രണ്ടാം കർഷകപ്രക്ഷോഭത്തിന്‌ രൂപം നൽകും ; 800 പ്രതിനിധികൾ പങ്കെടുക്കും ,ഒരു ലക്ഷം പേരുടെ റാലിയോടെ സമാപനം

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി

മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയുള്ള രണ്ടാംഘട്ട പ്രക്ഷോഭങ്ങൾക്ക്‌ തൃശൂരിൽ ചേരുന്ന 35–-ാമത്‌ അഖിലേന്ത്യാ കിസാൻസഭ അഖിലേന്ത്യാ സമ്മേളനം രൂപം നൽകുമെന്ന്‌ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള പറഞ്ഞു. മൂന്ന് വിവാദ കാർഷികനിയമം പിൻവലിക്കാൻ കേന്ദ്രത്തെ നിർബന്ധിതമാക്കിയ ഐതിഹാസിക കർഷകസമരത്തിന്റെ ചരിത്രവിജയത്തിനുശേഷമാണ് സമ്മേളനം ചേരുന്നത്‌. മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപ്രാബല്യം നൽകാതെ പ്രധാനമന്ത്രി കർഷകരെ വഞ്ചിച്ചുവെന്ന്‌ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൃശൂരിൽ ഡിസംബർ 13 മുതൽ 16 വരെ നടക്കുന്ന സമ്മേളനത്തിനുള്ള പതാകജാഥ പുന്നപ്ര–- വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ പുറപ്പെടുമെന്ന്‌ നേതാക്കൾ  അറിയിച്ചു. കൊടിമരജാഥ കയ്യൂരിൽനിന്ന്‌ പുറപ്പെടും. ദീപശിഖാ റാലികൾ തെലങ്കാന സായുധ പോരാട്ടത്തിലെ ആദ്യ രക്തസാക്ഷി ദൊഡ്ഡി കൊമരയ്യയുടെ ഗ്രാമമായ ജങ്കോണിൽനിന്നും തമിഴ്‌നാട്ടിലെ കീഴ്‌വെന്മണി രക്തസാക്ഷി മണ്ഡപത്തിൽനിന്നും പുറപ്പെടും. യഥാക്രമം ഫിനാൻസ്‌ സെക്രട്ടറി  പി കൃഷ്ണപ്രസാദും ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണനും നേതൃത്വം നൽകും. സേലം ജയിൽ രക്തസാക്ഷികൾക്ക്‌ റാലി അഭിവാദ്യമർപ്പിക്കും.

23 വർഷത്തിനുശേഷമാണ്‌ കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്‌ കേരളം ആതിഥ്യമരുളുന്നത്‌. ഒരു കോടി 37 ലക്ഷത്തിലധികം അംഗങ്ങളെ പ്രതിനിധാനംചെയ്‌ത്‌ 24 സംസ്ഥാനത്തുനിന്ന്‌ 800 പ്രതിനിധികൾ പങ്കെടുക്കും. ഒരു വർഷത്തിനിടെ 20 ലക്ഷം അംഗങ്ങൾ സംഘടനയിൽ പുതുതായെത്തി. പതാക, കൊടിമര ജാഥകൾ ഡിസംബർ 12ന്‌ സമ്മേളന നഗരിയായ കെ വരദരാജൻ നഗറിൽ സംഗമിക്കും. സമാപന ദിനമായ 16ന്‌ ഒരുലക്ഷം പേരുടെ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. പോരാടുക, ഐക്യപ്പെടുക, ബദൽ കെട്ടിപ്പടുക്കാൻ മുന്നേറുക എന്നതാണ്‌ സമ്മേളന മുദ്രാവാക്യം. ബിർസ മുണ്ടെയുടെ ജന്മവാർഷികമായ നവംബർ 15ന്‌ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും കിസാൻസഭയുടെ പതാക ഉയർത്തും.  പി കൃഷ്‌ണപ്രസാദ്‌, വിജൂകൃഷ്‌ണൻ, വൈസ്‌ പ്രസിഡന്റുമാരായ അമ്രറാം, പി ഷണ്മുഖം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജിഎം കടുക്‌ : കമ്പനികളെ 
സാങ്കേതികവിദ്യയുടെ ഉടമകളാക്കരുത്

ജനിതകമാറ്റം വരുത്തിയ കടുക്‌ (ജിഎം കടുക്‌)  കൃഷിക്ക്‌ എതിരല്ലെന്ന്‌ അഖിലേന്ത്യ കിസാൻ സഭ. എന്നാൽ സാങ്കേതിക വിദ്യയുടെ ഉടമസ്ഥാവകാശം  കോർപറേറ്റുകൾക്ക്‌ നൽകുന്നത്‌ അനുവദിക്കാനാകില്ലന്ന്‌ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള വ്യക്തമാക്കി. ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിന്‌ തന്നെയാകണം. കാർഗിൽ കോര്‍പറേഷന്‍ പോലുള്ള കുത്തകകൾ അവരുടെ ആവശ്യത്തിനായി  സാങ്കേതിക വിദ്യ പ്രയോഗിക്കുന്നത്‌ പ്രത്യാഘാതമുണ്ടാക്കും. ഇന്ത്യയിൽ വലിയ തോതിലുള്ള ഉൽപ്പാദനത്തിനായി സാങ്കേതിക വിദ്യ ആവശ്യമാണ്‌. വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദനമാരംഭിക്കുന്നതിനുമുമ്പ്‌ ഭൂമിക്കും ജീവജാലങ്ങൾക്കും പ്രത്യാഘാതമുണ്ടാക്കുന്നില്ലെന്ന്‌ ഉറപ്പാക്കേണ്ടത്‌ സർക്കാരിന്റെ ഉത്തരവാദിത്വമാണ്‌. ജനിതകമാറ്റം വരുത്തിയ പരുത്തിക്കൃഷിയിൽ കർഷകരുടെ ആശങ്ക കേന്ദ്രസർക്കാർ പരിഹരിക്കണം. വ്യാഴാഴ്‌ചയാണ്‌  ജിഎം കടുക്‌  വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന്‌ ജനിതകശാസ്‌ത്ര അംഗീകാര സമിതി അനുമതി നൽകിയത്‌.

 

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!