ഇനി നിറകൺചിരി ; ഇന്നസെന്റ്‌ ഓർമകളിലേക്ക്‌

Spread the love



Thank you for reading this post, don't forget to subscribe!

 


തൃശൂർ

ഇനിയൊരു  ചെറുചിരിപോലും വിരിയാത്ത ചുണ്ടുകളടച്ച്‌, മരണത്തെ മറികടന്ന നിറചിരിയുമായി ഇന്നസെന്റ്‌ ഓർമകളിലേക്ക്‌ ചേക്കേറി. ജീവിച്ചിരിക്കെ ചിരിപ്പിച്ച്‌ കണ്ണുനിറയിച്ച നിറചിരിയുടെ ആൾരൂപത്തിന്റെ വേർപാടിൽ കേരളമാകെ കണ്ണീർവാർത്തു. മഴ പെയ്‌തുതോർന്നിട്ടും മരംപെയ്യുംപോലെ അദ്ദേഹം ആടിത്തിമിർത്ത വേഷപ്പകർച്ചകൾ ഇതാദ്യമായി ചിരിക്കാതെ, ഇടനെഞ്ച്‌ പിടഞ്ഞ്‌ പലരും ആവർത്തിച്ച്‌ കണ്ടുതീർത്തു… 

വേദനയുടെ ആത്മാവിലേക്ക്‌ തുള്ളികളായി പടരുമ്പോഴും ലോകത്തിന്‌ സാന്ത്വനത്തിന്റെ മരുന്നുകുറിച്ച നർമവൈദ്യൻ ഇതൊന്നുമറിയാതെ ഇരിങ്ങാലക്കുട കത്തീഡ്രൽ സെമിത്തേരിയിലെ മണ്ണിലേക്ക്‌ മടങ്ങി.  ആ ഓർകളിലേക്ക്‌ വീണ്ടും മിഴിപൂട്ടി ജനാവലി മടങ്ങി.

ഞായറാഴ്‌ച അന്തരിച്ച ചലച്ചിത്രതാരവും മുൻ ലോക്‌സഭാംഗവുമായ ഇന്നസെന്റിന്റെ മൃതദേഹം ചൊവ്വാഴ്‌ച പകൽ പതിനൊന്നരയോടെ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിച്ചു. സെമിത്തേരിക്ക്‌ സമീപം മൃതദേഹം കിടത്തിയപ്പോൾ ഭാര്യ ആലീസ്‌ കെട്ടിപ്പുണർന്ന്‌ അന്ത്യചുംബനമേകി. മകൻ സോണറ്റിനും ദുഃഖം നിയന്ത്രിക്കാനായില്ല. തേങ്ങലടക്കാനാവാതെ  ആയിരങ്ങൾ കണ്ണീരിൽ കുതിർന്ന പുഷ്‌പങ്ങൾ വിതറി.

ഞായറാഴ്‌ച രാത്രി അന്തരിച്ച ഇന്നസെന്റിന്റെ  മൃതദേഹം തിങ്കളാഴ്‌ച വൈകിട്ടാണ്‌ ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയിലെ ‘പാർപ്പിട’ത്തിലെത്തിച്ചത്‌.  ചൊവ്വാഴ്‌ച രാവിലെ ഒമ്പതരയ്ക്ക് ഇരിങ്ങാലക്കുട  രൂപത ബിഷപ്‌ മാർ പോളി കണ്ണൂക്കാടന്റെ കാർമികത്വത്തിൽ അന്ത്യശുശ്രൂഷ  ആരംഭിച്ചു. തുടർന്ന്‌  ഔദ്യോഗിക ബഹുമതിയായി ഗാർഡ്‌ ഓഫ്‌ ഓണർ.  പത്തോടെ പൂക്കളാല്‍ അലങ്കരിച്ച വാഹനത്തിൽ സെമിത്തേരിയിലേക്ക്‌. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലി വിലാപയാത്രയിൽ അണിനിരന്നു. പള്ളിയിലെ ചടങ്ങുകൾക്കുശേഷം പതിനൊന്നോടെ സെമിത്തേരിയിലേക്ക്‌. സർക്കാർ ബഹുമതിയായി പൊലീസ്‌ ബ്യൂഗിൾ സല്യൂട്ട്‌. പതിനൊന്നേകാലോടെ മൃതദേഹം കല്ലറയിലേക്ക്‌. 

മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, ആർ ബിന്ദു, വി എൻ വാസവൻ, കെ രാജൻ എന്നിവരും  സിനിമാലോകത്തെ പ്രമുഖരും സംസ്‌കാര ചടങ്ങിനെത്തി.സർവകക്ഷി അനുശോചനയോഗവും ചേർന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!