‘മടുത്തു, രാഷ്‌ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നു’; കോൺഗ്രസ്‌ നേതാവിന്റെ വൈകാരിക കുറിപ്പ്‌

Spread the love



പെരിന്തൽമണ്ണ> കോൺഗ്രസിന്റെ പോക്കിൽ മനംമടുത്ത് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് മുൻ കെപിസിസി എക്സിക്യൂട്ടീവ് അംഗം. അങ്ങാടിപ്പുറം സ്വദേശി പി രാധാകൃഷ്ണനാണ് കുറിപ്പിട്ടത്. അങ്ങാടിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായും ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു. ജില്ലയിലെ എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായിരുന്നു രാധാകൃഷ്ണൻ.

കുറിപ്പിൽനിന്ന്: ‘ഞാനെന്റെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നു. ആരോടും പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ. മടുത്തിരിക്കുന്നു. മഹത്തായ എന്റെ പ്രസ്ഥാനത്തിന്റെ ഇന്നത്തെ പോക്ക് മനംമടുപ്പിക്കുന്നു. ഏറ്റവും കൂടുതൽ ഇന്നു നടക്കുന്നത് വീതംവയ്പ്പു രാഷ്ട്രീയം. ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ആകുന്നതിൽ എനിക്ക് വിയോജിപ്പില്ല. പക്ഷേ, വർഷങ്ങളായി രാവും പകലും മഴയും വെയിലും മഞ്ഞും സഹിച്ച് പാർടിക്കുവേണ്ടി ആത്മാർഥമായി അധ്വാനിക്കുന്ന കുറേ ആളുകൾ ഉന്നതങ്ങളിൽ പിടിപാടില്ലെന്ന ഒറ്റക്കാരണംകൊണ്ട് അതിക്രൂരമായി പാർശ്വവൽക്കരിക്കപ്പെടുന്നത് ഇനി കാണാൻ വയ്യ. ചുറ്റിനും അവരുടെ കബന്ധങ്ങളാണ് കാണുന്നത്.

തലയില്ലാതെ ചോരയാലിപ്പിച്ച് കിടക്കുന്ന അത്തരം മൃതശരീരങ്ങളുടെ മനംമടുപ്പിക്കുന്ന കാഴ്ചയും ഗന്ധവും എനിക്ക് ഓക്കാനമുണ്ടാക്കുന്നു. ഇനി വയ്യ. അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. 54 കൊല്ലത്തിനിടയിൽ കെഎസ്യു യൂണിറ്റ് സെക്രട്ടറിമുതൽ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംവരെയായി. അധ്യാപകസംഘടനാ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. പല സഹകരണ സംഘങ്ങളുടേയും നേതൃസ്ഥാനത്തിരുന്നു. പാർടി എന്നെ പരിഗണിച്ചില്ലെന്നോ അംഗീകരിച്ചില്ലെന്നോ പരാതിയില്ല. ഇത് എന്റെ കുട്ടികൾക്കുവേണ്ടിയാണ്’. കോൺഗ്രസ് നൽകിയ എല്ലാ സ്ഥാനങ്ങളിൽനിന്നും പിൻവാങ്ങുന്നതായും രാധാകൃഷ്ണൻ പറഞ്ഞു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!