ന്യൂഡൽഹി
കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് പഞ്ചാബ്– -ഹരിയാന അതിർത്തിയായ ഖനൗരിയിൽ അനിശ്ചിതകാല നിരാഹാരം തുടരുന്ന കര്‍ഷകനേതാവ് ജഗജീത് സിങ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. സമരം തിങ്കളാഴ്‌ച 35 ദിവസം പിന്നിട്ടു. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീംകോടതി പഞ്ചാബ് സർക്കാരിന് നൽകിയ അന്ത്യശാസനം ചൊവ്വാഴ്‌ച അവസാനിക്കും.
ബലംപ്രയോഗിച്ച് ദല്ലേവാളിനെ മാറ്റാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾക്കുപിന്നാലെ ഖനൗരിയിൽ കർഷകർ സംഘടിച്ചു. നൂറുകണക്കിന് കർഷകർ ദല്ലേവാൾ നിരാഹാരമനുഷ്‌ഠിക്കുന്ന ടെന്റിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
ഭാരതീയ കിസാൻ യൂണിയൻ (ഏക്‌ത സിദ്ധ്പുർ) പ്രസിഡന്റാണ് ദല്ലേവാള്‍. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നേരിട്ട് ദല്ലേവാളിനെ കണ്ടേക്കും. ദല്ലേവാളിന് വൈദ്യസഹായം നൽകിയില്ലെങ്കിൽ കോടതിഅലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി പഞ്ചാബ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചൊവ്വാഴ്‌ച ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാൻഷു ധൂലിയ എന്നിവയുടെ ബെഞ്ച് കേസ് പരിഗണിക്കും. സംസ്ഥാന മന്ത്രിമാരുടെ സംഘം രണ്ടുതവണ ദല്ലേവാളിനെ കണ്ടെങ്കിലും വൈദ്യസഹായം സ്വീകരിക്കാൻ അദ്ദേഹം തയാറായില്ല.
സംയുക്ത കിസാൻ മോർച്ചയുമായി
3ന് ചർച്ച
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധനയങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന സംയുക്ത കിസാൻ മോർച്ചയെ ചർച്ചയ്‌ക്ക് ക്ഷണിച്ച് സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര സമിതി. റിട്ട. ജസ്റ്റിസ് നവാബ് സിങ് അധ്യക്ഷനായ സമിതിയുടെ ക്ഷണം എസ്‌കെഎം അംഗീകരിച്ചു. ജനുവരി മൂന്നിനാണ് ചർച്ച. ശംഭു അതിർത്തിയിലെ സമരം കണക്കിലെടുത്തായിരുന്നു കാർഷിക രംഗത്തെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ പഞ്ചാബ്–-ഹരിയാന ഹൈക്കോടതി റിട്ട. ജഡ്‌ജിയുടെ നേതൃത്വത്തിൽ സെപ്‌റ്റംബറിൽ സമിതി രൂപീകരിച്ചത്. നേരത്തെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കർഷകർക്ക് നാമമാത്ര പ്രതിദിന വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും എംഎസ്‌പിക്ക് നിയമപരിരക്ഷ നൽകുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്നും സമിതി വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ