ഐപിഎൽ 2025 സീസൺ ആരംഭിക്കാൻ ഇനി മൂന്നാഴ്ചയിൽ താഴെ മാത്രം. പുതിയ സീസണ് മുൻപ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് തിരിച്ചടി ലഭിക്കാൻ സാധ്യതയുള്ളത് ഇക്കാര്യങ്ങളിൽ.
ഹൈലൈറ്റ്:
- 2025 സീസൺ ഐപിഎൽ മാർച്ച് 22 ന് തുടങ്ങും
- സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇക്കുറി ചില അബദ്ധങ്ങൾ കാണിച്ചു
- രാജസ്ഥാന് ചില കാര്യങ്ങളിൽ തിരിച്ചടി ലഭിച്ചേക്കും

മെഗാ താരലേലം കഴിഞ്ഞതോടെ ടീമിൽ വമ്പൻ മാറ്റങ്ങൾ വന്നു. അതേ സമയം ഇക്കുറി ടീമിൽ രാജസ്ഥാൻ നടത്തിയ ചിലനീക്കങ്ങൾ വൻ അബദ്ധമായെന്നാണ് വിലയിരുത്തൽ. ഇത് വരും സീസണിൽ അവർക്ക് തിരിച്ചടിയായേക്കുമെന്ന സൂചനകൾ ശക്തമാണ്. അത്തരത്തിൽ രാജസ്ഥാൻ ഇക്കുറി നടത്തിയ പ്രധാന അബദ്ധ നീക്കങ്ങൾ നോക്കാം.
ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിന് മുൻപ് ഇംഗ്ലീഷ് സൂപ്പർ താരം ജോസ് ബട്ലറെ ടീമിൽ നിന്ന് റിലീസ് ചെയ്യാനുള്ള രാജസ്ഥാൻ റോയൽസിന്റെ നീക്കം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. 2018 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിനായി കളിച്ച ബട്ലർ, 41.08 ബാറ്റിങ് ശരാശരിയിൽ 3055 റൺസാണ് അവർക്കായി നേടിയത്. ഈ കാലയളവിൽ ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായിട്ടും ബട്ലറെ ടീമിൽ നിലനിർത്താതിരുന്നത് രാജസ്ഥാന്റെ മണ്ടത്തരം തന്നെയാണ്. ബട്ലർ ടീമിലുണ്ടാകില്ലെന്ന് ഉറപ്പായിട്ടും ഒരു വിദേശ ഓപ്പണറെ ലേലത്തിൽ നിന്ന് സ്വന്തമാക്കാൻ ശ്രമിക്കാതിരുന്നതിന് വരും സീസണിൽ രാജസ്ഥാൻ റോയൽസ് വലിയ വില കൊടുക്കേണ്ടി വരും.
രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് നിരയിൽ വിദേശ താരമായി ഇത്തവണ ഷിംറോൺ ഹെറ്റ്മെയർ മാത്രമേ ഉള്ളൂ എന്നതാണ് ശ്രദ്ധേയം. മെഗാ ലേലത്തിന് മുൻപ് ഹെറ്റ്മെയറെ ടീമിൽ നിലനിർത്തിയ റോയൽസ്, ലേലത്തിൽ നിന്ന് മൂന്ന് വിദേശ പേസർമാരെയും രണ്ട് വിദേശ സ്പിന്നർമാരെയുമാണ് സ്വന്തമാക്കിയത്. ഒരു ടീമിന് പരമാവധി എട്ട് വിദേശ താരങ്ങളെ വരെ ടീമിൽ ഉൾപ്പെടുത്താമെങ്കിലും ആറ് പേർ മാത്രമാണ് റോയൽസിലുള്ളത്. ഇതിൽ അഞ്ച് പേരും ബൗളർമാരാണ്.
ബാറ്റിങ് നിരയിൽ മികച്ച വിദേശ താരങ്ങൾ ഇല്ലാത്തത് രാജസ്ഥാന്റെ ബാറ്റിങ് നിരയുടെ കരുത്തിനെ ബാധിക്കുമെന്ന കാര്യം ഉറപ്പ്. നിലവിൽ പേപ്പറിൽ രാജസ്ഥാന്റെ ബാറ്റിങ് നിര അല്പം ദുർബലമാണ് എന്നതും ശ്രദ്ധേയം. ഇത് വരും സീസണ് മുൻപ് അവർക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്.
Also Read: രാജസ്ഥാൻ റോയൽസിന് ഇത്തവണ രണ്ട് ഹോം ഗ്രൗണ്ടുകൾ, ടീമിന് രണ്ട് മത്സരങ്ങളുള്ളത് ഈ അഞ്ച് ടീമുകൾക്ക് എതിരെ
ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിന് മുൻപ് രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയ താരങ്ങളിൽ ഒരാളാണ് ധ്രുവ് ജൂറൽ. ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്ററായ താരത്തിന് നിലനിർത്താൻ രാജസ്ഥാൻ മുടക്കിയത് 14 കോടി രൂപയാണ്. ടി20 യിൽ അത്ര കിടിലൻ റെക്കോഡ് അവകാശപ്പെടാനില്ലാത്ത ജൂറലിനെ ഇത്രയും ഉയർന്ന തുകക്ക് നിലനിർത്തിയത് രാജസ്ഥാൻ നടത്തിയ അബദ്ധ നീക്കമെന്ന് അന്ന് തന്നെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ജൂറലിന് പകരം ചഹൽ, ബട്ലർ, ബോൾട്ട് എന്നിവരിൽ ഒരാളെ നിലനിർത്താൻ റോയൽസിന് കഴിഞ്ഞിരുന്നെങ്കിൽ ഇതിലും മികച്ച സ്ക്വാഡ് അവർക്ക് ലഭിച്ചേനെ. ജൂറലിനെ നിലനിർത്തുന്നതിന് മറ്റ് ചില പ്രധാന കളിക്കാരെ റിലീസ് ചെയ്തതും രാജസ്ഥാനെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്.