പിഎഫ് ഉയർന്ന പെൻഷൻ: പഴയ ജോയിന്റ് ഓപ്ഷന്റെ തെളിവ് നിർബന്ധമല്ലെന്ന് കേന്ദ്രം ; മറുപടി ബ്രിട്ടാസിന്റെ ചോദ്യത്തിന്

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി> സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് വേണ്ടി  ഇപിഎഫ്ഒ സജ്ജീകരിച്ച ഓൺലൈൻ പോർട്ടലിൽ 1952ലെ ഇപിഎഫ് സ്കീമിന്റെ പാരഗ്രാഫ് 26(6) പ്രകാരമുള്ള പഴയ ജോയിന്റ് ഓപ്ഷന്റെ തെളിവ് അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ നിർബന്ധിതമല്ലെന്ന് കേന്ദ്രസർക്കാർ. ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

2014 സെപ്റ്റംബർ മാസത്തിന് മുൻപ് മുതൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി തൊഴിലുടമയുടെ വിഹിതം ഇപിഎഫിൽ അടച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്നും അതിലേക്കു പുതിയ ജോയിന്റ് ഓപ്ഷൻ ഫയൽ ചെയ്യാൻ അനുമതി നൽകണമെന്നും നിർദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് 2022 നവംബർ മാസം നാലാം തീയതി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കുന്നതിൽ അസാധാരണമായ കാലതാമസമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വരുത്തിയത്. ഇപിഎഫ് പെൻഷൻ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് 22.12.2022 ൽ ഡോ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സുപ്രീം കോടതി ഉത്തരവിന് നിയമപരവും സാമ്പത്തികവും പ്രായോഗികവും വിന്യാസപരവുമായ അനന്തര ഫലങ്ങൾ ഉണ്ടെന്നായിരുന്നു അന്ന് തന്നെ കേന്ദ്രം മറുപടി നൽകിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പുതിയ ജോയിന്റ് ഓപ്ഷൻ നൽകാനുള്ള കാലപരിധി 03.03.2023 ന് അവസാനിക്കാനിരിക്കെ 20.02.2023ന് മാത്രമാണ് ഇത് സംബന്ധിച്ച് ഇപിഎഫ്ഒ ഒരു സർക്കുലർ ഇറക്കുന്നതും തുടർന്ന് ഓൺലൈൻ പോർട്ടൽ സജ്ജീകരിക്കുന്നതും. വ്യാപക പ്രതിഷേധത്തെ തുടർന്ന് ജോയിന്റ് ഓപ്ഷൻ നൽകുന്നതിനുള്ള കാലാവധി മെയ് മാസം 3 വരെ ദീർഘിപ്പിക്കുവാനും ഇപിഎഫ്ഒ നിർബന്ധിതമായിരുന്നു.

 എന്നാൽ ഏതു വിധേനയും ഉയർന്ന പെൻഷൻ നൽകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ തികച്ചും ബുദ്ധിമുട്ടേറിയതും പാലിക്കാനാവാത്തതുമായ വ്യവസ്ഥകളാണ് ഓൺലൈൻ പോർട്ടലിൽ ഇപിഎഫ്ഒ ഉൾപ്പെടുത്തിയിട്ടുള്ളതെന്നു വ്യാപക വിമർശനം ഉയർന്നിരുന്നു. ഓൺലൈൻ പോർട്ടലിൽ പെൻഷൻകാർ സുപ്രീംകോടതി ഉത്തരവ് പ്രകാരം പുതിയ ജോയിന്റ് ഓപ്ഷൻ ഫയൽ ചെയ്യുന്നതോടൊപ്പം ഇവർ സർവ്വീസ് ആരംഭിച്ച കാലത്ത് തൊഴിലുടമ യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന തൊഴിലുടമവിഹിതം അടച്ചു തുടങ്ങിയപ്പോഴുള്ള ജോയിന്റ് ഓപ്ഷന്റെ തെളിവ് കൂടി ഫയൽ ചെയ്യണം എന്ന തികച്ചും അപ്രായോഗികമായ വ്യവസ്ഥ കൂടി പോർട്ടലിൽ ഉൾക്കൊളളിച്ചിട്ടുണ്ട്.

എന്നാൽ ആ കാലഘട്ടത്തിൽ ഒരു സ്ഥാപനവും എന്തെങ്കിലും ജോയിന്റ് ഓപ്ഷൻ നൽകുകയോ ഇപിഎഫ്ഒ അപ്രകാരം ഒരു ജോയിന്റ് ഓപ്ഷൻ സ്വീകരിക്കുകയോ ചെയ്യാതെയാണ് തൊഴിലുടമകളിൽ നിന്നും ഉയർന്ന വിഹിതം സ്വീകരിച്ചുകൊണ്ടിരുന്നത് എന്നത് ഇപിഎഫ്ഒ  തന്നെ വിവരാവകാശ നിയമ പ്രകാരമുള്ള മറുപടികളിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നത് കണക്കിലെടുക്കുമ്പോഴാണ് ഇതിനു പിന്നിലെ ഒളിച്ചുകളി മറനീക്കി പുറത്തു  വരുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കുന്നത് സംബന്ധിച്ച് നിരവധി കത്തുകൾ എംപി കേന്ദ്ര തൊഴിൽ മന്ത്രിക്കു നൽകുകയും ചെയ്തിരുന്നു.

സുപ്രീംകോടതി വിധിയിൽ പരാമർശിക്കാത്ത ഇത്തരം വ്യവസ്ഥകൾ ഓൺലൈൻ പോർട്ടലിൽ നിന്നും പിൻവലിക്കുമോയെന്നും പെൻഷൻകാർക്ക് നേരിട്ട് ജോയിന്റ് ഓപ്ഷൻ ഇപിഎഫ്ഒ ഓഫീസുകളിൽ സമർപ്പിക്കുവാൻ അവസരം ഒരുക്കുമോ എന്നുമായിരുന്നു ജോൺ ബ്രിട്ടാസ് എംപി 06.04.2023 ൽ രാജ്യസഭയിൽ കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് ഉന്നയിച്ച ചോദ്യം.

ഇതിനു മറുപടിയായാണ്  ഇപ്പോൾ സജ്ജീകരിച്ച ഓൺലൈൻ പോർട്ടലിൽ 1952ലെ ഇപിഎഫ് സ്കീമിന്റെ പാരഗ്രാഫ് 26(6)പ്രകാരമുള്ള പഴയ ജോയിന്റ് ഓപ്ഷന്റെ തെളിവ് അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ നിർബന്ധിതമല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

1952ലെ ഇപിഎഫ് സ്കീമിന്റെ പാരഗ്രാഫ് 26(6)പ്രകാരമുള്ള ജോയിന്റ് ഓപ്ഷൻ എന്നതിനെ മറുപടിയിൽ പരമാവധി ന്യായീകരിക്കുവാൻ ശ്രമിച്ച ശേഷമാണ് എന്തു തന്നെയായാലും ആയതിന്റെ അഭാവം പുതിയ ജോയിന്റ് ഓപ്ഷൻ ഫയൽ ചെയ്യുന്നതിൽ നിന്നും അപേക്ഷകരെ നിയന്ത്രിക്കില്ല എന്ന ഒരു വിശദീകരണം നൽകാൻ കേന്ദ്രം തയാറായത്. എന്നാൽ ഇപ്പോഴും ഓൺലൈൻ പോർട്ടലിൽ പഴയ ജോയിന്റ് ഓപ്ഷന്റെ തെളിവ് അപ്ലോഡ് ചെയ്യണമെന്ന കോളം ഒഴിവാക്കിയിട്ടില്ലെന്നത് ഇതിൽ കേന്ദ്ര സർക്കാരിന്റെയും ഇപിഎഫ്ഒയുടേയും ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ആശങ്കയുയർത്തുന്നുണ്ടന്ന് എംപി കൂട്ടിച്ചേർത്തു.

ഓൺലൈൻ  പോർട്ടലിലെ മറ്റു ബുദ്ധിമുട്ടേറിയ വ്യവസ്ഥകളും ഒഴിവാക്കുമോയെന്ന ചോദ്യത്തിന് അവയെല്ലാം വളരെ എളുപ്പവും ലളിതവുമായ വ്യവസ്ഥകളാണെന്ന വിശദീകരണമാണ് കേന്ദ്രം എംപിക്ക് മറുപടിയിൽ നൽകിയത്. എന്നാൽ വൃദ്ധരും സാങ്കേതിക തികവില്ലാത്തവരുമായ പെൻഷൻകാർക്ക് ബുദ്ധിമുട്ടാകുന്ന നിരവധി മറ്റു വ്യവസ്ഥകളുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി. ഇപിഎഫ് പെൻഷൻകാരുടെ ആധാർ കാർഡ് ലിങ്ക് ചെയ്യൽ, ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ തുടങ്ങി സുപ്രീം കോടതി പരാമർശിക്കാത്ത നിരവധി രേഖകൾ  ഓൺലൈൻ പോർട്ടലിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിൽ എന്തെങ്കിലും തെറ്റുകൾ വരികയാണെങ്കിൽ ഉയർന്ന പെൻഷനുള്ള അവസരം ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഓൺലൈൻ പോർട്ടലിൽ തെറ്റ് പറ്റിയാൽ തിരുത്താൻ പോലും അനുമതി നൽകാത്തത് മൂലം പിശകുകൾ സംഭവിച്ചവർക്ക് നിലവിൽ ഉയർന്ന പെൻഷൻ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. വിവരങ്ങൾ രേഖപ്പെടുത്തിയപ്പോൾ പറ്റിയ പിശകുകൾ തിരുത്താൻ ഓൺലൈനിൽ അവസരം നൽകണമെന്ന് നിരവധി പെൻഷൻകാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനോടും അനുകൂല നിലപാടല്ല ഇപിഎഫ്ഒ  ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും എംപി ചൂണ്ടിക്കാട്ടി. ഇപ്രകാരം പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോൾ  വന്നിട്ടുള്ള പിശകുകൾ തിരുത്താനുള്ള അവസരം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.

കൂടാതെ ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ജോയിന്റ് ഓപ്ഷൻ ഫയൽ ചെയ്യാൻ സൗകര്യമൊരുക്കുമോ എന്ന ചോദ്യത്തിന് ഒരു മറുപടി പോലും നൽകാതെ ഒഴിഞ്ഞു മാറുകയാണ് കേന്ദ്രം ചെയ്തത്- എംപി ചൂണ്ടിക്കാട്ടി.ഇത് സംബന്ധിച്ച് കേന്ദ്രവും  ഇപിഎഫ്ഒ യും നടത്തിവരുന്ന ഒളിച്ചുകളി നിർത്തണമെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരം യഥാർത്ഥ ശമ്പളത്തിനാനുപാതികമായി തൊഴിലുടമവിഹിതം അടച്ച സ്ഥാപനങ്ങളിലെ എല്ലാ പെൻഷൻകാർക്കും ഉയർന്ന പെൻഷൻ ഉറപ്പു വരുത്തണമെന്നും എംപി ആവശ്യപ്പെട്ടു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!