ന്യൂഡൽഹി
ബിഹാറിൽ പബ്ലിക് സർവീസ് കമീഷൻ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. അന്വേഷണവും പുനഃപരീക്ഷയും ആവശ്യപ്പെട്ട് പട്‌ന ഗാന്ധിമൈതാനത്ത് പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചു. ലാത്തിച്ചാർജിൽ നിരവധി യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉദ്യോഗാർഥികളെ പൊലീസ് ഓടിച്ചിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിതീഷ്‌കുമാർ സർക്കാരിനെതിരെ ജനരോഷം ശക്തമായി. ആർജെഡി ഉൾപ്പടെയുള്ള പ്രതിപക്ഷപാർടികൾ ശക്തമായി പ്രതിഷേധിച്ചു.
200 സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, 136 ഡിഎസ്‌പി തുടങ്ങി 2,031 തസ്‌തികകളിലേക്കാണ് 13ന് പിഎസ്‌സി പരീക്ഷ നടത്തിയത്. 3,25,000 പേർ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പർ ചില പരീക്ഷാ പരിശീലന സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പരീക്ഷാദിവസം തന്നെ ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. നടപടി ആവശ്യപ്പെട്ട് പട്‌നയിലെ ബാപ്പു പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗാർഥികൾ പരീക്ഷാ ദിവസം പ്രതിഷേധിച്ചിരുന്നു. തുടർന്ന്, ബാപ്പു പരീക്ഷാ കേന്ദ്രത്തിലെ 12,000 ഉദ്യോഗാർഥികൾക്ക് ജനുവരി നാലിന് പുനഃപരീക്ഷ സംഘടിപ്പിക്കുമെന്ന് പിഎസ്‌സി അറിയിച്ചു. എന്നാൽ, ഒറ്റ പരീക്ഷാകേന്ദ്രത്തിൽ മാത്രം പുനഃപരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഉദ്യോഗാർഥികൾ രംഗത്തുണ്ട്.
ബിഹാറിൽ ന്യായമായ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ച യുവജനങ്ങളെ കണ്ണിൽച്ചോരയില്ലാതെ അടിച്ചമർത്തിയ പൊലീസിന്റെയും സർക്കാരിന്റെയും ജനാധിപത്യവിരുദ്ധ നീക്കത്തെ ഡിവൈഎഫ്‌ഐ അപലപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ