നടത്തിപ്പ് കരാർ ഏകപക്ഷീയമായി പുതുക്കി നൽകിയെന്ന പരാതിയിൽ അടിമാലി മുൻ പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവനെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽവിട്ടു. യു.ഡി.എഫ്. ഭരിച്ചിരുന്ന 2018-20 കാലത്ത് പ്രസിഡന്റായിരുന്നു ദീപ.

Thank you for reading this post, don't forget to subscribe!

കൈനഗിരി കുടിവെള്ളപദ്ധതി നടത്തിപ്പ് ഏജൻസിയുടെ പ്രസിഡന്റ് ഏലിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലോകബാങ്ക് സഹായത്തോടെ പഞ്ചായത്ത് 22 കോടി രൂപ മുടക്കിയാണ് പദ്ധതി തുടങ്ങിയത്. ഇതിന്റെ നടത്തിപ്പ് കൈനഗിരി ജനകീയ സമിതിയെ പഞ്ചായത്ത് ഏൽപിച്ചു. പദ്ധതി നടത്തികൊണ്ടുപോകുവാൻ സമിതിക്ക് കഴിഞ്ഞില്ല. ഇതോടെ പഞ്ചായത്ത് മുൻകൈ എടുത്ത് പദ്ധതിയുടെ നടത്തിപ്പ് വയനാട്ടിലെ നെൻമേനി എന്ന സ്വകാര്യ ഏജൻസിയെ ഒരുവർഷത്തേക്ക് ഏൽപിച്ചു.

പഞ്ചായത്തും കൈനഗിരി ജനകീയസമിതിയും ഏജൻസിയും ചേർന്ന് കരാറിൽ ഒപ്പിട്ടു. ഒരുവർഷം കഴിഞ്ഞപ്പോൾ പദ്ധതിയുടെ നടത്തിപ്പ് സ്വന്തമായി നടത്താമെന്ന് കൈനഗിരി സമിതി പഞ്ചായത്തിനെ അറിയിച്ചു. അന്ന് പഞ്ചായത്ത് പ്രസിഡൻറായിരുന്ന ദീപ രാജീവ് നെൻമേനി ഏജൻസിക്ക് കരാർ വീണ്ടും പുതുക്കി നൽകിയെന്നാണ് പരാതി.

കൈനഗിരി സമിതിയുടെ വ്യാജ സീൽ ഉണ്ടാക്കി നെൻമേനി ഏജൻസി ഗുണഭോക്താക്കളിൽനിന്ന് പണം പിരിച്ചു. പണം അടയ്ക്കാത്ത ഗുണഭോക്താക്കൾ നോട്ടീസ് നൽകി. സംഭവം അറിഞ്ഞ കൈനഗിരി ജനകീയസമിതി ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകി. നാല് പേരെ പ്രതിചേർത്ത് അടിമാലി പോലീസ് കേസെടുത്തു. ഈ കേസിലും ദീപ രാജീവ് പ്രതിയാണ്.

നെൻമേനി സൊസൈറ്റി പ്രസിഡൻറ് കുര്യാക്കോസ്, സെക്രട്ടറി ബിജു, ഓഫീസ് ജീവനക്കാരി റംസീന എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ദീപാ രാജീവിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും അടിമാലി കോടതിയോട് ജാമ്യം കൊടുക്കാനും ഹൈക്കോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീപാ രാജീവ് വ്യാഴാഴ്ച സ്റ്റേഷനിൽ ഹാജരായത്. വ്യാജ സീലും രേഖകളും പോലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശപ്രകാരമാണ് കരാർ പുതുക്കി നൽകിയതെന്നും രാഷ്‌ട്രീയ വൈരത്തിന്റെ പേരിലാണ് തന്നെ കേസിൽ ഉൾപ്പെടുത്തിയതെന്നും ദീപാ രാജീവ് പറയുന്നു.

Facebook Comments Box
error: Content is protected !!