വിളര്‍ച്ച കണ്ടെത്തിയവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്; രണ്ടര ലക്ഷം കടന്ന് ‘വിവ കേരളം’ വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ മറഞ്ഞിരുന്ന അനേകം പേരുടെ അനീമിയ കണ്ടെത്താനും ചികിത്സ നല്‍കാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഈ കാമ്പയിനിലൂടെ 5,845 പേര്‍ക്കാണ് ഗുരുതര അനീമിയ കണ്ടെത്താനായത്. 50,121 പേര്‍ക്ക് സാരമായ അനീമിയും 51,816 പേര്‍ക്ക് നേരിയ അനീമിയയും കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം സ്‌ത്രീകള്‍ക്കിടയിലും അനീമിയ കണ്ടെത്താനായി. നേരിയ അനീമിയ ബാധിച്ചവര്‍ക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം നല്‍കുന്നു. സാരമായ അനീമിയ ബാധിച്ചവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ചികിത്സ നല്‍കുന്നു. ഗുരുതര അനീമിയ ബാധിച്ചവര്‍ക്ക് താലൂക്ക്, ജില്ലാതല ആശുപത്രികള്‍ വഴി ബ്ലഡ് ട്രാന്‍സ്‌ഫ്യൂഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിവരുന്നു.

പൊതുജനാരോഗ്യ രംഗത്ത് ഈ സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ ഇടപെടലുകളിലൊന്നാണ് വിവ കേരളം. ഗ്രാമീണ, നഗര, ട്രൈബല്‍, തീരദേശ മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് കാമ്പയിന്‍ സംഘടിപ്പിച്ച് വരുന്നത്. ഹീമോഗ്ലോബിനോ മീറ്റര്‍ ഉപയോഗിച്ച് നടത്തുന്ന ക്യാമ്പുകളിലൂടെയും ആരോഗ്യ സ്ഥാപനങ്ങള്‍ വഴിയുള്ള പരിശോധനകള്‍ വഴിയുമാണ് വിവ കേരളം കാമ്പയിന്‍ സംഘടിപ്പിച്ചു വരുന്നത്. വിവിധ സ്ഥാപനങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രത്യേക കാമ്പയിനും നടത്തി. 15 മുതല്‍ 18 വയസുവരെയുള്ള വിദ്യാര്‍ത്ഥിനികളെ ആര്‍ബിഎസ്‌കെ നഴ്‌സുമാര്‍ വഴി പരിശോധന നടത്തി വരുന്നു.

അനീമിയയ്‌ക്ക് പ്രധാന കാരണമായ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. സബ് സെന്ററുകള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവ വഴി ശക്തമായ അവബോധവും നല്‍കി വരുന്നു. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടുകളിലേക്കും നയിക്കും. നേരത്തെ അനീമിയ കണ്ടെത്തി ചികിത്സിയ്‌ക്കുന്നതിലൂടെ സങ്കീര്‍ണതയിലേക്ക് പോകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ഈ കാമ്പയിനില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!