മണിപ്പുർ കലാപം: ഡിവൈഎഫ്ഐ പ്രതിഷേധ റാലി ഇന്ന്, നാളെ 3000 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട്> കേന്ദ്രസർക്കാർ സ്‌പോൺസർ ചെയ്യുന്ന കലാപമാണ് മണിപ്പുരിൽ നടക്കുന്നതെന്ന് ഡിവൈഎഫ്ഐ. മണിപ്പുർ കലാപം അടിച്ചമർത്താൻ കഴിയാത്ത ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും പൊതുയോഗവും ശനിയാഴ്‌ച സംസ്ഥാനത്തുടനീളം 3000 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

മണിപ്പുരിൽ നിന്നും വരുന്ന വാർത്തകൾ നമ്മുടെ രാജ്യം ലോകത്തിനു മുന്നിൽ അങ്ങേയറ്റം അപമാനിക്കപ്പെടുന്നതാണ്. മാസങ്ങളായി ഇവിടെ വംശീയ കലാപം നടക്കുകയാണ് അത് നിയന്ത്രിക്കുവാൻ വേണ്ട യാതൊരു ഇടപെടലും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കലാപം അടിച്ചമർത്തുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്. ഈ കലാപം ഇങ്ങനെ പടരാനും തുടരാനും കാരണം കേന്ദ്ര ഗവൺമെന്റിന്റെ സമീപനങ്ങൾ തന്നെയാണ്. രാജ്യത്തിന്റെ അഭിമാനത്തിന് ഏറെ ക്ഷതമേറ്റ സംഭവമാണ് രണ്ട് സ്ത്രീകളെ  കലാപകാരികൾ നഗ്നരാക്കി നടത്തുകയും അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തത്.

ഇത്ര മാസങ്ങൾ ആയിട്ടും പ്രധാനമന്ത്രി മണിപ്പുർ കലാപത്തിൽ യാതൊരു പ്രതികരണം നടത്തിയിട്ടില്ല കഴിഞ്ഞ ദിവസം ഈ വീഡിയോ പുറത്തു വന്ന ശേഷം മാത്രമാണ് പ്രധാനമന്ത്രി സംഭവം അറിഞ്ഞത്. രാജ്യം കത്തുന്നത് അറിയാത്ത പ്രധാനമന്ത്രി അപമാനമാണ്. രാജ്യത്തുടനീളം വിദ്വേഷ പ്രചരണ പ്രവർത്തനങ്ങൾ നടത്തുവാനും വിദേശരാജ്യങ്ങൾ സന്ദർശിക്കുവാനും സമയമുള്ള പ്രധാനമന്ത്രിക്ക് ഈ രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ ഒന്നും അറിയില്ല എന്നത് അദ്ദേഹം തീർച്ചയായും പരാജയപ്പെട്ടിരിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് എന്നതിന്റെ തെളിവാണെന്നും സനോജ് പറഞ്ഞു.

മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടം ഡിവൈഎഫ്ഐ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ മയക്ക്മരുന്ന് മാഫിയയും  അതിനെ പിന്തുണയ്ക്കുന്ന  സംഘ്പരിവാറും നിരന്തരമായി ആക്രമം നടത്തുകയാണ്. ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴയിൽ അമ്പാടി എന്ന ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗം ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് കൊട്ടേഷൻ സംഘത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ആ മരണത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിൽ മരണപ്പെട്ടു എന്ന് എഴുതുവാൻ മലയാള മനോരമ തയ്യാറായത് ഹീനമായ മാധ്യമ പ്രവർത്തനമാണ്. അമ്പാടിയുടെ മരണത്തെ നീചമായ രീതിയിൽ ചിത്രീകരിച്ച മനോരമ ഇത്തരത്തിലുള്ള വാർത്തകൾ തിരുത്തുവാൻ തയ്യാറാവണം.

ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിന് ഭാഗമായി ഡിവൈഎഫ്ഐ ജൂലൈ 25, 26 തീയതികളിൽ കാൽ ലക്ഷം ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുമെന്നും വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ സുമേഷ്, കെ എം നീനു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!