പെർഫ്യൂമിന്റെ സുഗന്ധം പെട്ടെന്ന് തന്നെ മങ്ങിപ്പോവുന്നു എന്നതാണ് പലരും നേരിടുന്ന പ്രശ്നം. സുഗന്ധം ഏറെ നേരം നിലനിൽക്കാൻ, ധാരാളം പെർഫ്യൂം ഉപയോഗിക്കണമെന്നില്ല. പെർഫ്യൂം നിങ്ങൾ എങ്ങനെ സ്പ്രേ ചെയ്യുന്നു എന്നതിലാണ് ഇതിന്റെ രഹസ്യം ഇരിക്കുന്നത്. പെർഫ്യൂം സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ സഹായിക്കുന്ന ചില നുറുങ്ങുവിദ്യകൾ പരിചയപ്പെടാം.
പെർഫ്യൂം എവിടെ പുരട്ടണം?
സുഗന്ധം ഏറെ നേരം നിലനിൽക്കണമെങ്കിൽ ശരിയായ സ്പോട്ടുകളിൽ പെർഫ്യൂം സ്പ്രേ ചെയ്യണം. ചെവികൾക്ക് പിന്നിൽ, കഴുത്ത്, കൈത്തണ്ട, കൈമുട്ടിന്റെ ഉൾഭാഗം, ഡ്രസ്സ് എന്നിവിടങ്ങളിലാണ് പ്രധാനമായും പെർഫ്യൂം അടിക്കേണ്ടത്.
നിങ്ങളുടെ കൈത്തണ്ടയിലെ പൾസ് പോയിന്റുകൾ സുഗന്ധം പരത്താൻ സഹായിക്കുന്നു. സുഗന്ധം മുകളിലേക്ക് ഉയരാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ കഴുത്തിന്റെ വശങ്ങളിലോ പിൻഭാഗത്തോ പെർഫ്യൂം പുരട്ടുക. ചെവികൾക്ക് പിന്നിൽ അടിക്കുന്നതും സുഗന്ധം ഏറെനേരം നിലനിൽക്കാൻ സഹായിക്കും. മുടിയിൽ പെർഫ്യൂം സ്പ്രേ ചെയ്യുന്നതും സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ സഹായിക്കും.
ജലാംശം കൂടുതലുള്ള ചർമ്മത്തിലാണ് പെർഫ്യൂം കൂടുതൽ നേരം നിലനിൽക്കുക. അതിനാൽ ശരീരം മോയ്സചറൈസ് ചെയ്യാൻ ശ്രമിക്കണം. കുളിച്ചതിന് ശേഷം ശരീരം നന്നായി തുടച്ചതിനുശേഷം പെർഫ്യൂം പുരട്ടുന്നതാണ് നല്ലത്. വൃത്തിയുള്ള ചർമ്മം സുഗന്ധം നന്നായി വ്യാപിക്കാൻ സഹായിക്കും. അമിതമായ അളവിൽ പെർഫ്യൂം ഉപയോഗിക്കരുത്. 2-3 സ്പ്രിറ്റ്സ് മാത്രം മതിയാവും. ചർമ്മത്തിൽ സൗമ്യമായി മാത്രം പെർഫ്യൂം പുരട്ടുക; ഉരസുന്നത് ഒഴിവാക്കുക.
ഈ നുറുങ്ങുവിദ്യകൾ പിന്തുടർന്ന് ശരിയായ സ്ഥലങ്ങളിൽ പെർഫ്യൂം പുരട്ടുന്നതിലൂടെ, ദിവസം മുഴുവൻ സുഗന്ധം നിലനിർത്താൻ സാധിക്കും. ചർമ്മം മോയ്സ്ചറൈസ് ചെയ്യാനും, കുളിച്ചതിന് ശേഷം പെർഫ്യൂം പുരട്ടാനും, അമിതമാവാതെ ശരിയായ അളവിൽ പെർഫ്യൂം ഉപയോഗിക്കാനും ശ്രമിക്കുക.
Read More