കൊല്ലം
കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയിൽ അക്രമാസക്തരായി. സാക്ഷിവിസ്‌താരം കഴിഞ്ഞശേഷം ജഡ്‌ജിയെക്കണ്ട് സംസാരിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ കൈവിലങ്ങുകൊണ്ട് ജില്ലാ കോടതിയുടെ ജനൽചില്ല് തകർത്തു. ആന്ധ്ര, കേരള പൊലീസ് സംഘത്തിന്റെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരുന്നു അക്രമം. കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്‌ച ആരംഭിച്ച സാക്ഷിവിസ്താരം കഴിഞ്ഞശേഷമായിരുന്നു സംഭവം.
തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരായ മധുര നെല്ലൂർ ഇസ്മയില്‍പുരം നാലാം തെരുവിൽ അബ്ബാസ് അലി (33), വിശ്വനാഥ് നഗർ സ്വദേശി ഷംസുൻ കരിംരാജ (28), മധുര നെൽപ്പട്ട കരിംഷാ മസ്ജിദിനു സമീപം ഒന്നാം തെരുവിൽ ദാവൂദ് സുലൈമാൻ (28), കിൽമാര തെരുവിൽ ഷംസുദീൻ (29) എന്നിവരെ ആന്ധ്രയിൽനിന്ന് ക്വിക്ക് റെസ്പോൺസ് ടീം ഉൾപ്പെടെ 30 പൊലീസുകാരുടെ സുരക്ഷയിൽ കടപ്പാ ജയിലിൽനിന്ന് തിങ്കളാഴ്‌ച രാവിലെയാണ് കൊല്ലത്ത് എത്തിച്ചത്. 2016 ജൂൺ 15നാണ് കൊല്ലം കലക്ടറേറ്റ് വളപ്പിലെ ജീപ്പിൽ ബോംബ് സ്‌ഫോടനം നടന്നത്. മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും സംഘം സ്ഫോടനം നടത്തിയിരുന്നു.
സാക്ഷിവിസ്‌താരം ആരംഭിച്ചതിനാൽ പ്രതികളെ കേരള പൊലീസിനു കൈമാറി പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിക്കണം. ഇതിനുള്ള നിയമനടപടി പൂർത്തിയാക്കുന്നതിനിടെ ജഡ്‌ജിയെ കാണണമെന്നും സംസാരിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. മൂൻകൂട്ടി അനുമതിയില്ലാത്തതിനാൽ അംഗീകരിക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞപ്പോൾ പ്രതികൾ പ്രകോപിതരായി കോടതിയുടെ ജനൽ കൈവിലങ്ങ് ഉപയോഗിച്ച് തകർത്തു. അക്രമാസക്തരായ പ്രതികളെ കൂടുതൽ പൊലീസെത്തി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി.
കൈമാറ്റ ഉത്തരവ് ലഭിച്ചശേഷം പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. സുരക്ഷാ കാരണങ്ങളാൽ സാക്ഷിവിസ്‌താരത്തിന് ചൊവ്വ മുതൽ പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാക്കിയാൽ മതിയെന്ന പ്രേസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് പ്രതികൾക്കെതിരെ പ്രത്യേകം കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ