ജസ്‌റ്റിസ്‌ കെ എം ജോസഫിന്‌ യാത്രയയപ്പ്‌; ബാല്യകാല സൗഹൃദം പങ്കിട്ട്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി > ജസ്‌റ്റിസ്‌ കെ എം ജോസഫിന്റെ യാത്രയയപ്പ്‌ ചടങ്ങിൽ അദ്ദേഹവുമായുള്ള ബാല്യകാലസൗഹൃദം ഓർമ്മിച്ച്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌.

‘ജസ്‌റ്റിസ്‌ ജോസഫ്‌ എന്റെ ബാല്യകാല സുഹൃത്തായിരുന്നു. 51 വർഷമായി എനിക്ക്‌ അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ട്‌. ഞാൻ 1972 ആഗസ്‌തിൽ ഡൽഹിയിലേക്ക്‌ താമസം മാറ്റിയപ്പോൾ ആദ്യം പരിചയപ്പെട്ടത്‌ അദ്ദേഹത്തെയായിരുന്നു. തുഗ്ലക്ക്‌ റോഡിലെ 13ാം നമ്പർ വീട്ടിൽ ഞാനും 11ാം നമ്പർ വീട്ടിൽ ജോസഫും താമസിച്ചിരുന്നു. ഞങ്ങൾ ടീമുകളുണ്ടാക്കി ഫുട്‌ബോൾ കളിക്കുമായിരുന്നു. ഇന്ത്യാഗെയ്‌റ്റ്‌ പരിസരത്ത്‌ പോലും ഞങ്ങൾ കളിച്ചിട്ടുണ്ട്‌. കളി അതിരുവിടുമ്പോൾ ഞങ്ങളുടെ അച്ഛനമ്മമാർ വടിയുമായി പിന്നാലെ വരും.

ജസ്‌റ്റിസ്‌ ജോസഫിന്റെ പിതാവ്‌ ജസ്‌റ്റിസ്‌ കെ കെ മാത്യു ഞങ്ങളുടെ മാതൃകാപുരുഷനായിരുന്നു. അദ്ദേഹം നിരവധി സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്‌. വെള്ള നിറത്തിലുള്ള വസ്‌ത്രങ്ങളിൽ അല്ലാതെ അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം വിധിന്യായങ്ങൾ തയ്യാറാക്കുന്നതും അതിന്‌ വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്നതും കണ്ടാണ്‌ ഞങ്ങൾ വളർന്നത്‌. ജസ്‌റ്റിസ്‌ ജോസഫിന്റെ അമ്മയും വളരെ സ്‌നേഹത്തോടെയും ഇഷ്ടത്തോടെയുമാണ്‌ ഇടപെട്ടിരുന്നത്‌. വ്യത്യസ്‌തവും രുചികരവുമായ കേരളാഭക്ഷണം എന്നെ പരിചയപ്പെടുത്തിയത്‌ അവരാണ്‌. ജസ്‌റ്റിസ്‌ ജോസഫിന്റെ എളിമ എന്നെ എന്നും ആകർഷിച്ചിട്ടുണ്ട്‌. ന്യായാധിപനെന്ന നിലയിൽ തന്റെ ഉത്തരവാദിത്വങ്ങൾ വളരെ ഗൗരവത്തോടെ നിർവഹിച്ച ആളാണ്‌ അദ്ദേഹം.

കോവിഡ്‌ കാലത്ത്‌ ഞങ്ങൾ ഒരു ബെഞ്ചിൽ സഹകരിച്ചിരുന്ന അവസരത്തിൽ എന്റെ ചിന്തകൾ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ചിന്തകൾ എനിക്കും വളരെ എളുപ്പത്തിൽ പിടിക്കിട്ടിയിരുന്നു. അതുകൊണ്ട്‌, തന്നെ ഞങ്ങൾക്കിടയിൽ ഫോൺവിളികളും വളരെ കുറവായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പേരക്കുട്ടികൾക്കൊപ്പം കേരളത്തിലാണ്‌ ധാരാളം സമയം ചെലവഴിക്കാറുള്ളത്‌’–- സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ്‌ ചടങ്ങിൽ ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു.

ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ്‌ വൈ വി ചന്ദ്രചൂഡ്‌ സുപ്രീംകോടതി ജഡ്‌ജിയും പിന്നീട്‌ ചീഫ്‌ജസ്‌റ്റിസുമായിരുന്നു. ആ കാലയളവിൽ ജസ്‌റ്റിസ്‌ ജോസഫിന്റെ പിതാവ്‌ ജസ്‌റ്റിസ്‌ കെ  കെ മാത്യുവും സുപ്രീംകോടതി ജഡ്‌ജിയായിരുന്നു. അക്കാലയളവിലെ സൗഹൃദത്തിന്റെ ഹൃദ്യമായ ഓർമ്മകളാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ പങ്കിട്ടത്‌.

മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ന്യായാധിപൻ

മതനിരപേക്ഷത ഉൾപ്പടെയുള്ള ഭരണഘടനാമൂല്യങ്ങൾക്കായി ശക്തമായി നിലയുറപ്പിച്ച മലയാളിയായ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ സുപ്രീംകോടതിയുടെ പടിയിറങ്ങി. ജൂൺ 16നാണ്‌ വിരമിക്കൽ തിയതിയെങ്കിലും അപ്പോൾ വേനലവധിയാകുമെന്നതിനാൽ വെള്ളിയാഴ്‌ച്ച സുപ്രീംകോടതിയിൽ അദ്ദേഹത്തിന്റെ അവസാനപ്രവൃത്തിദിനമായിരുന്നു. 2016ൽ ഉത്തരാഖണ്ഡ്‌ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായിരുന്ന ജസ്‌റ്റിസ്‌ ജോസഫ്‌ അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മോദിസർക്കാരിന്റെ നടപടി റദ്ദാക്കിയതിലൂടെ ചരിത്രത്തിൽ ഇടംപിടിച്ചു. പ്രതികാരനടപടിയായി ജസ്‌റ്റിസ്‌ ജോസഫിന്റെ സുപ്രീംകോടതി പ്രവേശനം കേന്ദ്രസർക്കാർ പരമാവധി വൈകിപ്പിച്ചു.

2018 ജനുവരി 11നാണ്‌ ജസ്‌റ്റിസ്‌ ജോസഫിനെ സുപ്രീംകോടതി ജഡ്‌ജിയായി ഉയർത്താമെന്ന്‌ കൊളീജിയം ആദ്യം ശുപാർശ ചെയ്‌തത്‌. മാസങ്ങളോളം ആ ശുപാർശയിൽ കേന്ദ്രസർക്കാർ അടയിരുന്നു. 2018 ജൂലൈയിൽ ജസ്‌റ്റിസ്‌ ജോസഫിനെ സുപ്രീംകോടതി ജഡ്‌ജിയാക്കണമെന്ന്‌ കൊളീജിയം വീണ്ടും ശുപാർശ ചെയ്‌തു. ഒടുവിൽ,  2018 ആഗസ്‌ത്‌ ഏഴിനാണ്‌ അദ്ദേഹം സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത്‌. സുപ്രീംകോടതിയിൽ എത്തിയ ശേഷവും ജസ്‌റ്റിസ്‌ ജോസഫ്‌ തന്റെ നിലപാടുകളിൽ സധൈര്യം ഉറച്ചുനിന്നു. സുപ്രീംകോടതി ജഡ്‌ജിയായിരുന്ന പിതാവ്‌ കെ കെ മാത്യുവിൽ നിന്നും പകർന്നുകിട്ടിയ ധർമബോധവും ആർജവവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.

തെരഞ്ഞെടുപ്പ്‌ കമീഷണർമാരെ നിയമിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിന്നും എടുത്തുമാറ്റിയ ജസ്‌റ്റിസ്‌ ജോസഫിന്റെ വിധിന്യായത്തോട്‌ ജനാധിപത്യം എന്നും കടപ്പെട്ടിരിക്കും. വിദ്വേഷപ്രസംഗത്തിന്‌ എതിരെ നടപടി എടുക്കാത്ത സർക്കാർ സംവിധാനങ്ങളോട്‌ അദ്ദേഹം നിരന്തരം കലഹിച്ചു. ബിൽക്കിസ്‌ ബാനു കേസിലെ പ്രതികളെ വെറുതേവിട്ട നടപടിക്ക്‌ എതിരായ അദ്ദേഹത്തിന്റെ രൂക്ഷവിമർശനങ്ങൾ പ്രകമ്പനം സൃഷ്ടിച്ചു. ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ തന്റെ കളികൂട്ടുകാരൻ കൂടിയായിരുന്നെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ യാത്രയയപ്പ്‌ ചടങ്ങിൽ പറഞ്ഞു.

1972 ആഗസ്‌തിൽ താൻ ഡൽഹിയിലേക്ക്‌ വന്നപ്പോൾ ആദ്യം പരിചയപ്പെട്ടത്‌ ജസ്‌റ്റിസ്‌ ജോസഫിനെയായിരുന്നെന്നും അദ്ദേഹം ഓർമ്മിച്ചു. ജസ്‌റ്റിസ്‌ ജോസഫിന്‌ പുറമേ ജസ്‌റ്റിസുമാരായ അജയ്‌റസ്‌തോഗി, വി രാമസുബ്രഹ്മണ്യൻ എന്നിവർക്കും സുപ്രീംകോടതി യാത്രയയപ്പ്‌ നൽകി. ഇവരും ജൂണിലാണ്‌ വിരമിക്കുന്നത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!